തുമ്പില്ലാതെ മലപ്പുറം എസ്‌പി എസ് ശശിധരന്റെ അന്വേഷണം; മുഹമ്മദ് ആട്ടൂർ എവിടെ? മാമി എന്ന് വിളിപ്പേരുള്ള ഇദ്ദേഹത്തിന് റിയൽ എസ്റ്റേറ്റ് ഇടപാടുകളുണ്ടായിരുന്നു. ആട്ടൂരിനെ കണ്ടെത്താനായി നാട്ടുകാർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചിരുന്നു. വീട്ടുകാർ കഴിഞ്ഞ മാസവും പരാതിയുമായി വന്നു. എന്നാൽ പോലീസിന് ഇതുവരെ യാതൊരു തുമ്പും ലഭിച്ചിട്ടില്ല. നടക്കാവ് പോലീസാണ് കേസ് അന്വേഷിച്ചിരുന്നത്. ഇവരിൽ നിന്ന് സിറ്റി പോലീസ് മേധാവി രാജ്പാൽ മീണ കേസ് ഏറ്റെടുത്തു. ഇപ്പോൾ മലപ്പുറം എസ്‌പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. സംസ്ഥാനത്തിന് പുറത്തേക്ക് അടക്കം അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഇപ്പോഴും മുഹമ്മദ് ആട്ടൂർ കാണാമറയത്താണ്. കേസന്വേഷണം സിബിഐക്ക് കൈമാറണം എന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. ഈ കേസിൽ തീർപ്പ് വന്നിട്ടില്ല. പൊലീസ് റിപ്പോർട്ട് തേടിയ കോടതി ഹരജി വീണ്ടും സെപ്റ്റംബർ നാലിന് പരിഗണിക്കും.
റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് ഒരു വർഷം പിന്നിടുന്നു. ബാലുശേരി എരമംഗലം സ്വദേശിയായ ഫൗസിൽ മുഹമ്മദ് ആട്ടൂരിനെ കാണാതാവുന്നത് 2023 ഓഗസ്റ്റ് 21നാണ്. മാമി, മാമിക്ക എന്നെല്ലാം അറിയപ്പെടുന്ന ഫൈസിൽ മുഹമ്മദ് ആട്ടൂരിന് വയസ്സ് 56 ആണ്. മുഹമ്മദിന്റെ സുഹൃത്തുക്കൾ ചേർന്ന് സുലൈമാൻ കാരാടൻ ചെയർമാനായി ആക്ഷൻ കമ്മിറ്റി രൂപീകരിക്കപ്പെട്ടിരുന്നു. ഇവർ ഒപ്പുശേഖരണമടക്കം നടത്തി. പ്രതിപക്ഷ നേതാവിനെ കണ്ട് പരാതി നൽകി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമാണ് കഴിഞ്ഞ മാസം മുഖ്യമന്ത്രിയെ കണ്ട കുടുംബം മുമ്പോട്ടു വെച്ചത്. ഇരുന്നൂറോളം പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിരവധി വാഹനങ്ങളും മൊബൈൽ നമ്പരുകളുമെല്ലാം കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും എവിടെയുമെത്തിയില്ല.
ഭാര്യ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ, തൊട്ടടുത്ത ദിവസം മാമിയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തലക്കുളത്തൂർ ഭാഗത്തായിരുന്നു. ഇവിടെ പരിശോധന നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ല.
പിന്നീട് ഈ ഭാഗത്തെ മൊബൈൽ ഫോൺ ടവറുകളുടെ വിവരങ്ങൾ സർവിസ് ദാതാക്കളിൽ നിന്ന് ശേഖരിച്ചു. ഫോണുകളുടെ ഐപി വിലാസത്തിനായി യുഎസിലെ ഗൂഗിൾ ആസ്ഥാനത്തേക്കും അന്വേഷണ സംഘം സന്ദേശം നൽകി. കാണാതായ ദിവസത്തെ നഗരത്തിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു.
മാമിയുമായി ചേർന്ന് ബിസിനസ് നടത്തിയവർ, സാമ്പത്തിക ഇടപാടുകൾ നടത്തിയവർ, ബന്ധുക്കൾ, ജീവനക്കാർ അടക്കമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും തിരോധാനവുമായി ബന്ധപ്പെട്ട സൂചനകളൊന്നും കിട്ടിയില്ല. കാണാതായ ദിവസം തന്നെ ആട്ടൂർ മുഹമ്മദ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ സ്വിച്ചോഫ് ആയിരുന്നു. അവസാനം മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചത് കോഴിക്കോട് തലക്കുളത്തൂരിലാണ്. മാമിയുടെ ഓഫിസുള്ള അരയിടത്തുപാലം സിഡി ടവറിനടുത്തുനിന്ന് 21ന് വൈകീട്ടാണ് ഇദ്ദേഹത്തെ കാണാതായത്.