ബഡ്ജറ്റിൽ ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി നൽകിയത് എന്തെല്ലാം?

Divya John
 ബഡ്ജറ്റിൽ ബിഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി നൽകിയത് എന്തെല്ലാം? മൂന്നാം നരേന്ദ്ര മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ കേരളത്തിൻ്റെ ആവശ്യങ്ങൾ കാണാതെ പോകുകയായിരുന്നു. കേരളത്തിൻ്റെ ആവശ്യങ്ങളിൽ നിന്ന് മുഖം തിരിച്ചെങ്കിലും ആന്ധ്ര പ്രദേശ്, ബിഹാർ സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകുന്ന ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. ലോക്സഭയിലേക്ക് കേരളത്തിൽ നിന്ന് ആദ്യമായി താമര വിരിഞ്ഞതിൻ്റെ നേട്ടം സംസ്ഥാനത്തിനുണ്ടാകുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നതെങ്കിലും അതുണ്ടായില്ല. പുതിയ വിമാനത്താവളങ്ങൾ, മെഡിക്കൽ കോളേജുകൾ, ഹൈവേകൾ എന്നിവ ബിഹാറിലെത്തുമ്പോൾ ആന്ധ്രപ്രദേശിന് പ്രത്യേക സാമ്പത്തിക സഹായം 2024ലെ ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ആന്ധ്ര പ്രദേശിൻ്റെ കാർഷിക മേഖലയെ താങ്ങിനിർത്തുന്ന പൊള്ളാവരം ജലസേചന പദ്ധതിക്ക് പ്രത്യേക സഹായമുണ്ടാകുമെന്ന് ധനമന്ത്രി വ്യക്തമാക്കി.



പോളവാരം ജലസേചന പദ്ധതി പൂർത്തീകരിക്കുന്നതിന് ധനസഹായം നൽകുന്നതിന് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു.
 റബ്ബറിൻ്റെ താങ്ങുവില 250 രൂപയാക്കുക എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിന് പുറത്തായിരുന്നു. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള 24,000 കോടിയുടെ സാമ്പത്തിക പാക്കേജ്, ഉയർന്ന ജിഎസ്ടി വിഹിതം, സിൽവർ ലൈൻ പദ്ധതിക്ക് അനുമതി, എയിംസ്, വിനോദ സഞ്ചാര മേഖലയ്ക്കുള്ള സഹായം, വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കായുള്ള സാമ്പത്തിക പാക്കേജ് എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് കേന്ദ്രത്തിന് മുന്നിൽ കേരളം വെച്ചത്. എന്നാൽ ഈ ആവശ്യങ്ങൾ നിർമല സീതാരാമൻ്റെ ബജറ്റിന് പുറത്തായിരുന്നു സ്ഥാനം.



അമൃത്സർ - കൊൽക്കത്ത വ്യാവസായിക ഇടനാഴിയിൽ ബിഹാറിലെ ഗയയിൽ വ്യാവസായിക മേഖല വികസനത്തിന് പിന്തുണ നൽകുമെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഇത് കിഴക്കൻ മേഖലയുടെ വികസനത്തിന് ഉത്തേജനം നൽകും. വൻ പദ്ധതികളായ പദ്ധതികളായ പട്‌ന - പൂർണിയ എക്‌സ്‌പ്രസ് വേ, ബക്‌സർ - ഭഗൽപൂർ ഹൈവേ, ബോധ്ഗയ - രാജ്ഗിർ - വൈശാലി - ദർഭംഗ, 26,000 കോടി രൂപയുടെ ഗംഗാനദിക്ക് കുറുകെയുള്ള അധിക രണ്ടുവരി പാലം എന്നിവയുടെ വികസനത്തിനും പണം അനുവദിക്കും. ബിഹാറിലെ വിവിധ റോഡ് നിർമാണ പദ്ധതികൾക്കായി 26,000 കോടി രൂപ നീക്കിവച്ചതായി ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സംസ്ഥാനത്തിൻ്റെ വികസനം ലക്ഷ്യമാക്കി ധനസഹായം ഉറപ്പാക്കും.



 വൻകിട റോഡ് പദ്ധതികൾക്കൊപ്പം വിമാനത്താവളങ്ങൾ, മെഡിക്കൽ കോളേജുകൾ, കായിക മേഖലയിലും പുതിയ പദ്ധതികൾ വരും. രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളിലൊന്നായ ബിഹാറിന് പ്രത്യേക പദവി നൽകണമെന്ന ജെഡിയുവിൻ്റെ ആവശ്യം നിലനിൽക്കെയാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടായത്.വെള്ളപ്പൊക്കെ പ്രതിരോധ നടപടികൾക്കായി ബിഹാറിന് 11500 കോടി രൂപയും അനുവദിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. നിഹാറിലെ ഐതിഹാസിക ക്ഷേത്രങ്ങളിൽ ക്ഷേത്ര ഇടനാഴികൾ വികസിപ്പിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ട്. കാശി മാതൃക ബോധഗയയിൽ നടപ്പാക്കും. രാജ്ഗിർ ജൈനക്ഷേത്ര സ്ഥലത്തിനും പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്.

Find Out More:

Related Articles: