ഛത്രപതി ശിവജിയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ നോട്ടിന്റെ ചിത്രം പങ്കുവച്ച് ബിജെപി നേതാവ്! രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും ഐശ്വര്യത്തിനും വേണ്ടി കറൻസികളിൽ ഹിന്ദു ദൈവങ്ങളായ ലക്ഷ്മിയുടേയും ഗണപതിയുടേയും ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തുവന്നതിന് പിന്നാലെയാണ് വ്യാജമായി നിർമിച്ച ചിത്രം പങ്കുവച്ചിരിക്കുന്നത്. ഛത്രപതി ശിവാജിയുടെ ചിത്രം ആലേഖനം ചെയ്ത കറൻസി നോട്ടിന്റെ മാതൃക പങ്കുവച്ച് ബിജെപി നേതാവ്. ബിജെപി നേതാവിന്റെ ട്വീറ്റിന് താഴെ വലിയൊരു ചർച്ചയും ആരംഭിച്ചിട്ടുണ്ട്. ശിവാജിയെ പിന്തുണച്ചുകൊണ്ട്, മറാഠവാദക്കാരും ട്വീറ്റുമായി വന്നിട്ടുണ്ട്. എന്നാൽ, ശിവാജിയുടെ ചിത്രം ഉൾപ്പെടുത്തിയാൽ പ്രാദേശിക സർക്കാരുകളും സമാനമായ വാദം ഉന്നയിച്ച് രംഗത്തുവരുമെന്ന വാദവും ചിലർ ഉന്നയിക്കുന്നുണ്ട്.
അതേസമയം, ശിവാജി മഹാരാജ് ഒരു സംസ്ഥാനത്തിന്റെ മാത്രം ബിംബമല്ലെന്നും രാജ്യത്തിന്റെ മുഴുവൻ ബിംബമാണെന്നും വാദം ഉയർത്തുന്നുണ്ട്. മഹാരാഷ്ട്രയിലെ കൻകാവലി എംഎൽഎ ആയ നിതീഷ് റാണെയാണ് ഇത്തരത്തിൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'ഇത് ആണ് പെർഫെക്ട്' എന്ന ട്വീറ്റിനൊപ്പമാണ് ചിത്രം പങ്കുവച്ചിരുന്നത്.അതേസമയം, കെജ്രിവാളിന്റെ നിർദ്ദേശത്തെ ബിജെപിയിൽ ശക്തമായ അമർഷത്തിന് ഇടവരുത്തിയിട്ടുണ്ട്. മുതിർന്ന നേതാക്കൾ എഎപി അധ്യക്ഷനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമർശനങ്ങൾ ഉന്നയിച്ചിരുന്നത്. കെജ്രിവാൾ നടത്തുന്നത്, തന്റെ സർക്കാരിന്റെ തെറ്റായ ഹിന്ദു വിരുദ്ധ മനോഭാവത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയും ജനങ്ങളെ വിഭജിക്കുന്നതിന് വേണ്ടിയുമുള്ള രാഷ്ട്രീയ നാടകമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉൾപ്പെടുത്തരുതെന്ന് വാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കൈക്കൂലി നൽകുന്നതിനും മദ്യവും മയക്കുമരുന്നും വാങ്ങുന്നതിന് അടക്കം നിരവധി മോശം കാര്യങ്ങൾക്കുമായി ഈ പണം ഉപയോഗിക്കുമെന്നുമാണ് ഇവരുടെ വാദം. ബുധനാഴ്ചയാണ് കെജ്രിവാളിന്റെ വിവാദ പ്രസ്ഥാവനയുണ്ടായത്. ഇന്തോനേഷ്യയെ ഉദാഹരണമായി കാണിച്ചാണ് അദ്ദേഹം വിഷയം അവതരിപ്പിച്ചിരിക്കുന്നത്. ഇന്തോനേഷ്യയ്ക്ക് ഗണപതിയുടെ ചിത്രം നോട്ടിലുൾപ്പെടുത്താമെങ്കിൽ എന്തുകൊണ്ട് നമുക്കായിക്കൂട എന്നായിരുന്നു വാർത്താ സമ്മേളനത്തിൽ അദ്ദേഹം ചോദിച്ചത്.
കെജ്രിവാൾ തന്റെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ ഒരു യു ടേൺ ആണ്. അദ്ദേഹത്തിന്റെ കാപട്യം പ്രകടമായിരിക്കുന്നുവെന്നും ബിജെപി വക്താവ് സംബിത് പത്ര മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. മറ്റ് ബിജെപി നേതാക്കളും എഎപിയുടെ നയത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. രാമക്ഷേത്രത്തെ എതിർത്തവർ പുതിയ മുഖംമൂടിയും ധരിച്ച് രംഗത്തുവന്നിട്ടുണ്ടെന്നാണ് മനോജ് തിവാരി പ്രതികരിച്ചത്.