ജങ്ക് ഫുഡിന്റെ ആസകതി കുറയാൻ എന്തൊക്കെ ചെയ്യണം?

Divya John
പിസ്സ, ബർഗർ, ഫ്രഞ്ച് ഫ്രൈസ്, നല്ല ക്രിസ്പിയായ ഫ്രൈഡ് ചിക്കൻ, ഫിസി ഡ്രിങ്കുകൾ തുടങ്ങിയവയെ പറ്റി ഓർക്കുമ്പോൾ തന്നെ നമ്മുടെ നാവിൽ വെള്ളമൂറും. എന്നാൽ  ജങ്ക് ഫുഡ് തുടർച്ചയായി നിയന്ത്രണമില്ലാതെ കഴിക്കുന്നത് അമിതവണ്ണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും, ടൈപ്പ് 2 പ്രമേഹത്തിനും, കരൾ രോഗത്തിനും, ചില അർബുദങ്ങൾക്കുമൊക്കെ വഴി തുറക്കും. ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുമ്പോൾ പോലും നമുക്ക് ജങ്ക്ഫുഡുകൾ കഴിക്കാനുള്ള പ്രവണത ഉണ്ടാകാറുണ്ട്.  ആസക്തിയെ നിയന്ത്രിച്ചുകൊണ്ട് മനസ്സിനെ പിന്നോട്ട് വലിക്കാൻ ശ്രമിക്കുമ്പോഴും നമ്മുടെ രുചിമുകുളങ്ങൾ അവയുടെ വിശേഷപ്പെട്ട രുചിക്കായി വീണ്ടും വീണ്ടും ആഗ്രഹിക്കുന്നു. മറ്റ് ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് ജങ്ക് ഫുഡുകളോട് ഒരാൾക്ക് കൂടുതൽ ആസക്തി തോന്നുന്നതിനു പിന്നിൽ ചില കാരണങ്ങളുണ്ട്. എന്തുകൊണ്ടാണ് ജങ്ക് ഫുഡിനോട് ചില ആളുകൾക്ക് കൂടുതൽ ആസക്തി ഉളവാക്കുന്നത് എന്ന് നോക്കാം. ജങ്ക് ഫുഡ് ആസക്തികൾ കൂടുതലായി ഉണ്ടാവുന്നതിന് പിന്നിലെ കാരണം നമ്മുടെ തലച്ചോറ് തന്നെയാണ്.

സർവൈവൽ മെക്കാനിസം അഥവാ സ്വാഭാവിക അതിജീവന സംവിധാനത്തിൻ്റെ ഭാഗമായി തലച്ചോറ് ഉയർന്ന കലോറി ഭക്ഷണത്തിൻ്റെ രുചിയും സുഗന്ധവുമൊക്കെ നിങ്ങളിലേക്ക് കൂടുതൽ ആകർഷിപ്പിക്കുന്നു. അതായത് കൊഴുപ്പും പഞ്ചസാരയുമൊക്കെ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലാറ്റിനേക്കാളും കൂടുതൽ ആസ്വദിക്കപ്പെടാൻ നിങ്ങളുടെ തലച്ചോറ് സ്വയമേ പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഓരോതവണ വിശക്കുമ്പോഴും അല്ലെങ്കിൽ വെറുതെയിരിക്കുമ്പോൾ പോലും ഇത്തരം ജങ്ക് ഫുഡുകളെ കൂടുതൽ അന്വേഷിച്ചു പോകാൻ നിങ്ങളുടെ തലച്ചോർ നിങ്ങളെ പ്രേരിപ്പിക്കുന്നു. മാത്രമല്ല സമ്മർദ്ദവും ജങ്ക് ഫുഡ് ആസക്തിക്ക് ഒരു കാരണമായി മാറാൻ സാധ്യതയുണ്ട്. നമ്മുടെ ശരീരത്തിൽ സമ്മർദം ഉണ്ടാവുമ്പോഴുള്ള ഒരു പ്രതികരണമായി ശരീരം കോർട്ടിസോൾ എന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ലെപ്റ്റിൻ, ഇൻസുലിൻ എന്നിവയുടെ പ്രകാശനത്തിന് പ്രതിരോധം സൃഷ്ടിക്കുകയും ഒരാളുടെ വിശപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഒരാൾ കൂടുതലൊന്നും ചിന്തിക്കാതെ അയാളുടെ നാവിനെ ആകർഷിക്കുന്നതായ ഭക്ഷണങ്ങളെ തേടി പോയേക്കാം.

കേക്കുകൾ, മധുരപലഹാരങ്ങൾ തുടങ്ങിയവ പോലുള്ള ഉയർന്ന കലോറികൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളിലേക്ക് നാം കൂടുതൽ ആകർഷിക്കപ്പെടുന്നതിന് പിന്നിലെ ഒരു കാരണം ഇതാണ്. ഒരാളുടെ “മൂഡ് എന്നത് അയ്യാളുടെ ശരീരത്തിലും ജീവിതത്തിലും ഏറ്റവും ശക്തമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ്. കുട്ടിക്കാലത്ത് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോട് സ്നേഹവും ഇഷ്ടവുമൊക്കെ പ്രകടിപ്പിക്കാൻ മധുരമുള്ള ഭക്ഷണങ്ങൾ സമ്മാനമായി നൽകിയിരുന്നു. ഇത്തരമൊരു മാതൃക ഭാഗികമായി നമ്മുടെ ഉള്ളിൽ സജ്ജീകരിക്കപ്പെട്ടിരിക്കുന്നത് വഴി നമുക്ക് സന്തോഷമുണ്ടാക്കുന്ന സാഹചര്യങ്ങളിലൊക്കെ മധുരം കഴിക്കാൻ ആളുകൾ അറിയാതെ തന്നെ ഇഷ്ടപ്പെടുന്നു.അനാരോഗ്യകരമായ ലഘുഭക്ഷണത്തിനായി നിങ്ങൾക്ക് ആസക്തി ഉണ്ടാവുന്ന ദിവസത്തിലെ സമയങ്ങൾ, നിങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്നത് എന്തെല്ലാമാണ്, ആ സമയത്തെ നിങ്ങളുടെ വികാരങ്ങൾ, നിങ്ങൾ കഴിച്ചവ, അതിൻ്റെ അളവ് തുടങ്ങിയവയെല്ലാം ഒരു ജേണലിൽ എഴുതുക.

നിങ്ങൾക്ക് ആസക്തികൾ അനുഭവപ്പെടുന്നതിന് ഏതെങ്കിലും കൃത്യമായ പാറ്റേണുകൾ ഉണ്ടോ എന്നും അല്ലെങ്കിലവ വരുത്തി വയ്ക്കാവുന്ന ഏതെങ്കിലും സാഹചര്യങ്ങൾ ഉണ്ടാവുന്നുണ്ടോ എന്നതെല്ലാം ശ്രദ്ധിക്കുക.നിങ്ങൾക്ക് മധുരം അധികമുള്ള ഒരു പാനീയമോ അല്ലെങ്കിൽ ലഘുഭക്ഷണങ്ങളോ കഴിക്കാൻ ആസക്തി തോന്നുന്നുവെങ്കിൽ ഇതിൽ തന്നെ മധുരത്തിന് അളവ് കുറവുള്ളവ പരീക്ഷിക്കുക. അതുപോലെതന്നെ നിങ്ങൾക്ക് ഒരു ഗ്രിൽഡ് ചീസ് സാൻഡ്വിച്ച് കഴിക്കാൻ ആഗ്രഹം തോന്നുമ്പോൾ കൊഴുപ്പ് കുറഞ്ഞ ചീസും വീറ്റ് ബ്രഡുകളും ഉപയോഗിച്ച് ഇത് ഉണ്ടാക്കുക. 

ഈ രീതിയിൽ നിങ്ങളുടെ കലോറി ഉപപോഗം പതിയെ കുറച്ചുകൊണ്ടു വരിക. അതോടൊപ്പം ആരോഗ്യകരമായ ബദലുകൾ കണ്ടെത്തുകയും ചെയ്യാം. ആസക്തിയെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് പലപ്പോഴും ഫലം നൽകുന്നതല്ല. മാത്രമല്ല പലപ്പോഴും ഇത് മറ്റ് ഭക്ഷണങ്ങൾ അമിതമായി ഭക്ഷിക്കുന്നതിലേക്കും തീവ്രമായ രീതിയിൽ ആസക്തികൾ തിരികെ വരുന്നതിനും ഒക്കെ കാരണമാകും. വല്ലപ്പോഴുമൊക്കെ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നതിൽ തെറ്റ് കാണേണ്ടതില്ല. ആവശ്യമായത് ജങ്ക് ഫുഡുകളുടെ നിയന്ത്രണം മാത്രമാണ്. കുറഞ്ഞ അളവിലും ചെറിയ വലുപ്പത്തിലും കഴിക്കുമ്പോൾ ഭക്ഷണ ആസക്തി താനേ കുറയുമെന്നുറപ്പാണ്.

Find Out More:

Related Articles: