ഞങ്ങള്കിന്നു ദുർദിനം; മുഖ്യമന്ത്രിയ്ക്ക് മറുപടിയുമായി ബൽറാം! യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസിന് ഇന്ന് ദുർദിനമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വേദിയിൽ ഇരുത്തിക്കൊണ്ടായിരുന്നു പരാമർശം. എന്നാൽ കോൺഗ്രസിന് ദുർദിനം തന്നെയാണെന്നും സന്തോഷിക്കേണ്ടവർക്ക് സന്തോഷിക്കാമെന്നും ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട പരാജയത്തെ പൊതുവേദിയിൽ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം. ആഘോഷിക്കാൻ തോന്നുന്നവർക്ക് ആഘോഷിക്കാമെന്നും ബൽറാം കൂട്ടിച്ചേർത്തു.
വേദിയിൽ പ്രസംഗിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം അടക്കം ചേർത്തായിരുന്നു ബൽറാമിൻ്റെ പോസ്റ്റ്. "ശരിയാണ് സർ, ഞങ്ങൾക്കൊക്കെ ഇന്ന് ദുർദിനം തന്നെയാണ്. ഞങ്ങൾക്ക് അതിൻ്റെ ദുഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവർ സന്തോഷിച്ചാട്ടെ." ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. പാലം തുറന്ന ദിവസം തൻ്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണെന്നായിരുന്നു ചെന്നിത്തല സ്വാഗതപ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ നിങ്ങൾക്ക് ഇന്ന് ദുർദിനമാണല്ലോ എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗത്തിനിടെ പറഞ്ഞത്. യുപിയിലും പഞ്ചാബിലും അടക്കം കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കോൺഗ്രസ് വിജയം പ്രതീക്ഷിച്ച ഗോവയിലും ബിജെപി ഭരണ കൈവിട്ടില്ല.
കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലത്തിൻ്റെ ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഹരിപ്പാട് എംഎൽഎയായ ചെന്നിത്തലയും വേദിയിലുണ്ടായിരുന്നു. യുപി അടക്കമുള്ള അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലം പുറത്തു വരുമ്പോൾ കോൺഗ്രസ് നേരിടുന്നത് ദേശീയചരിത്രത്തിലെ ഏറ്റവും വലിയ പരാജയം. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ തോൽവി ഉറപ്പായതോടെ കോൺഗ്രസ് സർക്കാർ ഭരണത്തിലുള്ള സർക്കാരുകളുടെ എണ്ണം രണ്ടായി ചുരുങ്ങി. മഹാരാഷ്ട്ര അടക്കം മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് സഖ്യസർക്കാരും ഭരണത്തിലുണ്ട്.
ഉത്തരാഖണ്ഡിലും ഗോവയിലും ഭരണത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ടായിരുന്നെങ്കിലും ബിജെപി തരംഗത്തിൽ കണക്കുകൂട്ടലുകൾ തെറ്റി. മറ്റു പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിർത്താത്ത നിലപാട് പല സീറ്റുകളിലും തിരിച്ചടിയായതു കാണാമായിരുന്നു. കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന പഞ്ചാബിൽ എക്സിറ്റ് പോളുകൾ ശരിവെച്ചു കൊണ്ട് ആം ആദ്മി പാർട്ടി തകർപ്പൻ വിജയം നേടി. ബിജെപി മുന്നോട്ടു വെക്കുന്ന കോൺഗ്രസ് മുക്തഭാരതം എന്ന രാഷ്ട്രീയ മുദ്രാവാക്യത്തോട് രാജ്യം അടുക്കുകയാണെന്നതാണ് വാസ്തവം.