എഐ ക്യാമറ ഇന്ന് രാത്രി മുതൽ കണ്ണ് തുറക്കും: സൂക്ഷിച്ചാൽ ദുഖിക്കണ്ട!

Divya John
 എഐ ക്യാമറ ഇന്ന് രാത്രി മുതൽ കണ്ണ് തുറക്കും: സൂക്ഷിച്ചാൽ ദുഖിക്കണ്ട! ഗതാഗത നിയമലംഘനങ്ങൾക്ക് നാളെ മുതൽ പിഴ ചുമത്തും. 726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. മോട്ടോർവാഹന വകുപ്പും കെൽട്രോണും ചേർന്ന് റോഡുകളിൽ സ്ഥാപിച്ച ക്യാമറകൾ ഇന്ന് അർധരാത്രി മുതൽ പൂർണതോതിൽ പ്രവർത്തിക്കും.  എഐ ക്യാമറയിൽ ഇന്ന് അർധരാത്രി കൺതുറക്കും. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, അപകടം ഉണ്ടാക്കി നിർത്താതെ പോകൽ എന്നിവ പിടിക്കാൻ 675 ക്യാമറകളും സിഗ്നൽ ലംഘിച്ച് പോയി കഴിഞ്ഞാൽ പിടികൂടാൻ 18 ക്യാമറകളുമാണ് ഉള്ളത്. നിയമലംഘനം നടന്ന് ആറ് മണിക്കൂറിനുള്ളിൽ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസ്സിൽ രജിസ്‌ട്രേഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കിൽ ടാക്‌സ് അടക്കുമ്പോഴും വാഹനം കൈമാറ്റം ചെയ്യുമ്പോഴും പിഴത്തുക അടയ്‌ക്കേണ്ടി വരും. ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാൽ അത്രയധികം തവണ പിഴ അടക്കേണ്ടി വരും.



 726 ക്യാമറകളാണ്  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി  സ്ഥാപിച്ചിരിക്കുന്നത്. 675 എഐ ക്യാമറകൾ, 25 പാർക്കിങ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ സ്ഥാപിച്ചത്. ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരുടെയും പിറകിൽ ഇരിക്കുന്നവരുടെയും ഹെൽമെറ്റ് ധരിക്കൽ, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത്, എല്ലാ വാഹനങ്ങളിലെയും മൊബൈൽ ഫോൺ ഉപയോഗം, പാസഞ്ചർ കാർ അടക്കമുള്ള വാഹനങ്ങളിലെ സീറ്റ് ബെൽറ്റ് ഉപയോഗം, സാധുതയില്ലാത്ത രേഖകളുള്ള വാഹനങ്ങളുടെ പരിശോധന, അനധികൃത പാർക്കിങ്, അമിതവേഗം, ചുവപ്പ് സിഗ്‌നൽ ലംഘനം എന്നിവയാണ് ക്യാമറകൾ കണ്ടെത്തുക. ഹൈ പീക്ക് ഔട്ട്പുട്ട് ഉള്ള ഇൻഫ്രാറെഡ് ക്യാമറകളായതിനാൽ രാത്രികാലങ്ങളിലും കഠിനമായ കാലാവസ്ഥകളിലും കൃത്യതയോടെ ദൃശ്യങ്ങൾ പകർത്താൻ കഴിയും.



 ഇരുചക്രവാഹനത്തിലെ മൂന്നാമത്തെയാൾ കുട്ടിയായാലും പിഴ ഈടാക്കും. കാറിൽ കൈക്കുഞ്ഞുങ്ങളെ പിൻസീറ്റിൽ മുതിർന്നവർക്കൊപ്പമോ, ബേബി സീറ്റിലോ ഇരുത്തണമെന്നാണ് എംവിഡിയുടെ നിർദേശം. ഒരു ക്യാമറ നിയമലംഘനം കണ്ടെത്തുന്ന വ്യക്തിക്കും വാഹനത്തിനും തുടർയാത്രയിലുള്ള അടുത്ത ക്യാമറയും സമാന നിയമലംഘനം കണ്ടെത്തിയിട്ടുണ്ടെങ്കിൽ പിഴ വീഴും. അതേസമയം, കാറിൽ ഹാൻഡ്‌സ് ഫ്രീ ബ്ലൂടൂത്ത് ഉപയോഗിച്ചു ഫോണിൽ സംസാരിക്കുന്നത്, പിൻസീറ്റ് യാത്രക്കാർക്കുള്ള സീറ്റ് ബെൽറ്റ് എന്നിവയ്ക്ക് തൽക്കാലം പിഴ ചുമത്തില്ലെന്നാണ് വിവരം. വാഹനത്തിനകത്ത് ഇരിക്കുന്നവരുടെ ദൃശ്യങ്ങൾ വ്യക്തമായി പതിയുമെന്നത് എഐ ക്യാമറയുടെ പ്രത്യേകതയാണ്. ഇത് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സഹായകമാകും. 



തിരുവനന്തപുരം ജില്ലയിൽ സജ്ജമാക്കിയിരിക്കുന്ന സെൽട്രൽ കൺട്രോൾ റൂമിലാണ് ക്യാമറയിലെ ദൃശ്യങ്ങൾ ആദ്യം എത്തുക. പിന്നീട്, ഇവിടെനിന്നു ദൃശ്യങ്ങൾ ജില്ലാ കൺട്രോൾ റൂമിലേക്ക് കൈമാറും. ഇതിനു ശേഷം ഉടമകൾക്ക് അതത് മേൽവിലാസത്തിലേക്ക് നിയമലംഘനവും പിഴത്തുകയും വിവരിക്കുന്ന നോട്ടീസ് എത്തും. വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്ന ഫോൺ നമ്പറിലേക്കും പിഴത്തുക മെസേജായി വരും. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനകം പിഴ അടക്കണം. ഇല്ലെങ്കിൽ പിഴ ഇരട്ടിയാകും. അക്ഷയകേന്ദ്രങ്ങൾ വഴി പിഴ അടക്കാം.
 സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത ഒന്നരക്കോടിയോളം വാഹനങ്ങളിൽ 70 ലക്ഷത്തിലധികം വാഹനങ്ങളുടെ ഉടമകൾക്ക് നിയമലംഘനത്തിന്റെ ഇ ചെലാൻ എസ്എംഎസ് ആയി ലഭിക്കില്ല. ഇത്രയും വാഹന ഉടമകളുടെ മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി തുടങ്ങിയവ മോട്ടോർ വാഹനവകുപ്പിന്റെ പോർട്ടലിൽ ഇല്ലാത്തതാണ് കാരണം.
 

Find Out More:

Related Articles: