ഭ്രമിപ്പിക്കും ഭ്രമയുഗം!

Divya John
 ഭ്രമിപ്പിക്കും ഭ്രമയുഗം! കലിയുഗത്തിലെ അപഭ്രംശമായൊരു ഭ്രമയുഗമാണിത്. ഈ യുഗത്തിൽ ദൈവമില്ല ചാത്തൻ മാത്രമേയുള്ളു. ദൈവം ഇടംവിട്ടുപോയിടത്ത് ചാത്തനാണ് വാഴുന്നത്, വാഴ്ത്തുന്നത്, വീഴ്ത്തുന്നത്. ഇത് ഭ്രമയുഗം! ആരാണിയാൾ- കൊടുമൺ പോറ്റിയോ ചാത്തനോ? എന്തായാലും അയാൾ മമ്മൂട്ടിയല്ല, മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇത്ര നെഗറ്റീവാകാൻ കഴിയില്ല, ഇങ്ങനെ ഭ്രാന്തമായും ക്രൂരമായും ചിരിക്കാനും പെരുമാറാനുമാകില്ല. മമ്മൂട്ടി എന്ന നടന്റെ അഭിനയ വൈഭവം പ്രകടമാക്കുന്ന തുടർച്ചയായ മറ്റൊരു ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ പോറ്റി മാത്രമല്ല ഒപ്പം വരുന്ന അർജുൻ അശോകന്റെ തേവനും സിദ്ധാർഥ് ഭരതന്റെ അടുക്കളക്കാരനും കൂടി ഒന്നിനൊന്ന് മെച്ചമായി വെള്ളിത്തിരയിലവതരിക്കുന്നു.



ഇവർ മൂന്നുപേരെ കൂടാതെ മണികണ്ഠൻ ആചാരിയുടെ കേളുവും അമൽഡ ലിസിന്റെ യക്ഷിയും കൂടിയായാൽ ഭ്രമയുഗത്തിലെ കഥാപാത്രങ്ങൾ പൂർത്തിയായി. ആകെ അഞ്ചു കഥാപാത്രങ്ങൾ. അതിൽ മൂന്നുപേരാണ് പ്രധാനമായും രംഗത്തുള്ളത്. തീർന്നില്ല, രണ്ടുപേർ കൂടിയുണ്ട്- കൊടുമൺ മനയും നിശ്ചലമായിപ്പോയ കാലവും. അവയും ഈ സിനിമയിൽ അതിഗംഭീരമായ വേഷമാണ് ചെയ്തിരിക്കുന്നത്. ഉറപ്പാണ്, രണ്ടാം പകുതിയും കഴിഞ്ഞ് സ്‌ക്രീനിൽ ടൈറ്റിൽ കാണിക്കുമ്പോൾ, അത്രയും നേരം കണ്ട സിനിമയുടെ അനുഭവം മുഴുവൻ പശ്ചാതല സംഗീതമായി തിയേറ്ററിൽ നിറയുമ്പോൾ നിങ്ങൾക്ക് സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ സാധിക്കില്ല. കൊടുമൺ പോറ്റിയുടെ മനയിലേക്കുള്ള പടിപ്പുര കടന്നെത്തിയ തേവനേയും അടുക്കളക്കാരനേയും പോലെ നിങ്ങളും പുറത്തു കടക്കാനാവാത്ത വിധത്തിൽ ബന്ധിപ്പിക്കപ്പെട്ടു പോയിട്ടുണ്ടാവും. മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരൻ ടി ഡി രാമകൃഷ്ണന്റെ രചന അദ്ദേഹത്തിന്റെ സാഹിത്യകൃതി പോലെ മനോഹരമായ ഭാഷയിലാണ് തയ്യാറാക്കിയിരിക്കുന്നത്.



സംഭാഷണ രചനയിൽ അദ്ദേഹത്തിന്റെ മികവ് ഏറെ പ്രകടമായിട്ടുണ്ട്. പരസ്പരമുള്ള സംഭാഷണങ്ങൾ വാക്കുകൾ കോർത്തുവെച്ച് എഴുതുകയും അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു ഭ്രമയുഗത്തിൽ.ക്രിസ്റ്റോസേവ്യറിന്റെ സംഗീതമാണ് ഭ്രമയുഗത്തിലെ മറ്റൊരു ഭീകരൻ. കഥയും ദൃശ്യങ്ങളും ആവശ്യപ്പെടുന്ന സംഗീതം വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകന്റെ കാതിലേക്കെത്തുമ്പോൾ ഹൊറർ സിനിമയുടെ എല്ലാ ഭാവങ്ങളും ആസ്വദിക്കാനാവും.പതിയെ സഞ്ചരിക്കുന്ന ആദ്യ പകുതി ക്ഷമയോടെ കണ്ടിരിക്കുന്നവർക്ക് മുമ്പിൽ മാത്രമേ അത്ഭുതങ്ങളുടെ രണ്ടാം പകുതി തുറന്നു കിട്ടുകയുള്ളു. കാടും മേടും മലയും പുഴയും വെള്ളച്ചാട്ടവും മനയും ഭീകരതയും നിറഞ്ഞ ഒന്നാം പകുതി തീരുമ്പോൾ മന മാത്രമായ രണ്ടാം പാതിയിലെത്തും. പിന്നെ അതൊരു ലോകമാണ്. അർജുൻ അശോകനെന്ന നടന്റെ കരിയറിൽ ഒരുപക്ഷേ ഇനി ഇതുപോലൊരു കഥാപാത്രം ചെയ്യാനായെന്ന് വരില്ല. മമ്മൂട്ടിയെന്ന അതികായനോട് നേരെ എതിർ ഭാഗത്ത് മമ്മൂട്ടിയേക്കാൾ സമയം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന തേവനാണവൻ. അടിയാനായതുകൊണ്ടാണ് അവൻ തേവനായത്, അല്ലായിരുന്നെങ്കിൽ ദേവൻ തന്നെ ആയേനേ. മനയെ രക്ഷിക്കാൻ അറിയാതെയെത്തുന്ന ദേവൻ!

Find Out More:

Related Articles: