പാലക്കാട് ഡിസിസിയുടെ അമരക്കാർ ആര്? സാധ്യതാ പട്ടികയിൽ ഈ 3 പേർ! കെപിസിസിക്ക് സമർപ്പിച്ച പട്ടികയിൽ മുൻ എംഎൽഎ വി ടി ബൽറാം, മുൻ എംഎൽഎയും മുൻ ഡിസിസി പ്രസിഡന്റുമായ എ വി ഗോപിനാഥ്, കെപിസിസി ജനറൽ സെക്രട്ടറി എ തങ്കപ്പൻ എന്നവരാണുള്ളത്. ഇതിൽ നിന്നും ആർക്ക് നറുക്കു വീഴുമെന്നാണ് അണികൾ ഉറ്റുനോക്കുന്നത്. വി കെ ശ്രീകണ്ഠൻ എംപി ഒഴിഞ്ഞ പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരുവരുമെന്നതിൽ വ്യക്തതയായില്ല. മൂന്നുപേരുടെ പട്ടികയാണ് ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിട്ടുള്ളതെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാർട്ടിയിൽ കലാപക്കൊടി ഉയർത്തി രംഗത്തുവന്നത് എ വി ഗോപിനാഥാണ്. ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായാണ് ഗോപിനാഥ് കളത്തിലിറങ്ങിയത്.
ഗ്രൂപ്പില്ലാത്തവർക്ക് പാർട്ടിയിൽ സ്ഥാനമില്ലെന്നും തനിക്കൊപ്പം നിന്നവരെയെല്ലാം അച്ചടക്കത്തിന്റെ പേരിൽ നടപടികൾക്ക് വിധേയരാക്കി ഒതുക്കുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഗോപിനാഥ് ഉയർത്തിയത്. പാലക്കാട് മണ്ഡലത്തിൽ ഗോപിനാഥിനുള്ള സ്വാധീനം തിരിച്ചടിയായാൽ ഷാഫി പറമ്പിലിനെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അനുരഞ്ജനത്തിനെത്തി. ഒരു ഘട്ടത്തിൽ പാർട്ടിക്കെതിരെ പരസ്യമായി തെരഞ്ഞെടുപ്പ് രംഗത്തിറങ്ങാൻവരെ ഗോപിനാഥ് തയ്യാറായേക്കുമെന്ന സ്ഥിതിവന്നു. അതോടെ ഗോപിനാഥിനെ അനുനയിപ്പിക്കാൻ അന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റായിരുന്ന കെ സുധാകരൻ നേരിട്ടെത്തി. ഒട്ടുമിക്ക മണ്ഡലങ്ങളിലും പുതുമുഖങ്ങളെയും ചെറുപ്പക്കാരെയും സ്ഥാനാർഥികളാക്കിയിട്ടും കോൺഗ്രസിന്റെ സീറ്റ് പാലക്കാട്ട് മാത്രമായി ഒതുങ്ങി. ബിജെപിയുടെ ഇ ശ്രീധരനോട് വിയർപ്പൊഴുക്കിയാണ് ഷാഫി പറമ്പിൽ ജയിച്ചുകയറിയത്.
അങ്ങനെ നേതൃത്വം ഇടപെട്ട് ഗോപിനാഥിനെ തണുപ്പിച്ച് പാർട്ടിയിൽ നിലനിർത്തിയെങ്കിലും ജില്ലയിൽ കോൺഗ്രസിന് തിരിച്ചടി നേരിടേണ്ടി വന്നു. അങ്ങനെ തൃത്താല മണ്ഡലം കോൺഗ്രസിനെ കൈവിട്ടു. വോട്ട് ചോർച്ച വ്യാപകമായി ഉണ്ടായെന്ന് അണികൾക്കിടയിൽ നിന്നുതന്നെ ആരോപണവും ഉയർന്നു. താഴെതട്ടിൽ പാർട്ടി സംവിധാനങ്ങൾ നിർജീവമായതാണ് പരാജയത്തിന് ആക്കംകൂട്ടിയതെന്ന് കോൺഗ്രസിന്റെ സ്ഥാനാർഥികളായവർ പോലും കെപിസിസി ഉപസമിതിയുടെ തെളിവെടുപ്പിൽ വെളിപ്പെടുത്തിയിരുന്നു.തൃത്താലയിൽ വി ടി ബൽറാമിനെതിരായ പോരാട്ടം ഇടതുപക്ഷം വാശിയോടെ എടുത്തപ്പോൾ കോൺഗ്രസ് പിന്നോട്ടടിക്കപ്പെട്ടു. ഇത്തരമൊരു പ്രതിസന്ധിക്ക് പിറകേയാണ് ഡിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും വി കെ ശ്രീകണ്ഠൻ അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയത്.
ഇനി പകരക്കാരനെ നിശ്ചയിക്കേണ്ടത് ഹൈക്കമാന്റാണ്. രാഹുൽ ഗാന്ധി ഉൾപ്പെടുന്ന ദേശീയ നേതാക്കളുമായി മികച്ച അടുപ്പമുള്ള നേതാവാണ് ബൽറാം. അടുത്തിടെ നഗരത്തിലെ പല സമരങ്ങളുടെയും ഉദ്ഘാടകനായി ബൽറാമിനെയാണ് കണ്ടുവരുന്നത്. നിലവിൽ പാർട്ടികളിലെല്ലാം ഉയർന്നുകേൾക്കുന്ന തലമുറമാറ്റം എന്ന ആശയംകൂടി മുൻനിർത്തിയാൽ കാര്യങ്ങൾ ബൽറാമിന് അനുകൂലമാവണം.കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നോമിനിയാണ് എ വി ഗോപിനാഥ്. തെരഞ്ഞെടുപ്പിന് മുമ്പേ അനുനയിപ്പിക്കാനെത്തിയപ്പോൾ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റപ്പെടുമെങ്കിൽ ഗോപിനാഥിനും നറുക്ക് വീഴാം. എന്നാൽ സ്വന്തം സ്ഥാനത്തിനായല്ല പ്രതികരിച്ചതെന്ന നിലപാടാണ് അവസാനം ഗോപിനാഥ് സ്വീകരിച്ചത്.