കശ്മീർ വിഷയത്തിൽ ഇടപെടില്ല; ഇന്ത്യൻ നിലപാടിനു പിന്തുണയുമായി യുഎസ്.

Divya John

ന്യൂഡൽഹി ∙ ജമ്മു കശ്മീർ ആഭ്യന്തര കാര്യമാണെന്ന ഇന്ത്യൻ നിലപാടിനു പിന്തുണ അറിയിച്ച് അമേരിക്ക. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറാണ് ഇന്ത്യയുടെ നിലപാടിന് പിന്തുണ അറിയിച്ചത്.

കശ്മീർ വിഷയത്തിൽ അമേരിക്ക ഇടപെടില്ലെന്നു മാർക്ക് എസ്പർ അറിയിച്ചു. കശ്മീർ പ്രശ്നം ഇരു രാജ്യങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം സംബന്ധിച്ച പ്രശ്നങ്ങൾ രാജ്നാഥ് സിങ് ഉന്നയിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താനുള്ള ശ്രമങ്ങളിൽ അമേരിക്ക നൽകുന്ന പിന്തുണയെ രാജ്നാഥ് സിങ് പ്രകീർത്തിച്ചു.

370–ാം വകുപ്പ് സംബന്ധിച്ച പ്രശ്നം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ജമ്മുകശ്മീർ ജനതയുടെ സാമ്പത്തിക വികസനും ഉന്നമനവും ലക്ഷ്യമിട്ടാണ് നടപടിയെന്നും മാർക്ക് എസ്പറിനെ രാജ്നാഥ് സിങ് അറിയിച്ചു. യുഎസ് പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റ മാർക്ക് എസ്പറിനെ പ്രതിരോധ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

Find Out More:

Related Articles: