ചിറകുകൾ ഉയർത്തി പ്യാലി! 'ഒരിക്കലും ശിശുക്കളെ നിങ്ങളെപ്പോലെയാക്കാൻ നോക്കരുതെ'ന്ന ഖലീൽ ജിബ്രാൻറെ വാക്കുകളും ഇതോടൊപ്പം ചേർത്തുവായിക്കണം. പറഞ്ഞു വന്നത് 'പ്യാലി' എന്ന ഒരു കൊച്ചു സിനിമയ്ക്ക് ആമുഖമായാണ്. ഇതിലെ പ്രധാന കഥാപാത്രങ്ങൾ കുട്ടികളാണെങ്കിലും ഇതിൽ പറഞ്ഞുവയ്ക്കുന്ന പലതും മുതിർന്നവർക്കുകൂടിയായുള്ളതാണ്. 'നിങ്ങൾ ശിശുക്കളെപ്പോലെയാകുവിൻ', ബൈബിളിൽ ജീസസിൻറെ വാക്കുകളായി രേഖപ്പെടുത്തപ്പെട്ട വാചകമാണിത്.ഒരു ബലൂൺ കച്ചവടക്കാരനിൽ നിന്ന് സിയ ബലൂൺ വാങ്ങിക്കുന്നിടത്തു നിന്നാണ് സിനിമയുടെ ആരംഭം. ബലൂൺ ആകാശത്തേക്ക് പൊങ്ങി പറക്കുന്നത് നോക്കി പ്യാലി സിയയോട് പറയുന്നത്, സിയ എനിക്കും പറക്കണം എന്നാണ്. ഇവിടെ നിന്നങ്ങോട്ട് ചേട്ടനും അനിയത്തിയും തമ്മിലുള്ള സ്നേഹവും കരുതലുമൊക്കെയാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. ബോളിവുഡിൽ ഉൾപ്പെടെ തിളങ്ങിയ ബാലതാരം ബാർബീ ശർമ്മയും ജോർജ് ജേക്കബുമാണ് പ്യാലിയും സിയയുമായി സ്ക്രീനിൽ തിളങ്ങിയത്.
പുതുമുഖങ്ങളെങ്കിലും ഇരുവരുടേയും പ്രകടനം ഏറെ ഹൃദയസ്പർശിയാണ്, കൈയ്യടി നേടുന്നതുമാണ്. പ്യാലി എന്ന അഞ്ച് വയസുകാരിയായ പെൺകുട്ടിയും അവളുടെ ചേട്ടൻ സിയയും തമ്മിലുള്ള സ്നേഹബന്ധത്തിൻറേയും അവരുടെ അതിജീവനത്തിൻറേയും കഥയാണ് 'പ്യാലി' എന്ന സിനിമ പറയുന്നത്.പ്യാലി ആണ് അവൻറെ ജീവനും ജീവിതവും. കുഞ്ഞനിയത്തിയുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാനായി, അവളുടെ സന്തോഷത്തിനായി പോലുമാണ് സിയ പണിയെടുക്കുന്നത്. സിയയോടൊപ്പം എന്തിനും കൂടെ സുഹൃത്ത് സഹീറുമുണ്ട്. ഒരു പ്രത്യേക സാഹചര്യത്തിൽ സിയയ്ക്ക് പ്യാലിയേയും കൂട്ടി തങ്ങൾ അത്രയും നാൾ ജീവിച്ച സ്ഥലം വിട്ട് പോകേണ്ടി വരികയാണ്. പുതിയ ലോകവും, പുതിയ മനുഷ്യരും, പുതിയ സ്വപ്നങ്ങളുമൊക്കെയായുള്ള അവരുടെ ജീവിതവും യാത്രകളും അതിജീവനവുമൊക്കെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. കശ്മീരികളാണ് പ്യാലിയുടേയും സിയയുടേയും മാതാപിതാക്കൾ.
കേരളത്തിൽവെച്ച് ഒരപകടത്തിൽപ്പെട്ട് ഇരുവരും മരണപ്പെടുകയുമാണ്. അങ്ങനെ പഠിച്ചു നടക്കേണ്ട പ്രായത്തിൽ വലിയൊരു ഉത്തരവാദിത്തം തൻറെ ചുമലുകളിൽ ഏൽക്കുകയാണ് സിയ. അന്യനാട്ടുകാരോട് കേരളത്തിൽ പലരും വെച്ചു പുലർത്തുന്ന മോശമായ ചില സമീപനങ്ങളെ കൂടി വരച്ചു കാട്ടുന്നുമുണ്ട് സിനിമ. റിയലിസ്റ്റിക് സിനിമകളുടേയും ആക്ഷൻ മാസ് സിനിമകളുടേയും ഹൊറർ, ഡാർക്ക് സിനിമകളുടെയൊക്കെ ഇടയിലും ഈയൊരു കൊച്ചുചിത്രം ഏറെ വേറിട്ട് നിൽക്കുന്നതാണ്.
നവാഗതരായ ബബിതയും ഭർത്താവ് റിന്നുമാണ് ചിത്രത്തിൻറെ സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നവാഗതരെങ്കിലും ഏറെ ഹൃദ്യമായാണ് ഇവർ ചിത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം എടുത്തു പറയേണ്ട ഒന്നാണ്. ജിജു സണ്ണിയാണ് ഛായാഗ്രഹണമൊരുക്കിയിരിക്കുന്നത്. മുത്തുപോലുള്ള വിഷ്വലുകൾ സിനിമ കണ്ടിറങ്ങുന്നവരുടെ കൂടെപ്പോരുമെന്നുറപ്പാണ്. മനസ്സിലുടക്കുന്നതാണ് പ്രശാന്ത് പിള്ളയൊരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും. ചിത്രത്തിൻറെ കലാസംവിധാനവും പ്രശംസനീയമാണ്.