ഹേമ കമ്മറ്റി റിപ്പോർട്ട്; മുകേഷ് വായിച്ചിട്ടുണ്ടെന്ന് വിഡി സതീശൻ!

Divya John
 ഹേമ കമ്മറ്റി റിപ്പോർട്ട്; മുകേഷ് വായിച്ചിട്ടുണ്ടെന്ന് വിഡി സതീശൻ! സിനിമ നയരൂപീകരണ കമ്മിറ്റിയിൽ മുകേഷ് ഇപ്പോഴും അംഗമാണ്. ഈ സമിതിയിലെ അംഗമെന്ന നിലയിൽ മുകേഷിന് ഹേമ കമ്മിറ്റി റിപ്പോർട്ട് വായിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് വിഡി സതീശൻ വിശദീകരിച്ചു. "2023 ജൂലൈയിലാണ് മുകേഷ് ഉൾപ്പെടെ പത്ത് അംഗങ്ങളെ ഉൾപ്പെടുത്തി നയരൂപീകരണ സമിതി രൂപീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച് രണ്ട് മാസത്തിനകം ശിപാർശകൾ നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. അപ്പോൾ മുകേഷ് ഉൾപ്പെടെയുള്ളവർ ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.സർക്കാർ പൂർണ രഹസ്യമെന്ന് പറയുന്ന ഹേമ കമ്മറ്റി റിപ്പോർട്ട് മുകേഷ് എംഎൽഎ വായിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോപണ വിധേയനായ മുകേഷിന് സി.പി.എം കുടചൂടിക്കൊടുക്കുകയാണ്. ഘടകകക്ഷികൾ ആവശ്യപ്പെട്ടു പോലും സി.പി.എം മുകേഷിനെ സംരക്ഷിക്കുകയാണ്.



ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിനെ ആധാരമാക്കി അന്വേഷണം നടത്തി കേസെടുക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പക്ഷെ സി.പി.എം അതിൽ തൊടുന്നില്ല. ഒരുപാട് പേരെ സി.പി.എമ്മിന് സംരക്ഷിക്കാനുണ്ട്. കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടും നിയമസംവിധാനങ്ങളെ ലംഘിച്ചാണ് റിപ്പോർട്ട് നാലര വർഷം പൂഴ്ത്തി വച്ചത്. ഇപ്പോഴും അന്വേഷണത്തിന് തയാറല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷമുള്ള പ്രതികരണങ്ങളെയും ആരോപണങ്ങളെയും കുറിച്ച് അന്വേഷിക്കാനാണ് ഇപ്പോൾ പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. അതിലാണ് മുകേഷ് ഉൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നത്. എന്നിട്ടും സി.പി.എം മുകേഷിനെ സി.പി.എം സംരക്ഷിക്കുന്ന ചിത്രമാണ് ജനങ്ങൾക്ക് മുന്നിലുള്ളത്.




ഹേമ റിപ്പോർട്ട് പുറത്തു കൊടുക്കാൻ പാടില്ലെന്ന് ഹേമ കമ്മിറ്റി തന്നെ ആവശ്യപ്പെട്ടു എന്നതായിരുന്നു മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രതിരോധം. പക്ഷെ 2023 ജൂലൈയിൽ രൂപീകരിച്ച സിനിമ നയരൂപീകരണ സമിതിയിലെ മുകേഷ് ഉൾപ്പെടെയുള്ളവർ രഹസ്യമാണെന്നു പറയുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ചിട്ടുണ്ട്. ഇപ്പോൾ മുകേഷ് പ്രതിയായി നിൽക്കുകയാണ്. സർക്കാർ എന്തെല്ലാമാണ് പ്രതികൾക്ക് ചെയ്തു കൊടുത്തതെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.മതസ്പർദ്ധയും ഭിന്നിപ്പും ഉണ്ടാക്കുന്നതിന് വേണ്ടി വടകരയിൽ വ്യാജ സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കിയവരെ സി.പി.എം സംരക്ഷിക്കുകയാണ്. സി.പി.എമ്മിലെ സമുന്നതരായ നേതാക്കൾക്കും ഗൂഡാലോചനയിൽ പങ്കുണ്ട്. എന്നിട്ടാണ് പ്രതിയെ അറിയില്ലെന്നു പറഞ്ഞ് പോലീസ് കയ്യും കെട്ടി നോക്കി നിൽക്കുന്നത്.



 സ്‌ക്രീൻ ഷോട്ട് ഉണ്ടാക്കിയവരെയും പ്രചരിപ്പിച്ചവരെയും പൊലീസിന് അറിയാം. പക്ഷെ പൊലീസിന്റെ കയ്യും കാലും കെട്ടപ്പെട്ടിരിക്കുകയാണ്. കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ നിരപരാധിയായ യൂത്ത് ലീഗ് പ്രവർത്തകൻ കാസിം പ്രതി ആയേനെ. കോടതി ഇടപെട്ടതു കൊണ്ടാണ് റിപ്പോർട്ട് നൽകാനെങ്കിലും പൊലീസ് തയാറായത്. നിയമവ്യവസ്ഥ സ്വന്തക്കാർക്ക് ബാധകമല്ലെന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. വിവരാവകാശ കമ്മിഷണർ ആവശ്യപ്പെടാത്ത പേജുകൾ പോലും സർക്കാർ ഒഴിവാക്കിയത് ആരെ രക്ഷിക്കാനായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കുറ്റവാളികളെ സംരക്ഷിക്കാനുള്ള തത്രപ്പാടിൽ സിനിമ ലോകത്തെ സത്യസന്ധരായ ആളുകളെ കൂടി സർക്കാർ സംശയ നിഴലിലാക്കിയിരിക്കുകയാണ്. 



സിനിമ രംഗത്തെ ഈ സർക്കാർ തകർക്കുകയാണ്. സിനിമയോട് ജനങ്ങൾക്ക് അകൽച്ച വരുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകരുത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകിയ കത്തിന് ഒരു മറുപടിയും കിട്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ തൊടില്ലെന്ന നിലപാടിലാണ് സർക്കാർ. ആരെയാണ് സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

Find Out More:

Related Articles: