മഹാസഖ്യം ദേശീയ തലത്തിലേക്കു നീങ്ങുന്നുവോ? നിതീഷ് കുമാറും ലാലു യാദവും സോണിയാ ഗാന്ധിയെ കാണും!
ഈ മാസം ആദ്യം ഡൽഹി സന്ദർശിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സമയത്ത് ചികിത്സക്കായി സോണിയാ ഗാന്ധി വിദേശത്തായിരുന്നു.നിതീഷ് കുമാറിനും തേജസ്വി യാദവിനും പുറമെ മുതിർന്ന പ്രതിപക്ഷ നേതാക്കളായ എൻസിപിയുടെ ശരദ് പവാർ, ശിവസേനയുടെ ഉദ്ധവ് താക്കറെ, ഡിഎംകെയുടെ കനിമൊഴി, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരും റാലിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
അതിന് പുറമെ, മുതിർന്ന ഐഎൻഎൽഡി നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗട്ടാല, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തെലങ്കാനയിലെ കെ ചന്ദ്രശേഖർ റാവു, ടിഡിപിയുടെ ചന്ദ്രബാബു നായിഡു എന്നിവരുൾപ്പെടെ നിരവധി പ്രാദേശിക നേതാക്കൾക്കും യോഗത്തിൽ പങ്കെടുക്കുന്നതിന് ക്ഷണം ലഭിച്ചിട്ടുണ്ട്. അതേസമയം, റാലിയിൽ അവർ പങ്കെടുക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല.നേരത്തെ, 2015ൽ ബിഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇഫ്താർ വിരുന്നിലാണ് നിതീഷ് കുമാറും സോണിയ ഗാന്ധിയും അവസാനമായി കണ്ടുമുട്ടിയത്. എൻഡിഎ സഖ്യം ഉപേക്ഷിച്ച് അദ്ദേഹം മഹാസഖ്യം രൂപീകരിച്ചതിന് പിന്നാലെയായിരുന്നു കോൺഗ്രസ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്.