മഹാരാഷ്ട്രയിലും ബംഗളുരുവിലും കൊറോണ കാരണം കഷ്ട്ട പാടിൽ പെട്ട് ജനങ്ങൾ

Divya John
ഡല്‍ഹിയില്‍ ശനിയാഴ്‍ച 1781 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 110921 ആയി. ഇന്ന് 34 മരണവും രാജ്യ തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‍തു. ഇതോടെ ആകെ മരണസംഖ്യ 3334 ആയി ഉയര്‍ന്നു. ജൂണ്‍ 23-നായിരുന്നു ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 3947 പേര്‍ക്കായിരുന്നു അന്ന് രോഗം ബാധിച്ചത്.

അതേസമയം 2998 പേരാണ് ഇന്ന് ഡല്‍ഹിയില്‍ രോഗമുക്തി നേടിയത്. ഇതുവരെ 87692 പേരാണ് സുഖംപ്രാപിച്ചത്. 79 ശതമാനമാണ് രോഗമുക്തി നിരക്ക്. 21508 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് പരിശോധനയ്ക്ക് വിധേയരായത്. ഇതോടെ ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയാരാക്കിയവരുടെ എണ്ണം 768617 ആയി. പരിശോധനകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്നാണ് ഡല്‍ഹി ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയിലാകെ 639 കണ്ടെയ്‍ന്‍മെന്‍റ് സോണുകളാണുള്ളത്.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ബെംഗളൂരുവില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. നഗര, ഗ്രാമ മേഖലകളില്‍ ഒരാഴ്‍ചത്തേക്കാണ് കര്‍ണാടക സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ജൂലൈ 14-ന് രാത്രി എട്ട് മണി മുതല്‍ 22-ന് രാവിലെ അഞ്ച് മണി വരെയാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. സംസ്ഥാനത്ത് രോഗികളുടെ എണ്ണം അതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിദഗ്‍ധരുടെ നിര്‍ദേശ പ്രകാരം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ പറഞ്ഞു.

അവശ്യ സേവനങ്ങള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുക. ജൂലൈ അഞ്ച് മുതല്‍ ഓഗസ്റ്റ് രണ്ട് വരെ ഞായറാഴ്‍ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ആകെ 36216 പേരാണ് കൊവിഡ് ബാധിതരായത്. 613 പേരാണ് മരിച്ചത്. കര്‍ണാടകയില്‍ ഒരു മന്ത്രി ഉള്‍പ്പെടെ ജനപ്രതിനിധികളും കൊവിഡ് ബാധിതരായിട്ടുമ്ട്. ടൂറിസം വകുപ്പ് മന്ത്രി സിടി രവിക്കും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുമാണ് ശനിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്.

അജയ് സിങ് പ്രസാദ് അബ്ബായ എന്നവരാണ് രോഗബാധിതരായ എംഎല്‍എമാര്‍. മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസ് അടയ്ക്കുകയും ചെയ്‍തു. ലോക്സഭാംഗവും നടിയുമായ സുമലത, എംഎല്‍എ ടിഡി രാജെ ഗൗഡ, എച്ച്ഡി രംഗനാഥ് എന്നിവര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എംഎല്‍സിമാരായ എംകെ പ്രണേഷ്, എസ്എല്‍ ഭോജെഗൗഡ, മുന്‍ എംഎല്‍സി പുട്ടണ്ണ എന്നിവരും രോഗബാധിതരായിരുന്നു.

മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. വെള്ളിയാഴ്‍ച 27,114 പേര്‍ക്കായിരുന്നു രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ പ്രതിദിന രോഗബാധയാണിത്. വെള്ളിയാഴ്‍ച 519 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. രാജ്യത്തെ കൊവിഡ് കേസുകള്‍ എട്ട് ലക്ഷം കടന്നിരിക്കുയാണ്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് രോഗവ്യാപനം നിയന്ത്രണാതീതമായത്.Powered by Froala Editor

Find Out More:

Related Articles: