ബിജെപിയുടെ കേരള വിരുദ്ധ പ്രചാരണം കർണാടകയിൽ വില പോകാത്തത് എന്ത് കൊണ്ട്?

Divya John
 ബിജെപിയുടെ കേരള വിരുദ്ധ പ്രചാരണം കർണാടകയിൽ വില പോകാത്തത് എന്ത് കൊണ്ട്?  ദി കേരള സ്‌റ്റോറി സിനിമയെ കുറിച്ചുള്ള ചർച്ചയിലൂടെയായിരുന്നു മോദി അതിന് വഴിവെട്ടിയത്. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിന് മുന്നോടിയായി ബംഗളൂരുവിൽ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം വരെ ബിജെപി നടത്തിയിരുന്നു. പടം കാണാൻ പാർട്ടി അധ്യക്ഷൻ ജെപി നദ്ദയെ എത്തിച്ചതിലൂടെ വിഷയത്തിന് രാഷ്ട്രീയമുഖം നൽകുന്നതിനും ശ്രമിച്ചതും ശ്രദ്ധേയമാണ്. മതപരിവർത്തനം തടയൽ ബിൽ, ഹിജാബ്, സംവരണം റദ്ദാക്കൽ തുടങ്ങി വിവിധ ന്യൂനപക്ഷ വിഷയങ്ങൾ നിയമസഭ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന കാലം മുതൽ കർണാടകയിൽ സജീവമാക്കി നിലനിർത്തിയിരുന്നു ബിജെപി. അതിലേക്കുള്ള അവസാന ആണി അടിക്കലിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചത് കേരള വിരുദ്ധതയായിരുന്നു.



പാർട്ടിയുടെ യുവമോർച്ച നേതാവായ തേജ്വസി സൂര്യ ട്വിറ്ററിൽ കുറിച്ചത് സിനിമ നമ്മുടെ കാലത്തെ കേരളത്തിന്റെ സാമൂഹിക വിഷയങ്ങൾ രേഖപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ബംഗളൂരുവിലെ യുവതികളെ ഈ ചിത്രം കാണാൻ ക്ഷണിക്കുന്നുവെന്നുമാണ്. ഇതിനൊപ്പമാണ് കേരള സ്റ്റോറി ഭീകരതയുടെ വികൃതമായ മുഖം തുറന്നുകാട്ടുന്നുവെന്ന് മോദിയും കേരളം നിങ്ങളുടെ അടുത്തുണ്ട്, കൂടുതലൊന്നും പറയുന്നില്ലെന്ന് അമിത് ഷായും തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞത്. മതപരിവർത്തനം തടയൽ ബിൽ പോലുളളവയിൽ താൽപര്യം കാണിച്ച കന്നഡ ജനത കേരള സ്റ്റോറിയെ ആ തലത്തിൽ തന്നെ വിലയിരുത്തുമെന്നാണ് ബിജെപി കണകാക്കിയത്. പറയുമ്പോൾ മതപരിവർത്തനം തടയൽ നിയമം പോലുള്ളവ കന്നഡ മണ്ണിൽ ബിജെപിയ്ക്ക് സാധ്യതകൾ കൽപ്പിച്ചിരുന്നെങ്കിലും ഭരണകക്ഷിയോട് ജനത്തിനുണ്ടായിരുന്ന പ്രതിഷേധം ശക്തമായിരുന്നു. അഴിമതിയിൽ മുങ്ങിക്കുളിച്ച ബൊമ്മെ സർക്കാരിനെ വെളുപ്പിച്ചെടുക്കാൻ പാർട്ടി കൊണ്ടുവന്ന മാർഗങ്ങളിലൊന്നായിരുന്നു അഴിമതിക്കറ പുരളത്താവരും പുതുമുഖങ്ങളും സ്ഥാനാർത്ഥികളാവുകയെന്നത്.



എന്നാൽ അവസാന ഫലങ്ങൾ വരുമ്പോൾ മനസ്സിലാവുന്നത് നിലവിലെ അഴിമതിക്കാർക്കെതിരേ നടപടിയെടുക്കാത്ത പാർട്ടി കൊണ്ടുവന്ന പുതു സ്ഥാനാർത്ഥികളോടും കന്നഡകാർക്ക് പ്രിയമില്ലെന്നാണ്. ജാതീപ്രീണന നയങ്ങൾ,ന്യൂനപക്ഷ അവഗണന എന്നിവയെല്ലാം കന്നഡയിൽ ഭരണവിരുദ്ധ വികാരത്തിന്റെ ആക്കം കൂട്ടിയവയാണ്. പോരാത്തതിന് കഴിഞ്ഞ 5 വർഷത്തിനിടെ സംസ്ഥാനം നിരവധി അക്രമസംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. പ്രത്യേകിച്ച് മംഗലാപുരം, ഉഡുപ്പി, ഷിമോഗ മേഖലകളിൽ. പൊതുവേ സമാധാനത്തിന്റെ വക്താക്കളാണ് കന്നഡിഗർ. ഇത്രത്തോളം പ്രശ്‌നങ്ങൾ അതിശക്തമായി സംസ്ഥാന രാഷ്ട്രീയത്തിൽ നിലനിൽക്കെ മറ്റൊരു സംസ്ഥാനത്തിന്റെ അവസ്ഥ നിങ്ങൾക്കും വന്നേക്കും എന്ന് പറഞ്ഞ് അവരെ പേടിപ്പിച്ചിട്ട് കാര്യമുണ്ടോ? ഇല്ല, അതാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നതും. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി കർണാടക സന്ദർശിച്ചത് ആറ് തവണയാണ്. റോഡുകൾ ഉൾപ്പെടെ നിരവധി വികസന പദ്ധതികൾ സംസ്ഥാനത്തിന് സമർപ്പിക്കുകയും ചെയ്തു. 



എന്നാൽ വോട്ട് ലക്ഷ്യമിട്ട് നടത്തിയ ഈ പദ്ധതികളുടെ ഗുണം വോട്ടായി ജനം ആർക്ക് നൽകും? അത്തരത്തിൽ ഉയർത്തികാട്ടാൻ ബിജെപിയ്ക്ക് കൃത്യമായ ഒരു നേതാവുണ്ടായിരുന്നില്ല. ജാതിസമവാക്യങ്ങളിൽ മുഖ്യനെ തീരുമാനിക്കുന്ന സംസ്ഥാനം കൂടിയാണ് കർണാടകയെന്നതും ഓർക്കണം. അവിടെ കോൺഗ്രസിന് ശിവകുമാറും സിദ്ധരാമയ്യയും അടക്കം നിരവധി നേതാക്കളുണ്ട്. ഇതുവരെ ബിജെപി ഉയർത്തി കാട്ടിയിരുന്ന യെദ്യൂരപ്പയാവട്ടെ കുറെക്കാലമായി അസഹിഷ്ണതകളോടെയാണ് തുടരുന്നതും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാൻ സാധ്യതയുണ്ടായിരുന്ന ജഗദീഷ് ഷെട്ടാറാവട്ടെ പുറത്ത് പോവുകയും ചെയ്തു. വികസന പദ്ധതികൾ ഉയർത്തിക്കൊണ്ടായിരുന്നു ബിജെപി തിരഞ്ഞെടുപ്പിന് തുടക്കമിട്ടതെങ്കിലും ഒരു ഘട്ടത്തിൽ ഹിന്ദു വോട്ടുകൾ ഏകീകരിക്കുന്നതിനായി പ്രീണന രാഷ്ട്രീയത്തിലേക്ക് പോവുകയും വർഗീയ കാർഡ് ഇറക്കുകയുമായിരുന്നു. അവിടംമുതൽ പാർട്ടിയ്ക്ക് അടിതെറ്റി. ഹനുമാൻ ചാലിസയും മതംമാറ്റവും ബിജെപി ഉയർത്തിയപ്പോൾ കോൺഗ്രസ് ഭരണകക്ഷിയുടെ അഴിമതിമുഖം വെളിപ്പെടുത്തുന്നതിൽ ശ്രദ്ധിച്ചു. ഒപ്പം പ്രാദേശിക വികസനവും ജനകീയ പ്രഖ്യാപനങ്ങളുമായി കളം നിറഞ്ഞു. കൂടാതെ 21 ദിവസമാണ് കർണാടകയിൽ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത്.

Find Out More:

Related Articles: