സംസ്‌ഥാനത്ത് ഇനി 11 ടോൾ പ്ലാസകൾ വരുന്നു

Divya John
 സംസ്‌ഥാനത്ത് ഇനി 11 ടോൾ പ്ലാസകൾ വരുന്നു; 2025 ഓടെ പാതയുടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് ദേശീയപാത അതോരിറ്റി വ്യക്തമാക്കുന്നത്. പുതിയ പാതയിൽ സംസ്ഥാനത്തിന്റെ 11 ഇടത്താണ് പുതിയ ടോൾ പ്ലാസകൾ തുറക്കുക. ഇതോടെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവരെയും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരെയും ടോൾ പിരിവ് ഒരുപോലെ ബാധിക്കും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തിന്റെ രണ്ടറ്റത്തെ കൂട്ടിമുട്ടിക്കുന്ന ദേശീയപാത 66ന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.ഉയർന്ന ടോൾ നിരക്ക് മൂലം കർണാടകയിലെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസി തങ്ങളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇതിനാൽ തന്നെ കേരളത്തിൽ ദേശീയപാത യാഥാർത്ഥ്യമാകുന്നതോടെ സ്വകാര്യ വാഹന ഉടമകളെയും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരെയും ടോൾ പിരിവ് ഒരുപോലെ ബാധിക്കുമെന്ന് വ്യക്തം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുകൊടുത്ത ബെംഗളുരു-മൈസൂരു അതിവേഗ പാതയിൽ കഴിഞ്ഞ ദിവസം മുതലാണ് ടോൾ പിരിവ് ആരംഭിച്ചത്. കർണ്ണാടകയിലെ കാര്യമെടുത്താൽ,അതിവേഗ പാതയിൽ ബസുകളിൽ നിന്നും ഒരു വശത്തേക്ക് 460 രൂപയാണ് വാങ്ങുന്നത്.



  24 മണിക്കൂറിൽ മടങ്ങി വന്നാൽ 690 രൂപ കൊടുത്താൽ മതിയാകും. പ്രതിമാസ പാസിന് 15,325 രൂപയാണ് വാങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്ക് 20 രൂപ വരെ ഉയർത്തിയത്. സരിഗെ ബസുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്നും 15 രൂപയും രാജഹംസ ബസുകളിലെ യാത്രികരിൽ നിന്നും 18 രൂപയും മൾട്ടി ആക്സിൽ ബസുകളിലെ യാത്രികരിൽ നിന്നും 20 രൂപയുമാണ് അധികമായി വാങ്ങുക. അതിവേഗ പാതയിലൂടെ സഞ്ചരിക്കുന്നവരിൽ നിന്നു മാത്രമാണ് ഇത്തരത്തിൽ ഉയർന്ന നിരക്ക് ഈടാക്കുന്നതെന്ന് കെഎസ്ആർടിസി വ്യക്തമാക്കിയിട്ടുണ്ട്. ദേശീയപാത നിർമ്മാണം പൂർത്തിയാകുമ്പോൾ ടോൾ പ്ലാസകൾ സ്ഥാപിക്കേണ്ടത് എവിടെയൊക്കെയുന്നുള്ള കാര്യത്തിൽ ഏകദേശം ധാരണ ആയിട്ടുണ്ട്. കൊല്ലം അടക്കമുള്ള ജില്ലകളിൽ രണ്ടിടത്താണ് ടോൾ പ്ലാസകൾ നിർമ്മിക്കുക. 



പാതയുടെ 50-60 കി മി ദൈർഘ്യത്തിൽ ഒരു ടോൾ ബുത്ത് എന്ന നിലയ്ക്കായിരിക്കും നിർമ്മാണം. എന്നാൽ ഇവ എവിടെയൊക്കെയായിരിക്കും നിർമ്മിക്കുകയെന്ന് ഇനിയും പരസ്യപ്പെടുത്തിയിട്ടില്ല. ടോൾ പിരിവിന്റെ ചുമതല ദേശീയപാത അതോരിറ്റിക്കായിരിക്കും. നിർമ്മാണ തുക പൂർണ്ണമായും പിരിച്ചു കഴിഞ്ഞാൽ ടോൾ നിരക്ക് 40 ശതമാനമായി കുറയ്ക്കും.ബെംഗളുരു-മൈസൂരു അതിവേഗ പാതയിൽ ടോൾ പിരിവ് ഏ‍ർപ്പെടുത്തിയതോടെ കനത്ത പ്രതിഷേധമാണ് ഉയ‍ർന്നത്. ടോൾ പ്ലാസയിലെ സെൻസ‍ർ പ്രതിഷേധക്കാർ അടിച്ചു തക‍ർത്തു. നിലവിൽ കനത്ത സുരക്ഷയാണ് ടോൾ പ്ലാസയ്ക്ക് ഏ‍ർപ്പെടുത്തിയിരിക്കുന്നത്. 



118 കി മി ദൈ‍ർഘ്യമുള്ള പാതയുടെ നിർമ്മാണം ഇനിയും പൂർത്തിയാകാത്തതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്. പാതയുടെ പണി പൂ‍ർത്തിയാകാതെ ടോൾ പിരിക്കില്ലെന്നായിരുന്നു ദേശീയപാത അതോരിറ്റി നൽകിയിരുന്ന ഉറപ്പ്. കാ‍ർ, ജീപ്പ് പോലുള്ള വാഹനങ്ങളിൽ നിന്നും 135 രൂപയും ഏഴിൽ അധികം ആക്സിലുകളുള്ള വാഹനങ്ങളിൽ നിന്നും 880 രൂപയുമാണ് ഈടാക്കുന്നത്. ഇതിനിടയിലാണ് മറ്റ് വാഹനങ്ങളുടെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിൽ ദേശീയപാത 66 നിർമ്മാണം പൂർത്തിയാകുന്നതോടെ ബസുകളിലെ യാത്രാ നിരക്ക് വർദ്ധിക്കും. സ്വകാര്യ വാഹനം ഉപയോഗിക്കുന്നവരെ കൂടാതെ പൊതുഗതാഗതം ഉപയോഗിക്കുന്നവർക്കും ടോൾ പിരിവ് തിരിച്ചടിയാകും.    

Find Out More:

Related Articles: