തൃശൂരിന് തീരദേശ റെയിൽ: മണ്ഡല വികസന നയരേഖ തയ്യാറാക്കി ബിജെപി!

Divya John
 തൃശൂരിന് തീരദേശ റെയിൽ: മണ്ഡല വികസന നയരേഖ തയ്യാറാക്കി ബിജെപി! മെട്രോമാൻ ഇ ശ്രീധരന്റെ നേതൃത്വത്തിലാണ് വികസന നയരേഖ തയ്യാറാക്കുന്നത്. തൃശ്ശൂരിന്റെ ശാശ്വതമായ വികസനം ലക്ഷ്യമിട്ടുള്ള ആശയങ്ങൾ അവതരിപ്പിക്കാൻ വിളിച്ചുചേർത്ത യോഗം മെട്രോമാൻ ഡോ. ഇ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശ്ശൂർ ലോകസഭാ മണ്ഡലം സ്ഥാനാർഥി സുരേഷ് ഗോപിയും പങ്കെടുത്തു. ലോക്‌സഭ തെരഞ്ഞെടുപ്പിനു മുമ്പായി തൃശൂരിന്റെ സമഗ്ര വികസനത്തിന് പരിപ്രേക്ഷ്യം തയ്യാറാക്കാൻ ബിജെപി. തൃശ്ശൂരിന്റെ റെയിൽവേ വികസനത്തിന് മതിയായ പ്രാധാന്യം നൽകുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രണ്ട് പതിറ്റാണ്ടു മുമ്പ് തൃശ്ശൂരിൽ നിന്ന് ഗുരുവായൂരിൽ എത്തിനിൽക്കുന്ന റെയിൽവേ ലൈൻ തിരുനാവായയിലേക്ക് ദീർഘപ്പിക്കുന്നതിന് മുൻഗണന കൊടുക്കും.



തൃശ്ശൂർ ഗുരുവായൂർ ലൈൻ ഇരട്ടിപ്പിക്കാനും അതിനോടൊപ്പം തൃശ്ശൂർ തിരുനാവായ ലൈൻ ഹൈസ്പീഡ് റെയിൽ ആക്കി മാറ്റാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വികസന നയരേഖയെക്കുറിച്ച് വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകൾ അവരവരുടെ അഭിപ്രായം യോഗത്തിൽ പറഞ്ഞു. വികസന ചർച്ചയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് തൃശൂരിന്റെ വികസന രേഖയായി ബിജെപി തൃശ്ശൂർ പാർലമെൻറ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഉടൻ പ്രസിദ്ധീകരിക്കും.തൃശ്ശൂർ പൊന്നാനി കോൾ പാടത്തിന്റെ വികസനം ഉൾപ്പെടെ കാർഷികരംഗത്ത് വിവിധ വികസന പദ്ധതികൾ ആവശ്യമാണെന്ന് യോഗത്തിൽ ആവശ്യമുയർന്നു.



തൃശ്ശൂരിലെ അന്തർദേശീയ കൾച്ചറൽ സെന്ററാക്കി ഉയർത്തുകയെന്ന ആശയവും ഉയർന്നു. തൃശ്ശൂരിന് എയിംസ് സാധ്യമാക്കുക, തൃശ്ശൂരിന്റെ കിഴക്കും പടിഞ്ഞാറുമുള്ള ദേശീയപാതകളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാതകളെ നാലുവരിയാക്കി വികസിപ്പിക്കുക എന്നീ നിർദ്ദേശങ്ങളും വന്നു. തൃശ്ശൂർ നഗരത്തിലെ കുടിവെള്ള വിതരണം, ജലമലിനീകരണം തടഞ്ഞ് അതേ ജലം റീസൈക്ലിംഗ് വഴി പുനരുപയോഗത്തിന് വിനിയോഗിക്കുന്ന പദ്ധതി, ടൂറിസം പ്രമോഷന്റെ ഭാഗമായി പൂരങ്ങളെയും ഉത്സവങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതികൾ,



തീരദേശ റെയിൽ തുടങ്ങി വ്യത്യസ്തമായ പദ്ധതികൾ വികസന നയരൂപീകരണ യോഗത്തിൽ അവതരിപ്പിക്കപ്പെട്ടു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുജനങ്ങളെ കാണുമ്പോൾ അവർ മുന്നോട്ടുവെച്ച വികസന നിർദേശങ്ങൾക്ക് മുൻ തൂക്കം നൽകുമെന്ന് യോഗത്തിൽ സംസാരിച്ച സുരേഷ് ഗോപി പറഞ്ഞു. തൃശ്ശൂരിന്റെ സമഗ്ര വികസനം എന്നത് കേരളത്തിന് തന്നെ മാതൃകയാക്കിത്തീർക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

Find Out More:

Related Articles: