ഓൺലൈൻ ആപ്പുകളിൽ നിന്ന് പണം എടുക്കുമ്പോൾ ചതിക്കുഴികളും ഒട്ടേറെയാണ്
പണത്തിന് അത്യാവശ്യം വന്നപ്പോൾ വളരെ എളുപ്പത്തിൽ പണം ലഭ്യമാകുമെന്നതുൾപ്പെടെയാണ് ഓൺലൈൻ ആപ്പിൽ നിന്ന് പണം കടം എടുക്കാൻ പ്രേരിപ്പിച്ചത്. സ്നാപിറ്റ്, റുപ്പീ മോസ്റ്റ്, മൈ ക്യാഷ്, മണീ മോർ തുടങ്ങിയ ലോൺ ആപ്പുകൾ. ഒരാഴ്ചത്തേന് 3,000 രൂപ കടം എടുത്താൽ 7 ദിവസത്തിനുള്ളിൽ പണം തിരിച്ചടയ്ക്കണം. 3,000 രൂപയ്ക്ക് അപേക്ഷിച്ചാൽ 2,000 രൂപയാകും ക്രെഡിറ്റ് ആകുക. ഇത്ര തന്നെ പണം തിരിച്ചടയ്ക്കണ്ടതായും വരും. ഭർത്താവ് ജോലിയ്ക്ക് പോയിരുന്നതിനാൽ ചികിത്സാവശ്യങ്ങൾക്കും മറ്റുമായി ഒക്കെ എടുത്ത പണം കൊള്ള പലിശ സഹിതം തിരിച്ചടച്ചിരുന്നു.എന്നാൽ കൊവിഡ് കാലത്ത് ജോലി നഷ്ടമാകുകയും ഭർത്താവിന് രോഗം മൂർച്ഛിക്കുകയും ചെയ്തതോടെ പണം തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായി. തിരിച്ചടവ് മുടങ്ങിയപ്പോൾ മുതൽ ഭീഷണിയും ചീത്തവിളിയും ഒക്കെയായി നിരന്തരം ശല്യപ്പെടുത്തലുകൾ. അൽപ്പം സാവകാശം വേണമെന്നു പറഞ്ഞിട്ടും സാവകാശം നൽകാൻ ഓൺലൈൻ പ്ലാറ്റ്‍ഫോം ഉടമകൾ തയ്യാറല്ല.
7 ദിവസം കഴിഞ്ഞാൽ അപ്പോൾ തുടങ്ങും ഭീഷണി. പിന്നെ ഫോൺ ഹാക്ക് ചെയ്ത് കോൺടാക്ട് ലിസ്റ്റിലുള്ളവർക്കും മെസേജ് അയക്കൽ, ദിവസേന മൂന്നും നാലും തവണ വിളിച്ച് ശല്യപ്പെടുത്തൽ, അസഭ്യ വർഷം.ഇതിനൊക്കെ പുറമെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് നിങ്ങളുടെ പേരിൽ ഇയാൾ ഇത്ര തുക ലോൺ എടുത്തിട്ടുണ്ട് എന്ന തരത്തിലുള്ള വ്യാജ സന്ദേശങ്ങൾ അയക്കുന്നത്. ഒടുവിൽ തിരിച്ചടവ് മുടങ്ങിയത് കൊണ്ട് വഞ്ചനാകുറ്റത്തിന് എഫ്ഐർ രജിസ്റ്റർ ചെയ്തിരിയ്ക്കുന്നതിൻെറ രേഖകളുമായി നോട്ടീസ്. ഓൺലൈൻ ലോൺ മാഫിയയ്ക്കു പിന്നിൽ ഉത്തരേന്ത്യൻ ലോബി ആയതിനാൽ കേസ് രജിസ്റ്റർ ചെയ്തിരിയ്ക്കുന്നതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമായി ഇപ്പോൾ എന്തു ചെയ്യണമെന്ന നിസ്സഹായാവസ്ഥയിലാണ് ഈ കുടുംബം.