മലപ്പുറം ഡിസിസി പ്രസിഡൻ്റ് ചർച്ച വീണ്ടും സജീവമാകുന്നു!

Divya John
മലപ്പുറം ഡിസിസി പ്രസിഡൻ്റ് ചർച്ച വീണ്ടും സജീവമാകുന്നു! നേരത്തെ താൽകാലിക ഡിസിസി പ്രസിഡൻ്റായി, 12 ദിവസത്തിനകം മാറിയ ആര്യാടൻ ഷൗക്കത്തിന് തന്നെയാണ് കൂടുതൽ സാധ്യത. എന്നാൽ മുസ്ലീം ലീഗിന് ഷൗക്കത്തിനോട് താൽപര്യമില്ലെന്നാരോപിച്ച് സ്ഥാനത്തിനുവേണ്ടി മറ്റു ചില നേതാക്കളും രംഗത്തുണ്ട്.വി വി പ്രകാശിൻ്റെ നിര്യാണത്തോടെ ഒഴിവു വന്ന മലപ്പുറം ഡിസിസി പ്രസിഡൻ്റ് സ്ഥാനത്തിനുവേണ്ടി ചർച്ചകൾ തകൃതിയായി.നിലമ്പൂരിൽ മത്സരിക്കാൻ രംഗത്തുണ്ടായിരുന്ന ഷൗക്കത്തിനേയും പ്രകാശിനേയും അനുനയിപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്തരത്തിലൊരു തീരുമാനം എടുത്തിരുന്നത്. തുടർന്ന് തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ ഷൗക്കത്തിനെ മാറ്റി വീണ്ടും വി വി പ്രകാശിനെ തന്നെ ഡിസിസി പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു.


ഈ സമയത്ത് ഉമ്മൻ ചാണ്ടി കൊവിഡ് ചികിത്സയിലായിരുന്നതിനാൽ വിവരം അറിഞ്ഞിട്ടില്ലെന്നാണു പിന്നീട് അറിയിച്ചതെന്നാണ് വിവരം. തുടർന്നു ഉടൻ തന്നെ ഷൗക്കത്തിന് ഡിസിസി പ്രസിഡന്റ് സ്ഥാനം തിരിച്ചു നൽകാൻ നടപടിയുണ്ടാകുമെന്ന് നേതൃ തലത്തിൽ നിന്നും അറിയിച്ചതിനു പിന്നാലെയായിരുന്നു പ്രകാശിൻ്റെ മരണം. ഉമ്മൻ ചാണ്ടിയും രമേശ്‌ ചെന്നിത്തലയുമാണ് നേരത്തെ നിലമ്പൂർ സ്ഥാനാർഥി ചർച്ചകളുടെ ഭാഗമായി ഷൗക്കത്തിനെ ഡിസിസി പ്രസിഡൻ്റായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ സമയത്ത് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ചർച്ച ചെയ്യാതെ തീരുമാനമെടുത്തു എന്നാരോപിച്ചാണ് മുല്ലപ്പള്ളി ഇടപെട്ട് അന്നു പ്രഖ്യാപിച്ച ഡിസിസി പ്രസിഡൻ്റിനെ ദിവസങ്ങൾക്കുള്ളിൽ തന്നെ മാറ്റിയത്.


വി സുധാകരൻ, വി എ കരീം തുടങ്ങിയവരുടെ പേരുകളാണ് ഈ വിഭാഗം ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നത്. സേവ് കോൺഗ്രസ് മലപ്പുറം എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഇത് സംബന്ധിച്ച ആദ്യ ചർച്ചകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ഗ്രൂപ്പിലും ആര്യാടൻ ഷൗക്കത്തിന് വേണ്ടിയും ചിലർ ശബ്ദിക്കുന്നുണ്ട്. വി സുധാകരനും വി എ കരീമും മുസ്ലീം ലീഗുമായി ഏറ്റവും അടുത്തുനിൽക്കുന്ന രണ്ട് പേരാണ്.അതേസമയം ഡിസിസി പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലി സേവ് കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ ഇതു സംബന്ധിച്ച പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. 


തുടക്കം മുതലേ ആര്യാടൻ ഷൗക്കത്തിൻ്റെ പേര് ഉയർന്നുവരാതിരിക്കാനുള്ള ശ്രദ്ധാപൂർവമായ നീക്കമാണ് ഇക്കൂട്ടർ നടത്തുന്നത്. തെരഞ്ഞെടുപ്പിൽ പരാചയപ്പെട്ട് ഈ അവസ്ഥയിൽ നിൽക്കുമ്പോഴും ഗ്രൂപ്പ് തിരിഞ്ഞ് നേതാവിനെ തെരഞ്ഞെടുക്കുന്ന രീതി മാറിയിട്ടില്ലെന്നും ചിലർ കുറ്റപ്പെടുത്തു. വിവി പ്രകാശിന്റെ ചിതയടങ്ങിയിട്ട് പോരെ പുതിയ നേതാവിനെ തീരുമാനിക്കലും അതിൻ്റെ പേരിലുള്ള ഗ്രൂപ്പുതർക്കങ്ങളും എന്ന് ചോദിക്കുന്നവരുമുണ്ട്.

Find Out More:

Related Articles: