ക്രൂരതയുടെ പര്യായമായി പൊലീസ് മാറരുത് – മുഖ്യമന്ത്രി; ‘ശബരിമലയിൽ’ അഭിനന്ദനം
കൊല്ലം ∙ ശബരിമലയിലെ ഇടപെടലിനു പൊലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വര്‍ഗീയ കോമരങ്ങള്‍ ശബരിമലയില്‍ പൊലീസിനെ വേട്ടയാടി. കലാപമുണ്ടാക്കാനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തി. പൊലീസ് സേന ചിലപ്പോള്‍ ദുഷ്പേരുണ്ടാക്കുന്നു. ലോക്കപ്പ് മര്‍ദനം പൊലീസിന്റെ മറ്റൊരു മുഖമായി. അതിന്റെ കാരണം ആലോചിക്കണം. പൊലീസുകാരുടെ ആത്മഹത്യയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉന്നതതലയോഗം വിളിക്കും. കേരള പൊലീസ് അസോസിയേഷൻ (കെപിഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
1957ലെ സർക്കാർ അവസാനിപ്പിച്ച ലോക്കപ്പ് മർദനം അതിക്രൂരമായ രീതിയിൽ വീണ്ടും ഉണ്ടായി. ലോക്കപ്പ് മർദനവും തുടർന്നുള്ള മരണവും പൊലീസിന്റെ മറ്റൊരു മുഖമായി. അതല്ല പൊലീസിന്റെ ശരിയായ മുഖം. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ ഗൗരവമായി കാണണം. അത്തരത്തിലുള്ള സ്വഭാവ വൈകൃതങ്ങൾക്ക് അടിപ്പെടാൻ പാടില്ല. സംസ്കാര ഔന്നിത്യത്തോടെ പ്രവർത്തിക്കണം. പൊലീസിന്റെ മുഖം ക്രൂരതയുടെ പര്യായമായി മാറാൻ പാടില്ല. നടക്കാൻ പാടില്ലാത്തതും ചട്ടവിരുദ്ധമായുള്ളതും സ്റ്റേഷനിൽ ഉണ്ടാകാൻ പാടില്ല. എല്ലാ പൊലീസുകാരും പൊതുവായ ചട്ടം പാലിക്കാൻ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസനം വരുമ്പോൾ ചെറിയ വിഭാഗത്തിനു ചില ബുദ്ധിമുട്ടുകളുണ്ടാകുമെന്നും അതിന്റെ പേരിൽ പദ്ധതി ഉപേക്ഷിക്കാനാകില്ലെന്നു മുഖ്യമന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു. പദ്ധതികൾ ഉപേക്ഷിക്കുന്നത് നാടിന്റെ വികസനം തടസപ്പെടുത്തും. ജനസാന്ദ്രത കൂടുതലും എന്നാൽ വീതി കുറഞ്ഞ റോഡുമാണ് നാടിന്റെ പ്രധാന പ്രശ്നം. ദേശിയപാത വികസനത്തിൽ നിന്ന് ഒരിഞ്ചു പിന്നോട്ടു പോകാനാകില്ല. പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ കോന്നി – റാന്നി– പ്ലാച്ചേരി റീച്ചിന്റെ നിർമാണ ഉദ്ഘാടനം കോന്നിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.