അയോധ്യ വിധി: അയോധ്യ തർക്ക ഭൂമി ഹിന്ദുക്കൾക്ക്, മുസ്ലീങ്ങൾക്ക് പുറത്തായി 5 ഏക്കർ ഭൂമി നൽകും

Divya John

അയോധ്യ കേസിൽ സുപ്രീംകോടതിയുടെ നിർണ്ണായക വിധി വെളിപ്പെടുത്തി.തര്‍ക്കഭൂമി മുസ്ലിംകള്‍ക്കില്ലെന്ന് സുപ്രീംകോടതി. തർക്കഭൂമി ഹിന്ദുക്കൾക്ക് നൽകും. പള്ളി നിര്‍മിക്കാന്‍ പകരം  അ‍ഞ്ചേക്കര്‍  ഭൂമി നല്‍കണമെന്നും വിധി. മൂന്നുമാസത്തിനുള്ളിൽ ഇതിനായി കേന്ദ്രം പദ്ധതി തയാറാക്കണം. സുന്നി വഖഫ് ബോർഡിന് ഭൂമിയിൽ കൈവശാവകാശം തെളിയിക്കാനായില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അവകാശം തീരുമാനിക്കാനാവില്ലെന്നും ഇതിന് രേഖ ആവശ്യമാണെന്നും പ്രസ്താവത്തിൽ പറയുന്നു. കോടതി തീരുമാനം വിശ്വാസം അനുസരിച്ചല്ല. നിയമം അനുസരിച്ചാണെന്നും വിധിയിൽ പ്രത്യേകം പറയുന്നുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. വിധി ഏകകണ്ഠമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുമെന്നും, വിശ്വാസം അംഗീകരിക്കുമെന്നും  കോടതി പറഞ്ഞു. ഭക്തരുടെ വിശ്വാസം അംഗീകരിക്കാതിരിക്കാന്‍ കോടതിക്കാവില്ല. 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാനായി 2010 ലെ അലഹബാദ് ഹൈക്കോടതി നൽകിയ വിധി സുപ്രീംകോടതി തള്ളി.  വിധിപ്രസ്താവന പരിഗണിച്ച് രാജ്യം അതീവ ജാഗ്രതയിലാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ആരംഭിച്ച ഒരു വലിയ തര്‍ക്കത്തിലാണ് പരമോന്നത കോടതി അന്തിമ തീർപ്പു നിശ്ചയിച്ചത്.ഈ വർഷം ഒക്ടോബർ 16 നാണ് കേസിൽ അന്തിമവാദം പൂർത്തിയായത്. അതിനിടെ, ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും കൺട്രോൾ റൂം തുറന്നു. അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ചരിത്രപരമായ വിധിയെന്ന് ഹിന്ദു മഹാസഭ അഭിഭാഷകൻ വരുൺ കുമാർ സിൻഹ. നാനാത്വത്തിൽ ഏകത്വമെന്ന സന്ദേശമാണ്  വിധി നൽകുന്നതെന്നും വരുൺ കുമാർ.

Find Out More:

Related Articles: