മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നു; വിഡി സതീശൻ! ഞങ്ങളുടെ പാർട്ടി ഭരിക്കുമ്പോൾ നീതിക്കും ന്യായത്തിനും വിലയില്ലെന്ന പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണ്. കേസെടുക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും പോലീസിന് മുന്നിൽ ഹാജരാകാൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഇതുവരെ തയാറായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പാലക്കാട് പറഞ്ഞു. നിയമം നടപ്പാക്കേണ്ട മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും നിൽക്കുന്ന ഗൺമാൻമാർ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.കൊല്ലത്ത് ആത്മഹത്യ ചെയ്ത അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യാ കുറിപ്പിലും ശബ്ദസന്ദേശത്തിലും എങ്ങനെയാണ് നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുന്നതെന്ന് വ്യക്തമാണ്. സത്യസന്ധമായി പ്രവർത്തിച്ച എ പി പിയോട് ലീവെടുത്ത് വീട്ടിൽ ഇരിക്കാനാണ് ആവശ്യപ്പെട്ടത്.
കേസുകൾ അട്ടിമറിക്കുന്നതിന് വേണ്ടിയാണിത്. ഞങ്ങളുടെ പാർട്ടിയാണ് സംസ്ഥാന ഭരിക്കുന്നതെന്നാണ് ഭീഷണി. തുടർ ഭരണം സിപിഎമ്മിനെ എത്രത്തോളം ദുഷിപ്പിച്ചു എന്നതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് നീതിന്യായം നടപ്പാക്കുന്നതിന് ശ്രമിച്ച ഒരു വനിത എപിപിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത്. ഞങ്ങളുടെ പാർട്ടിക്കാർ ഭരിക്കുമ്പോൾ നീതിക്കും ന്യായത്തിനും ഒരു വിലയും ഇല്ലെന്ന പ്രഖ്യാപനം കേരളത്തോടുള്ള വെല്ലുവിളിയാണ്. നീതിന്യായം ഉറപ്പാക്കേണ്ട മുഖ്യമന്ത്രിയുടെ ഇടത്തും വലത്തും നിന്ന് ഈ രണ്ട് ഗൺമാൻമാരും നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. അവർ ചെയ്ത ക്രൂരതയ്ക്കും നിയമവിരുദ്ധ നടപടികൾക്കും എതിരെ നിയമപരമായ നടപടികളുമായി ഞങ്ങൾ പിന്നാലെയുണ്ടാകും. ഒരു കാരണവശാലും അവരെ വെറുതെ വിടില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ അത്രയും ക്രൂരമായ ആക്രമണമാണ് നടത്തിയത്.
നീതിന്യായ വ്യവസ്ഥിതിയെ അട്ടിമറിക്കാൻ ശ്രമിച്ചാൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.വിചാരണ സദസിൽ സർക്കാരിനെതിരായ കുറ്റപത്രം ജനങ്ങൾക്ക് മുന്നിൽ യുഡിഎഫ് സമർപ്പിച്ചിട്ടുണ്ട്. നിയമസഭയിലും സർക്കാരിൻറെ നടപടികൾ തലനാരിഴ കീറി പരിശോധിച്ച് അവരുടെ പൊയ്മുഖം തുറന്നു കാട്ടും. ഈ സർക്കാർ സംസ്ഥാനത്തെ എവിടെ എത്തിച്ചിരിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ നിയമസഭയിൽ ലഭിക്കുന്ന അവസരങ്ങളെല്ലാം പ്രതിപക്ഷം പ്രയോജനപ്പെടുത്തും.
അഞ്ച് മാസമായി സമൂഹിക സുരക്ഷാ പെൻഷൻ കിട്ടാതെ കോഴക്കോട് ചക്കിട്ടപ്പാറയിൽ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്തത് ദയനീയമായ കാഴ്ചയാണ്. അടിമാലിയിലെ മറിയ ചേട്ടത്തി പിച്ചച്ചട്ടിയുമായി റോഡിൽ ഇറങ്ങിയപ്പോൾ അവരെ പരിഹസിച്ച് സിപിഎം സൈബർ സംഘങ്ങൾ ആക്രമിക്കുകയും ചെയ്തു. ഇപ്പോൾ ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരനെയും അവർ ആക്രമിക്കാൻ ശ്രമിക്കുകയാണ്. ലക്ഷക്കണക്കിന് പേരാണ് പെൻഷനും ആനുകൂല്യങ്ങളും മുടങ്ങി മരുന്ന് വാങ്ങാനും ജീവിക്കാനും നിവൃത്തി ഇല്ലാതെ കഷ്ടപ്പെടുന്നത്.