എന്റെ കുഞ്ഞനിയത്തി, എന്നും നിന്നെ ഞാൻ ഓർമ്മിക്കുന്നു; രാധികയുടെ ഓർമ്മയിൽ ഗായിക സുജാത!

Divya John
 എന്റെ കുഞ്ഞനിയത്തി, എന്നും നിന്നെ ഞാൻ ഓർമ്മിക്കുന്നു; രാധികയുടെ ഓർമ്മയിൽ ഗായിക സുജാത! 2015 സെപ്റ്റംബർ 20 നായിരുന്നു ഗായിക രാധിക തിലകിന്റെ മരണം. സിനിമാ ലോകത്തെ വലിയൊരു വിടവ് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു അത്. ക്യാൻസർ രോഗം പിടിപെട്ട് രാധിക ഈ ലോകത്തോട് വിട പറഞ്ഞെങ്കിലും ജീവിച്ചു കൊതിതീരാത്ത മരിച്ച കലാകാരി എന്നാണ് രാധികയെ ഇന്നും കേരളക്കര ഓർത്തിരിക്കുന്നത്. പാടിത്തീരാതെ പോയ ഒരു പാട്ട് പോലെ ആയിരുന്നു രാധികയുടെ ജീവിതം. സംഗീത പാരമ്പര്യമുള്ള എറണാകുളം രവിപുരത്തെ ശ്രീകണ്ഠത്ത് കുടുംബത്തിലാണ് രാധിക തിലക് ജനിച്ചത്. എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായാണ് രാധികയുടെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മഹാത്മാഗാന്ധി യുവജനോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിക്കൊണ്ടായിരുന്നു ഗായികയായി സംഗീത വേദികളിലേക്കുള്ള രാധികയുടെ ആദ്യ ചുവട്.1989ൽ 'പച്ചിലത്തോണി' എന്ന ചിത്രത്തിലൂടെ ഷിബു ചക്രവർത്തിയും ബേണി -ഇഗ്‌നേഷ്യസുമാണ് രാധികയെ മലയാള ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് ചുവടുവയ്പ്പിക്കുന്നത്. ആ ചിത്രത്തിലെ 'പച്ചിലത്തോണിതുഴഞ്ഞ്....' എന്ന് തുടങ്ങുന്ന ഗാനം രാധിക മനോഹമാക്കിയെങ്കിലും ആ സിനിമ വിജയം നേടാത്തതിനാൽ ആ ഗാനം ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീടാണ് രാധികയുടെ കരിയർ തന്നെ മാറ്റി മറിച്ചുകൊണ്ട് 1991ൽ ഇറങ്ങിയ ഒറ്റയാൾ പട്ടാളത്തിലെ 'മായാമഞ്ചലിൽ..' എന്ന രാധിക പാടിയ ഗാനം ഹിറ്റായി മാറുന്നത്. ഗായിക സുജാതയുമായി അധികമാരും അറിയാത്ത ഒരു ബന്ധവും രാധികയ്ക്കുണ്ടായിരുന്നു. രാധികയുടെ വല്യമ്മയുടെ മകളായിരുന്നു സുജാത. സുജാതയുടെ അനിയത്തിയായി തന്നെയാണ് രാധിക മലയാളം സിനിമയിൽ അറിയപ്പെട്ടിരുന്നതും.
പിന്നീട് സ്റ്റേജ് ഷോകളിലൂടെയും കാസറ്റുകളിലൂടെയും രാധികയുടെ സ്വരമാധുരി മലയാളിയുടെ മനസ്സിൽ ഇടംപിടിച്ചു.രാധിക മരിച്ച നാൾ മുതൽ ഓരോ വർഷവും തന്റെ പ്രീയപ്പെട്ട അനിയത്തിയെ ഓർമ്മിച്ചുകൊണ്ട് ഗായിക സുജാത പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. ഇന്നും മുടങ്ങാതെ സുജാത ഒരു ഹൃദയസ്പർശിയായ കുറിപ്പും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയും പങ്കുവച്ചിരിക്കുകയാണ്. "എന്റെ കുഞ്ഞനിയത്തി, നിന്നെക്കുറിച്ചുള്ള നല്ല ഓർമ്മകൾ ഇല്ലാതെ എന്റെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല" എന്നാണ് രാധികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുജാത എഴുതിയിരിക്കുന്നത്. രാധിക മലയാള സിനിമ സംഗീതത്തിന്റെ വലിയൊരു നഷ്ടം തന്നെയാണ് എന്നാണ് ചിത്രത്തിന് താഴെ ആരാധകരും കുറിക്കുന്നത്. മായാമഞ്ചലിൽ എന്ന ഗാനത്തിന്റെ ട്രാക്ക് പാടാൻ എത്തിയ രാധികയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയ അവസരം ആയിരുന്നു ആ ഗാനം ആലപിക്കുവാൻ. താൻ വിചാരിച്ചതിനേക്കാൾ മനോഹരമായി രാധിക ആ പാട്ട് പാടിയപ്പോൾ അത് രാധികയ്ക്ക് തന്നെ കൊടുക്കുവാൻ സംഗീത സംവിധായകൻ ശരത് എടുത്ത തീരുമാനത്തിൽ നിന്നും ആയിരുന്നു മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ആ ഗായികയെ നമുക്ക് കിട്ടിയത്. തന്റെ റോൾ മോഡലെന്നും സുജ ചേച്ചി ആണെന്ന് അന്നൊക്കെ രാധിക പറയുമായിരുന്നു.

Find Out More:

Related Articles: