എപിഎൽ വിഭാഗക്കാർക്ക് കൊവിഡാനന്തര സൗജന്യ ചികിത്സ നി‍ർത്തിയ തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്!

Divya John
 എപിഎൽ വിഭാഗക്കാർക്ക് കൊവിഡാനന്തര സൗജന്യ ചികിത്സ നി‍ർത്തിയ തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്! സർക്കാരിന്റെ തീരുമാനം ആശ്ചര്യപ്പെടുത്തുകയും ആസ്വസ്ഥനാക്കുകയും ചെയ്യുന്നതായി വിഡി സതീശൻ പറഞ്ഞു. സർക്കാർ ആശുപത്രികളിൽ എപിഎൽ വിഭാഗത്തിൽ പെട്ടവർക്ക് പോസ്റ്റ്‌ കോവിഡ് സൗജന്യ ചികിത്സ നിർത്തലാക്കുവാനുള്ള സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വ്യാപാര, സേവന, വ്യവസായ രംഗത്തുള്ള സംഘടിതവും അസംഘടിതവും ആയ മേഖലകൾ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണ്. ഇവരുടെ ഒക്കെ ദുരിതത്തിന്റെ കണ്ണുനീർ ദിവസവും കാണുന്ന ഭരണാധികാരികൾക്ക് എങ്ങനെ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ കഴിയുന്നു എന്നത് മനസ്സിലാകുന്നില്ല, വിഡി സതീശൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. യാഥാർഥ്യബോധം ഉള്ള ഒരു സർക്കാരിനും ചെയ്യാൻ കഴിയാത്ത തെറ്റായ നടപടിയാണ് ഇത്.





    കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി അതിസമ്പന്നരെ പോലും തകർത്തിരിക്കുകയാണ്. ലക്ഷക്കണക്കിന് ആൾക്കാർ പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്ന ഇക്കാലത്ത് എപിഎല്ലും, ബിപിഎല്ലുമൊക്കെ സാങ്കേതികത്വം മാത്രമാണ്. ജനങ്ങൾ ആത്മഹത്യ മുനമ്പിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ നടപടി ദുരിതമനുഭവിക്കുന്നവന്റെ മുതുകിൽ പിന്നെയും ഭാരം കെട്ടിവയ്ക്കുന്നതിന് തുല്യമാണ്. എത്രയും വേഗം ഈ തീരുമാനം സർക്കാർ പിൻവലിക്കണം, വിഡി സതീശൻ ആവശ്യപ്പെട്ടു. അതേസമയം നേരത്തെ ഡോളർ കടത്തിയെന്ന ഗുരുതര ആരോപണത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മൗനം ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചുവെന്നും ഭയമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തതെന്നും വിഡി സതീശൻ ആരോപിച്ചു.





    ഡോളർക്കടത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചോദ്യോത്തരവേള തുടങ്ങിയത് മുതൽ മുദ്രാവാക്യം വിളിച്ചും ബാനർ ഉയർത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. സഭയിൽ ബാനർ ഉയർത്തുന്നത് ചട്ടവിരുദ്ധമാണെന്നെന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഏറെ നേരം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷം കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശേഷം നിയമസഭയുടെ പ്രധാന പ്രവേശന കവാടത്തിനു മുന്നിൽ അഴിമതി വിരുദ്ധ മതിൽ തീർത്തു.





     മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം സഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതേസമയം ഡോളർ കടത്ത് കേസിൽ കഴിഞ്ഞ ദിവസവും പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി ഇന്നും മൗനം തുടരുകയാണ്. അതിനിടെ, പ്രതിപക്ഷ നേതാവിന് ഡൽഹിയിൽ പോകാനുള്ളത് കൊണ്ടാണ് സഭ ബഹിഷ്‌കരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ അഭാവത്തിൽ, മറ്റു നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഈ സഭാസമ്മേളനം പിരിഞ്ഞു.

Find Out More:

Related Articles: