തിരുവനന്തപുരത്ത് കോവിഡ് നില അതീവ ഗുരുതരം

Divya John

തിരുവനന്തപുരത്ത് കോവിഡ് നില അതീവ ഗുരുതരം. തിരുവനന്തപുരം നഗരസഭ പരിധിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജില്ലയുടെ ഒട്ടുമിക്ക എല്ലാ പ്രദേശങ്ങളിലുള്ളവര്‍ രാമചന്ദ്രന്‍ വ്യാപാര കേന്ദ്രം സന്ദര്‍ശിച്ചതായാണ് വിവരം.ജില്ലയില്‍ തീര മേഖലയ്ക്ക് പുറമെ, നഗര ഗ്രാമീണ മേഖലകളിലും സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് ബാധ വ്യാപകമായി സ്ഥിരീകരിക്കുകയാണ്.

 

 

  78 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച രാമചന്ദ്രന്‍ വ്യാപാര കേന്ദ്രം സന്ദര്‍ശിച്ച രണ്ടായിരം പേരുടെ പ്രാഥമിക പട്ടിക ജില്ലാ ഭരണകൂടം തയാറാക്കി. ഈ പട്ടിക പൂര്‍ണമല്ല.24 സംഘങ്ങള്‍ കൊവിഡ് പോക്കറ്റുകള്‍ കണ്ടെത്തി പരിശോധന നടത്തും. ഏതെങ്കിലും മേഖലയില്‍ പോസീറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ മേഖലയില്‍ പരിശോധന വ്യാപിപ്പിക്കും.ജില്ലയില്‍ ഇപ്പോള്‍ പരിശോധന നടക്കാത്ത ഇടങ്ങളിലും രോഗബാധിതരുണ്ടാകാമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അനുമാനം.

 

 

  അതിനാല്‍ എല്ലാ മേഖലയിലും പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. തിരുവനന്തപുരം നഗരത്തില്‍ ഇതുവരെ 29 പോലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. പല സ്‌റ്റേഷനിലേയും ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണ്.സ്‌പെഷ്യല്‍ ബ്രാഞ്ച് ഹെഡ്‌കോട്ടേഴ്‌സിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൂന്തുറയില്‍ ഡ്യൂട്ടി നോക്കിയ ഒരാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മേയര്‍ അടക്കം സ്വയം നിരീക്ഷണത്തിലാണ്.

 

 

  ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചാല സര്‍ക്കിളിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരം ജില്ലയില്‍ പൂന്തുറ, പുല്ലുവിള, അഞ്ചുതെങ്ങ്, പുതുക്കുറിച്ചി, ബീമാപള്ളി എന്നിങ്ങനെ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ഇവിടങ്ങളില്‍ രോഗം കുറയുന്ന പ്രവണ കാണുന്നില്ല.

 

 

  പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യം നിലവിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളില്‍ കൊവിഡ് രോഗവ്യാപനം കുറയുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സാഹചര്യം കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്നതാണ്.

 

 

  സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും കൊവിഡ് പോസിറ്റീവ് ആകുന്ന വ്യക്തികളെ ചികിത്സിക്കുവാനുള്ള സൗകര്യങ്ങള്‍ സ്വകാര്യ ആശുപത്രികളില്‍ ഒരുക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

 

 

 

  ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്ത് കൊവിഡ് ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. 

Find Out More:

Related Articles: