കോവിഡ് നിരക്ക് ബ്രിട്ടനെ പിന്തള്ളി ഇന്ത്യ
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷത്തിനു തൊട്ടരികില്‍ നില്‍ക്കേ, രോഗവ്യാപനം ഇനിയും മാസങ്ങള്‍ നീളുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്.
രാജ്യം ഒരിക്കല്‍ക്കൂടി സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കു നീങ്ങുകയാണെന്ന ആശങ്കകള്‍ക്കിടയിലാണ് ഐ.സി.എം.ആറിന്റെ ഈ ജാഗ്രതാനിര്‍ദേശം.
രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ബ്രിട്ടനെ പിന്തള്ളി നാലാംസ്ഥാനത്തെത്തി. നഗരങ്ങളുടെ കാര്യത്തില്‍ കോവിഡ് പ്രഭവകേന്ദ്രമായ ചെനയിലെ വുഹാനെ മുംബെയും മറികടന്നു.
രോഗം കൂടുതല്‍പ്പേരിലേക്കു പടരാന്‍ സാധ്യതയുണ്ടെന്നാണ് ഐ.സി.എം.ആറിന്റെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
നഗരപ്രദേശങ്ങളിലെ ചേരികളിലാകും ഇനി കൂടുതല്‍ രോഗവ്യാപനമുണ്ടാവുക. അതീവജാഗ്രത വേണ്ട സമയമാണിതെന്നും വയോധികര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവരെ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ഐ.സി.എം.ആര്‍. മുന്നറിയിപ്പു നല്‍കി.
സ്ഥിതി നിയന്ത്രണവിധേയമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുമ്പോഴും രോഗബാധിതരുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണ്.
ഇന്നലെ െവെകിട്ട് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്ത് 2,93,754 പേര്‍ക്കാണു രോഗബാധ. ഒടുവില്‍ വിവരം കിട്ടുമ്പോള്‍, 24 മണിക്കൂറിനിടെ പുതുതായി 9996 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 357 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്തു കോവിഡ് സ്ഥിരീകരിക്കപ്പെട്ടശേഷം, 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ നിരക്കുകളാണിത്.
രോഗബാധിതര്‍ വര്‍ധിക്കുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണമുയരുന്നതാണ് ഏകആശ്വാസം. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം നിലവില്‍ 1,37,448 പേര്‍ ചികിത്സയിലുള്ളപ്പോള്‍, 1,41,029 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8206 ആയി ഉയര്‍ന്നു.
മരിച്ചവരില്‍ 40 ശതമാനത്തിലേറെ മഹാരാഷ്ട്രയിലാണ്- 3483 പേര്‍. ഒടുവില്‍ വിവരം കിട്ടുമ്പോള്‍, 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 3254 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു. ആകെ രോഗബാധിതര്‍-94,041. ഗുജറാത്തില്‍ 87%, രാജസ്ഥാനില്‍ 74%, മഹാരാഷ്ട്രയില്‍ 46.96% പേര്‍ ആശുപത്രി വിട്ടു. എന്നാല്‍, കേരളത്തിലെ രോഗമുക്തി നിരക്ക് പ്രവാസികളുടെ വരവോടെ ഇടിഞ്ഞു.
രാജ്യത്തിന്റെ വാണിജ്യതലസ്ഥാനമായ മുംെബെയാണു രോഗബാധയില്‍ മുന്നിലുള്ള നഗരം-52667 പേര്‍. ഇവിടെ 1857 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയ്ക്കു പിന്നില്‍ രണ്ടാംസ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 1927 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 36841 ആയി.