രാജൻ- അമ്പിളി ദമ്പതികളുടെ ഇളയ മകന് ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു!

Divya John
രാജൻ- അമ്പിളി ദമ്പതികളുടെ ഇളയ മകന് ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു! കടുത്ത നെഞ്ചുവേദനയെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രഞ്ജിത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു. രഞ്ജിത്തിന് ആദ്യം നെഞ്ചുവേദനയാണ് അനുഭവപ്പെട്ടത്. തുടർന്ന് ബോധരഹിതനാകുകയായിരുന്നു. ഉടൻ തന്നെ സമീപവാസികൾ ചേർന്ന് പോലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നെയ്യാറ്റിൻകരയിൽ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച അമ്പിളി, രാജൻ ദമ്പതികളുടെ ഇളയ മകൻ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം. നിലവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് രഞ്ജിത്ത്. അതേസമയം മരിച്ച രാജൻറെ ഭാര്യ അമ്പിളിയുടെ മൃതദേഹവും സംസ്കരിച്ചു. മൂന്നര സെൻറിലെ തർക്കഭൂമിയിൽ രാജൻറെ കുഴിമാടത്തിന് സമീപം തന്നെയാണ് അമ്പിളിക്കും അന്ത്യവിശ്രമമൊരുക്കിയത്.

ഹൃദയം തകർന്ന് മക്കളായ രഞ്ജിത്തും രാഹുലും അമ്മയ്ക്കും യാത്രാമൊഴി നൽകി. കുടിയൊഴുപ്പിക്കൽ നടപടികളും, മാതാപിതാക്കളുടെ മരണത്തെ തുടർന്നും കഴിഞ്ഞ ദിവസങ്ങളിലായി കൃത്യമായ ഭക്ഷണമോ, വെള്ളമോ കുട്ടികൾ കഴിച്ചിരുന്നില്ല. ഇതാകാം ശാരീരികാസ്വാസ്ഥ്യത്തിന് കാരണം.രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാർ പറഞ്ഞത്. തുടർന്ന് മക്കൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് കളക്ടർ ഉറപ്പുനൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. നേരത്തെ അമ്പിളിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ആംബുലൻസ് നാട്ടുകാർ തടഞ്ഞിരുന്നു. വീടിന് നൂറ് മീറ്റർ ദൂരെ വെച്ചാണ് ആംബുലൻസ് തടഞ്ഞത്.


 ഈ മാസം 22നാണ് രാജനും ഭാര്യയും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമീപവാസിയായ സ്ത്രീയുമായുള്ള തർക്കമാണ് കേസിലേക്ക് എത്തിച്ചത്. തുടർന്ന് കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ ഉത്തരവായി. ഇതിന് പിന്നാലെ പൊലീസ് എത്തിയതോടെ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജൻ ആത്മഹത്യാ ശ്രമം നടത്തുകയായിരുന്നു. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെയാണ് തീ പടർന്നുപിടിച്ചത്.

ഗുരുതരമായ പൊള്ളലേറ്റ രാജൻ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയുമാണ് മരിച്ചത്. രാജനും കുടുംബവും താമസിച്ചിരുന്ന സ്ഥലം കയ്യേറിയതാണെന്ന് പരാതിപ്പെട്ട അയൽവാസിയായ വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തെ നാട്ടുകാർ വസന്തയുടെ വീടിന് മുന്നിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് ക്രമസമാധാന നില കണക്കിലെടുത്ത് വസന്തയെ പോലീസ് കരുതൽ കസറ്റഡിയിലെടുത്തു.  

Find Out More:

Related Articles: