കടുത്ത നിയന്ത്രണങ്ങൾ; ഗുലാം നബി ആസാദിനെ വിമാനത്താവളത്തിൽ തടഞ്ഞു..

Divya John

ന്യൂഡൽഹി ∙ സുരക്ഷാ പ്രശ്‌നം നിലനില്‍ക്കുന്ന ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് എംപി ഗുലാം നബി ആസാദിനെ വിമാനത്താവളത്തിൽ തടഞ്ഞു. രാജ്യസഭയിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാവായ ഗുലാം നബി ആസാദ്, കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് ജമ്മു കശ്മീരിലെത്തിയത്. ശ്രീനഗറിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്.

സുരക്ഷാപ്രശ്നങ്ങൾ ഉന്നയിച്ചാണ് അദ്ദേഹത്തെ വിമാനത്താവളത്തിൽ തടഞ്ഞത്. നേരത്തെ ബിജെപി നേതാവും സുരക്ഷാ ഉപദേഷ്ടാവുമായ അജിത് ഡോവല്‍ കശ്മീ താഴ്​വരിയില്‍ തദ്ദേശീയര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്തുവന്നതിനേയും ഗുലാം നബി ആസാദ് വിമര്‍ശിച്ചിരുന്നു. പണം കൊടുത്താല്‍ ആരെയാണ് ബിജെപിക്ക് വിലയ്ക്കെടുക്കാന്‍ കഴിയാത്തത് എന്നായിരുന്നു ഗുലാം നബി ആസാദിന്റെ വിമര്‍ശനം.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു തിരിച്ചടിയെന്നോണം പാക്കിസ്ഥാൻ സ്വീകരിച്ച നടപടികളിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ രംഗത്തു വന്നിരുന്നു. ജമ്മു കശ്മീരും ആർട്ടിക്കിൾ 370ഉം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. തീരുമാനങ്ങൾ പാക്കിസ്ഥാൻ പുനഃപരിശോധിക്കണമെന്നും ഇന്ത്യ മറുപടി നൽകി. ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയയെ പുറത്താക്കുകയും ഇന്ത്യയിലെ പാക്ക് ഹൈക്കമ്മിഷണറെ മടക്കിവിളിക്കുകയും ചെയ്ത സാഹചര്യത്തിലാണു പ്രതികരണം.

ഇന്ത്യയുമായുള്ള വ്യാപാരം മരവിപ്പിക്കാനും പരസ്പരം സഹകരിച്ചുള്ള നടപടികൾ പുനഃപരിശോധിക്കാനും നയതന്ത്രബന്ധം തരംതാഴ്ത്താനും പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ കൂടിയ ദേശീയ സുരക്ഷാസമിതി യോഗം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ വ്യോമപാതകളിലൊന്നു പാക്കിസ്ഥാൻ അടച്ചു. ഇതുമൂലം വഴിതിരിച്ചു വിട്ടതിനാൽ വിമാനയാത്രയ്ക്ക് 12 മിനിറ്റ് അധികം വേണ്ടി വരുമെന്നു എയർ ഇന്ത്യ അറിയിച്ചു. 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തെ അഭിസംബോധന ചെയ്യും.  രാത്രി എട്ടു മണിക്ക്‌ ഓൾ ഇന്ത്യ റേഡിയോ (ആകാശവാണി) വഴിയാണു മോദി സംസാരിക്കുക. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കുന്നതു സംബന്ധിച്ച പ്രമേയം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യസഭയും ലോക്സഭയും പാസാക്കിയിരുന്നു. ഇന്ദ്രപ്രസ്ഥ, എഫ്എം റെയിൻബോ, എഫ്എം ഗോൾഡ് തുടങ്ങിയ ചാനലുകളിൽ പ്രത്യേക പ്രക്ഷേപണം കേൾക്കാം.

കശ്മീരിലെ കുട്ടികളെയും സ്ത്രീകളെയും കുറിച്ചോർക്കുമ്പോൾ ആശങ്കയുണ്ടെന്നു നൊബേൽ ജേതാവും പാക്ക് ആക്ടിവിസ്റ്റുമായ മലാല യൂസഫ്സായ് പറഞ്ഞു. ‘കശ്മീരിലെ ജനത സംഘർഷത്തിൽ ജീവിക്കുന്നതാണ് എന്റെ കുട്ടിക്കാലം തൊട്ടുള്ള കാഴ്ച. അമ്മയും അച്ഛനും കുട്ടികളായിരിക്കുമ്പോഴും അവരുടെ മാതാപിതാക്കൾ ചെറുപ്പമായിരിക്കുമ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. ഇന്നത്തെ കശ്മീരിലെ സ്ത്രീകളെയും കുട്ടികളെയും ഓർക്കുമ്പോൾ ആശങ്കയുണ്ട്’– മലാല ട്വിറ്ററിൽ കുറിച്ചു.

പ്രകോപനപരമായ നടപടികളിൽ നിന്നു പാക്കിസ്ഥാൻ പിന്മാറണമെന്നു യുഎസിലെ മുതിർന്ന ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. രാജ്യത്തിന് അകത്തുള്ള ഭീകരരെ തുരത്താനുള്ള നടപടികളാണു പാക്കിസ്ഥാൻ എടുക്കേണ്ടതെന്നും സെനറ്റർ റോബർട്ട് മെനൻഡസ്, യുഎസ് കോൺഗ്രസ് അംഗം ഏലിയറ്റ് ഏയ്ഞ്ചൽ എന്നിവർ അഭിപ്രായപ്പെട്ടു. 

Find Out More:

Related Articles: