ബലാത്സംഗ കേസിലെ 'ടു ഫിംഗർ ടെസ്റ്റ്'; ഇരകളെ സമ്മർദ്ദത്തിലാക്കുന്ന നടപടി!

Divya John
 ബലാത്സംഗ കേസിലെ 'ടു ഫിംഗർ ടെസ്റ്റ്'; ഇരകളെ സമ്മർദ്ദത്തിലാക്കുന്ന നടപടി! ഇരകളുടെ മെഡിക്കൽ പരിശോധനയുടെ ഭാഗമായി നടത്തുന്ന ടു ഫിംഗ‍ർ ടെസ്റ്റ് അശാസ്ത്രീയമാണെന്നും മനുഷ്യത്വ വിരുദ്ധമാണെന്നും പല വട്ടം അന്താരാഷ്ട്ര ഏജൻസികൾ അടക്കം ചൂണ്ടിക്കാട്ടിയിട്ടും ഇന്ത്യയിലെ പല അന്വേഷണ ഉദ്യോഗസ്ഥരും ഈ പരിശോധനയ്ക്ക് അനുമതി നടത്താറുണ്ട്. എന്നാൽ ടു ഫിംഗ‍ർ ടെസ്റ്റ് ലൈംഗികാക്രമണങ്ങൾ അതിജീവിക്കുന്നവരെ വീണ്ടും ഇരകളാക്കുന്നതിനു തുല്യമാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ലൈംഗികപീഡനക്കേസുകളുടെ അന്വേഷണത്തിൻ്റെ ഭാഗമായി രാജ്യത്ത് നിലവിലുള്ള ടു ഫിംഗ‍ർ ടെസ്റ്റ് അഥവാ രണ്ട് വിരൽ പരിശോധന ക‍ർശനമായി വിലക്കി ഉത്തരവിറക്കിയിരിക്കുകയാണ് സുപ്രീം കോടതി.ലൈംഗികാക്രമണങ്ങൾക്ക് വിധേയരായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതായാണ് ടു ഫിംഗ‍ർ ടെസ്റ്റ് നടത്തുന്നത് എന്നാണ് വിശദീകരിച്ചു പോരുന്നത്.



   യോനിയിൽ രണ്ട് വിരലുകൾ കയറ്റി യോനീപേശികളുടെ ബലക്കുറവ് അടക്കം പരിശോധിക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. ഇതോടൊപ്പം കന്യാച‍ർമം എന്നറിയപ്പെടുന്ന ഹൈമന് കേടുപാടുകൾ പറ്റിയിട്ടുണ്ടോ എന്നും പരിശോധിക്കും. എന്നാൽ ഈ 'പരിശോധന'യ്ക്ക് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലെന്നും ലൈംഗികാക്രമണം നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ഈ നടപടി കൊണ്ട് കഴിയില്ലെന്നും പല വട്ടം വിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്. യഥാർഥത്തിൽ ഇരയായ വ്യക്തി മുൻപ് സെക്സിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നറിയുക എന്നതു മാത്രമാണ് ഈ നടപടിയിലൂടെ ഉദ്ദേശിക്കുന്നത്. അതു പോലും കൃത്യമാകണമെന്നുമില്ല. "ഈ പരിശോധനയ്ക്ക് ശാസ്ത്രീയ മൂല്യമില്ല. ഹൈമൻ ഇല്ലാത്തതും യോനിയുടെ വലുപ്പക്കൂടുതലും സെക്സ് കൊണ്ടല്ലാതെയും സംഭവിക്കാം." ബ്രിട്ടീഷ് മെഡിക്കൽ ജേണലിലെ ഒരു ലേഖനം വ്യക്തമാക്കുന്നു. പെർ-വജൈനൽ പരിശോധന എന്നു കൂടി അറിയപ്പെടുന്ന ഈ നടപടി ബലാത്സംഗക്കേസുകളിൽ മാത്രമല്ല ഉപയോഗിക്കുന്നത്.



   ഗർഭാശയസംബന്ധിയായ രോഗങ്ങളുടെ ചികിത്സാ വേളയിലും യോനിയിലൂടെ വിരൽ കടത്തി ഡോക്ടർമാർ പരിശോധിക്കാറുണ്ട്. എന്നാൽ ഈ പരിശോധന എന്തിന് ഉപയോഗിക്കുന്നു എന്നതാണ് പ്രധാനപ്പെട്ട ചോദ്യമെന്ന് ചില ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. "ഈ പരിശോധനയിലൂടെ വ്യക്തി സ്ഥിരമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നതിൽ ചില നിഗമനങ്ങളിൽ എത്താം. എന്നാൽ ഈ പരിശോധനയുടെ അടിസ്ഥാനത്തിൽ ലൈംഗികാക്രമണം ഉണ്ടായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നത് തെറ്റാണ്." ഒരു ഡോക്ടർ പറയുന്നു.
ലൈംഗികാക്രമണക്കേസുകളിൽ ഇരകളാകുന്നവർക്ക് ടു ഫിംഗർ ടെസ്റ്റ് നടത്തരുതെന്ന് ലോകാരോഗ്യ സംഘടനയും യുഎൻ പോപ്പുലേഷൻ ഫണ്ടും മുൻപു തന്നെ വ്യക്തമാക്കിയിട്ടുണ്ട്.



  അന്വേഷണത്തിൻ്റെ ഭാഗമായി കന്യകാത്വ പരിശോധന നടത്തുന്നത് അശാസ്ത്രീയമാണെന്നും ആക്രമണത്തിൻ്റെ ഭയം വിട്ടുമാറാത്തവരെ വീണ്ടും വേദനിപ്പിക്കുന്ന പരിശോധനകൾ നടത്തരുതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗക്കേസുകളിൽ ഇനി ടു ഫിംഗർ ടെസ്റ്റ് നടത്തരുത് എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ആണ് ഉത്തരവിട്ടത്. എന്നാൽ 2013ൽ നിർഭയ കേസ് പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് അടക്കം സമാനമായ നിരീക്ഷണം മുന്നോട്ടു വെച്ചിട്ടുണ്ട്. ഇരകളുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ഹനിക്കുന്നതാണ് ഈ നടപടി എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ ലൈംഗികബന്ധത്തിന് സമ്മതമുണ്ടായിരുന്നോ എന്ന കാര്യത്തിലടക്കം ഒരു വിശദീകരണവും നൽകാൻ ഈ പരിശോധന കൊണ്ട് കഴിയില്ല.



  അതേസമയം, സഹപ്രവർത്തകൻ പീഡിപ്പിച്ചെന്ന പരാതിയുമായി കോടതിയിലെത്തിയ വ്യോമസേനാ ഉദ്യോഗസ്ഥ അടക്കം മനുഷ്യത്വവിരുദ്ധമായ ഈ പരിശോധനയ്ക്ക് വിധേയമായി എന്നതാണ് ഞെട്ടിക്കുന്നത്. കോയമ്പത്തൂരിലെ എയർ ഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജ് ക്യാംപസിൽ വെച്ചായിരുന്നു യുവതി ആക്രമണത്തിന് ഇരയായത്. ലൈംഗികാക്രമണത്തിൻ്റെ ഞെട്ടലിൽ നിന്ന് മുക്തയായ തന്നെ ഈ സംഭവം വീണ്ടും ഓർമിപ്പിക്കുന്തായിരുന്നു രണ്ട് വിരൽ പരിശോധന എന്ന് 28കാരി ചൂണ്ടിക്കാട്ടി. എന്നാൽ ഈ പരിശോധനയ്ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും കോടതികൾ വിലക്കിയിട്ടുണ്ടെന്നും ഈ സമയം അറിയില്ലായിരുന്നു എന്നും യുവതി കോടതിയിൽ അറിയിച്ചു. എന്നാൽ ഈ ആരോപണം വ്യോമസേന നിഷേധിച്ചിരുന്നു.

Find Out More:

Related Articles: