മദ്യത്തിന്റെ ദൂഷ്യവശങ്ങളുമായി 'ആനന്ദം പരമാനന്ദം'! മദ്യത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് പറയുന്ന സോദ്ദേശ്യ സിനിമയെന്നോ ഗുണപാഠ കഥയെന്നോ വിശേഷിപ്പിക്കാം എം സിന്ധുരാജിന്റെ രചനയിൽ ഷാഫി സംവിധാനം നിർവഹിച്ച ആനന്ദം പരമാനന്ദം എന്ന ചിത്രത്തെ. ഒരു ശുദ്ധാത്മാവിന്റെ കഥ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ സിനിമയുടെ ടൈറ്റിൽ കുറിച്ചിരിക്കുന്നത് തന്നെ നുരഞ്ഞു പൊങ്ങുന്ന കള്ളും കുടത്തിന് പുറത്താണ്. അതിൽ തന്നെ പ്രേക്ഷകന് സംഗതി ബോധ്യപ്പെടും.ഇന്ദ്രൻസിന്റെ കാട്ടിലെ പറമ്പിൽ ദിവാകരക്കുറുപ്പോ ഷറഫുദ്ദീന്റെ ഗിരീഷ് പി പിയോ അല്ല ആനന്ദം പരമാനന്ദത്തിലെ നായകനും വില്ലനും. ഈ രണ്ട് വേഷവും കൈകാര്യം ചെയ്യുന്നത് മദ്യമാണ്. ശരാശരി പ്രേക്ഷകന് ഗൗരവമായ നിരീക്ഷണത്തിന്റേയോ ചിന്താഭാരത്തിന്റെയോ യാതൊരു അലോസരങ്ങളുമില്ലാതെ കണ്ടിരിക്കാനാവും ഈ സിനിമ. എങ്കിലും ഷാഫിയുടെ മറ്റ് പല സിനിമകളിലേതുപോലുള്ള ഭയങ്കര തമാശയോ വയറുപൊട്ടും വരെ ചിരിക്കാനോ ഉദ്ദേശിച്ച് പോകുന്നവർക്ക് നിരാശയാകും ഫലം.
സാധാരണ ജീവിതത്തിലെ വളരെ നേർത്ത തമാശകൾ മാത്രമാണ് ഈ ചിത്രത്തിലുള്ളത്. ഒരു ശുദ്ധാത്മാവിന്റെ കഥയെന്ന ടാഗ് ലൈൻ പോലെ വളരെ ശുദ്ധമായ ഉദ്ദേശത്തോടെ മാത്രം സിനിമയെ സമീപിച്ച ചില ആത്മാക്കളുടെ സൃഷ്ടിയാണീ ചിത്രം. അതിമനോഹരമായ പാലക്കാടൻ ഗ്രാമവും അവിടുത്തെ വീടുകളും പുഴയും പുഴയോരത്തെ ചക്കരപ്പന്തൽ കള്ളുഷാപ്പും ചെറിയൊരു അങ്ങാടിയും ദൂരെ നീലമലയും മലയെ തൊട്ടുപാറുന്ന മേഘങ്ങളും അതിനെല്ലാം മുകളിൽ നിറഞ്ഞു നിൽക്കുന്ന ആകാശവുമൊക്കെ ചേർന്ന് ഗ്രാമീണ ഭംഗി വേണ്ടുവോളമുണ്ട് വെള്ളിത്തിരയിലെ കാഴ്ചകളിലെല്ലാം. കുടുംബത്തോട് വലിയ സ്നേഹമായിരുന്നെങ്കിലും കള്ളുകുടി നിർത്തണമെന്ന മകൾ അനുപമയുടെ ആവശ്യം മാത്രം അയാൾക്ക് നിറവേറ്റാനാകുന്നില്ല. അതോടെ മറ്റൊരു കൊടും മദ്യപാനിയും അമ്മയുടെ ശിഷ്യനുമായ ഗിരീഷ് പി പിയെ വിവാഹം ചെയ്യാൻ അനുപമ തയ്യാറെടുക്കുകയാണ്.
നിർത്താനാവാത്ത കള്ളുകുടിയെ തുടർന്ന് തനിക്കും ഭാര്യയ്ക്കുമുണ്ടായ അവസ്ഥ മകൾക്കുമുണ്ടാകരുതെന്ന് കരുതി അയാൾ അനുപമയെ ഗിരീഷുമായുള്ള വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അത് സാധിക്കുന്നില്ല. പോസ്റ്റ്മാനായ ദിവാകരക്കുറുപ്പ് വിവിധ നാടുകളിൽ കത്തുകൾ കൊടുത്ത് നടന്നു മടുത്തപ്പോഴാണ് വി ആർ എസ് എടുത്ത് വീട്ടിലേക്ക് മടങ്ങിയത്. വി ആർ എസ് എടുത്തപ്പോൾ കിട്ടിയ വലിയ തുക ഉപയോഗിച്ച് അയാൾ രണ്ട് കടമുറികൾ വാങ്ങിയിട്ട് മകൾ അനുപമയുടെ പേരിൽ ടെക്സ്റ്റൈൽസ് ആരംഭിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ കടമുറി വാങ്ങിയതല്ലാതെ ബാക്കിയുള്ള തുകയിൽ ഭൂരിപക്ഷവും അയാൾ പ്രതിദിനം കള്ളുഷാപ്പിൽ കൊടുക്കാനാണ് ഉപയോഗിച്ചിരുന്നത്. അയാളൊരു മുഴുക്കുടിയനാണെങ്കിലും എല്ലാവരോടും നല്ല സ്നേഹമുള്ളയാളായിരുന്നു.
അതുകൊണ്ടാണല്ലോ അളിയൻ സുധീറിന് മൂന്നു ലക്ഷവും മകളെ കെട്ടിക്കാൻ വേണ്ടി സ്ഥലം വിൽപ്പന നടത്തി കിട്ടിയ സ്ഥലത്തിന്റെ 18 ലക്ഷം രൂപ ഉപേന്ദ്രൻ മാഷിന്റെ വീടിന് ജപ്തി നോട്ടീസ് വന്നപ്പോൾ സഹായിക്കാൻ കൊടുത്തതും പണിയില്ലാതെ കള്ളുഷാപ്പിൽ കരഞ്ഞിരുന്ന ശിൽപിക്ക് സ്വന്തം പ്രതിമയുണ്ടാക്കാൻ പണം നൽകിയതും. ഈ തുക മകൻ ഹരിയോട് കുറുപ്പ് ചോദിക്കുന്നുണ്ടെങ്കിലും അങ്ങനെയൊരു തുക വാങ്ങിയ കാര്യം അറിയാത്ത രീതിയിൽ ഹരി പെരുമാറുന്നതോടെ ദിവാകരക്കുറുപ്പ് തളർന്നു പോകുന്നു. തന്റെ മകളും സമ്പാദ്യവുമെല്ലാം കണക്കുകൂട്ടലുകൾക്കപ്പുറം നഷ്ടമായെന്ന തിരിച്ചറിവിലാണ് ദിവാകരക്കുറുപ്പ് ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തത്. പോസ്റ്റുമാനായ ദിവാകരക്കുറുപ്പ് തന്റെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളെല്ലാം പല കത്തുകളായി എഴുതിവെക്കുകയും അത് പലരെയായി ഏൽപ്പിക്കുകയും ചെയ്തതിലൂടെയാണ് പിന്നീട് കഥ വികസിക്കുന്നത്.