ഒടുവിൽ സുശീലയെ രജിസ്റ്റർ വിവാഹം ചെയ്തു; നെടുമുടി വേണുവിന്റെ ജീവിതം കഥയറിയാം!

Divya John
 സിനിമാഭിനയം പ്രശ്നമായി, ഒടുവിൽ സുശീലയെ രജിസ്റ്റർ വിവാഹം ചെയ്തു; നെടുമുടി വേണുവിന്റെ ജീവിതം ഇങ്ങനെ... 1948 മെയ് 22ന് ആലപ്പുഴയിലെ നെടുമുടിയിൽ പി.കെ കേശവപിള്ളയുടേയും പി.കുഞ്ഞിക്കുട്ടിയമ്മയുടേയും അഞ്ച് ആൺമക്കളിൽ ഇളയവനായിട്ടായിരുന്നു കെ. വേണുഗോപാൽ എന്ന വേണുവിൻറെ ജനനം. അച്ഛനും അമ്മയും സ്കൂൾ അധ്യാപകരായിരുന്നു.. നെടുമുടി എൻഎസ്എസ് സ്കൂൾ, ചമ്പക്കുളം സെൻറ് മേരിസ് സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസവും ആലപ്പുഴ എസ്.ഡി കോളജിൽനിന്ന് മലയാളസാഹിത്യത്തിൽ ബിരുദവും നേടി. അക്കാലത്ത് തന്നെ കലാപ്രവർത്തനങ്ങളിൽ സജീവമായി. കാവാലം നാരായണപണിക്കരുടെ നാടകങ്ങളിലൂടെ അഭിനയത്തിൽ തുടക്കമിട്ടു. ശേഷം അരവിന്ദൻ, പത്മരാജൻ, ജോൺ എബ്രഹാം, കെ.ജി ജോർജ്ജ് തുടങ്ങിയ ഇതിഹാസ സംവിധായകരുടെ സിനിമകളിലൂടെയായിരുന്നു സിനിമാലോകത്ത് തുടക്കമിട്ടത്.


    ഒരേ നാട്ടുകാരിയായ ആളെ തന്നെയാണ് വേണു വിവാഹം ചെയ്തത്, പ്രണയവിവാഹമായിരുന്നു. ഭാര്യ സുശീല വെയർഹൗസിങ് കോർപറേഷനിൽ ഉദ്യോഗസ്ഥയായിരുന്നു. വിവാഹശേഷം അവർ ജോലി ഉപേക്ഷിച്ചു. ഉണ്ണി, കണ്ണൻ എന്നിവരാണ് മക്കൾ. അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സുശീലയുമായുള്ള പ്രണയത്തെ കുറിച്ച് നെടുമുടി വേണു മനസ്സു തുറന്നിരുന്നു. തൻറെ ജീവിതം ഇത്രമേൽ ശാന്തമായതിന് പിന്നിൽ സുശീലയുടെ തണലാണെന്നാണ് അദ്ദേഹം പറഞ്ഞത്. സുശീലയുമായുള്ള വിവാഹത്തിന് സംവിധായകൻ ജോൺ എബ്രഹാമും ഒരു നിമിത്തമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.


  സിനിമാക്കാരൊക്കെ വഴി പിഴച്ചുപോകുമെന്നൊക്കെ കേൾക്കുന്നുണ്ടല്ലോ ജോണേ, പ്രത്യേകിച്ച് സ്ത്രീ വിഷയത്തിൽ, എൻറെ മോനും...എന്ന് തൻറെ അമ്മ ഒരു ദിവസം വീട്ടിലെത്തിയ ജോണിനോട് ചോദിക്കവേ ഇടയ്ക്കു കയറി ജോൺ പറഞ്ഞു, അമ്മയുടെ മോൻ ഒരിക്കലും വഴിതെറ്റില്ല, ഇത് ജോൺ എബ്രാഹാമാണ് പറയുന്നതെന്ന്. ആ സമയം തൻറെ മനസ്സിലേക്ക് സുശീലയുടെ രൂപമാണ് കടന്നുവന്നതെന്ന് നെടുമുടി പറഞ്ഞിരിക്കുകയാണ്. അന്ന് സുശീലയുടെ വീട്ടിൽ ചെന്ന് എൻറെ കൂടെ ജീവിക്കാൻ തയ്യാറാണോ എന്ന് ചോദിച്ചു.


   എതിർപ്പൊന്നുമില്ലെന്നായിരുന്നു സുശീല പറഞ്ഞത്. സിനിമാഭിനയം അവരുടെ വീട്ടിലൊരു പ്രശ്നമായിരുന്നതിനാൽ സുശീലയെ താൻ രജിസ്റ്റർ വിവാഹം ചെയ്യുകയായിരുന്നുവെന്ന് നെടുമുടി പറയുകയുണ്ടായി. തെറ്റായ പലരിലേക്കും വഴിമാറിയൊഴുകാനുള്ള സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നുവെങ്കിലും ദൈവം തന്നെ സുരക്ഷിതമായ കൈകളിലാണ് ഏൽപ്പിച്ചതെന്നാണ് നെടുമുടി പറയുന്നത്. തനിക്കും കുട്ടികൾക്കുമായാണ് കേന്ദ്രസർക്കാർ ജോലി സുശീല ഉപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

Find Out More:

Related Articles: