മോദി സർക്കാരിൻ്റെ കന്നി ബജറ്റ്; സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം അറിയാം!

Divya John
 മോദി സർക്കാരിൻ്റെ കന്നി ബജറ്റ്; സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം അറിയാം! ആദായനികുതിയിലെ പരിഷ്കരണം മുതൽ മുദ്രാ വായ്പാ പരിധി ഇരട്ടിയാക്കിയത്, സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ചത്, കാൻസർ മരുന്നുകളുടെ നികുതി നീക്കിയത്, ഓഹരി വിപണിയിൽ നിന്നുള്ള ഹ്രസ്വകാല - ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതി വർധിപ്പിച്ചത്, ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ആദ്യ ശമ്പളം സർക്കാർ നൽകും എന്നിങ്ങനെ നീളുന്നു ബജറ്റിലെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ. കേന്ദ്രസർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിനെക്കുറിച്ച് സാമ്പത്തിക രംഗത്തെ വിദഗ്ധരുടെ അഭിപ്രായം എന്താണെന്ന് അറിയാം. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ കന്നി ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചിരിക്കുകയാണ്.


ഡോ. വികെ വിജയകുമാർ (ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജി, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)
ധനക്കമ്മി കുറയ്ക്കുന്നതിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ ബജറ്റ്. ഇടക്കാല ബജറ്റിലെ 5.1 ശതമാനത്തിൽനിന്ന് 2025 സാമ്പത്തിക വർഷത്തേക്കുള്ള ധനക്കമ്മി ലക്ഷ്യം 4.9 ശതമാനമായി കുറച്ചതിൽനിന്ന് സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്ക് സർക്കാർ നൽകുന്ന ഊന്നൽ വ്യക്തമാണ്. ഇതോടൊപ്പം 2025 സാമ്പത്തിക വർഷത്തിൽ മൂലധന ചെലവിനായി 11.11 ലക്ഷം കോടി രൂപ (ജിഡിപിയുടെ 3.4 ശതമാനം) വകയിരുത്തിയത് ദീർഘകാലാടിസ്ഥാനത്തിൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് പ്രതീക്ഷ നൽകുന്നു. ഇടക്കാല ബജറ്റിൽ പറഞ്ഞിരുന്ന പുരോഗമനപരമായ നടപടികളെ അടിസ്ഥാനമാക്കിയാണ് ഈ ബജറ്റിൽ പ്രതീക്ഷയർപ്പിച്ചിരുന്നത്.



സർക്കാർ ചെലവുകൾ ഇടക്കാല ബജറ്റിന്റെ ലക്ഷ്യവുമായി പൊരുത്തപ്പെടുന്നതാണെന്ന് കാണാം. ധനക്കമ്മി 4.9 ശതമാനമായി കുറയ്ക്കുക എന്നതിനാണ് ഊന്നൽ നൽകിയിരിക്കുന്നത്. ഇത് 2024 സാമ്പത്തിക വർഷത്തിൽ കണക്കാക്കിയ 5.6 ശതമാനത്തേക്കാൾ വളരെ കുറവാണ്.ഓഹരി വാങ്ങുന്നവരുടെ കൈകളിൽനിന്ന് നികുതി ഈടാക്കുന്നതും വിപണിക്ക് പ്രതികൂലമാണ്. ഫ്യൂച്ചേഴ്‌സ് ആന്റ് ഓപ്ഷൻസ് (എഫ് ആന്റ് എ) ട്രേഡിങ്ങിനു മേൽ ഉയർന്ന നികുതി ചുമത്തിയത് പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. വിപണിയിലെ അമിതമായ ഊഹക്കച്ചവടങ്ങൾ കുറയ്ക്കുന്നതിന് ഇത് സഹായകമാകും. എയ്ഞ്ചൽ ടാക്‌സ് നിർത്തലാക്കാനുള്ള ബജറ്റ് നിർദേശം സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് വലിയ ഉത്തേജനമാകും.


ഭവന, തൊഴിൽ മേഖലയ്ക്ക് നൽകിയിട്ടുള്ള ഊന്നൽ എടുത്തുപറയേണ്ടതാണ്. പ്രധാനമന്ത്രി ആവാസ് യോജനയിലേക്ക് (പിഎംഎവൈ) കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്. കൂടാതെ, കാർഷിക ഗവേഷണത്തിനും ഗ്രാമ വികസനത്തിനുമായി നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. യുവാക്കൾക്കും കർഷകർക്കും ബിസിനസുകാർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന നിർദേശങ്ങളും ബജറ്റിലുണ്ട്. സമ്പദ്‌വ്യവസ്ഥയെ കൂടുതൽ കരുത്തോടെ, വളർച്ചയുടെ പാതയിൽ നയിക്കാൻ കെൽപ്പുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

Find Out More:

Related Articles: