ഉൾഗ്രാമങ്ങളിലും മികച്ച ഇന്റർനെറ്റ് സേവനവുമായി കെഫോൺ വരും!

Divya John
ഉൾഗ്രാമങ്ങളിലും മികച്ച ഇന്റർനെറ്റ് സേവനവുമായി കെഫോൺ വരും! ഇന്റർനെറ്റും സ്മാർട്ട് ഫോണും എങ്ങനെയാണ് ഒരു ജനതയുടെ ജീവിതം സുഗമമാക്കുക എന്ന കോവിഡ് കാലത്ത് നമ്മൾ കണ്ടു. എന്നാൽ കോവിഡിനും മുമ്പേ ഇന്റർനെറ്റിന്റെ പരിധിക്ക് പുറത്തായ സമൂഹത്തെ കൈപിടിച്ചുയർത്താൻ എല്ലാവരും ബാധ്യസ്ഥരാണ്. അതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് കെ-ഫോൺ. കേരളത്തിന്റ ഉൾപ്രദേശങ്ങളിൽ ഇന്റർനെറ്റ് സൗകര്യങ്ങളുടെ സ്ഥിതി എന്താണെന്ന് നമുക്കറിയാം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇത്തരം പ്രദേശങ്ങളിൽ കാര്യമായ കച്ചവടം കണ്ടെത്താൻ ഇന്റർനെറ്റ് സേവനദാതാക്കൾക്ക് സാധിക്കില്ല. ഇക്കാരണത്താൽത്തന്നെ അവർ ഇത്തരം പ്രദേശങ്ങളിലേക്ക് തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാൻ മെനക്കെടില്ല. നഗരപ്രദേശങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വികസനപരമായ വലിയ അന്തരത്തിന് ഇത് കാരണമാകും. 



  സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗ്രാമങ്ങളിലേക്കും ഏറ്റവും മികച്ച ഇന്റർനെറ്റ് സേവനം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ-ഫോൺ പദ്ധതി യഥാർഥ്യമാവാൻ ഇനി കുറച്ച് ദിവസങ്ങൾ കൂടി കാത്തിരുന്നാൽ മതി. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തിൽ നടപ്പിലാക്കുന്ന കെ-ഫോൺ ജൂൺ അഞ്ചിന് ഉദ്ഘാടനം ചെയ്യുമെന്നാണ് പുതിയ വാർത്ത. കെ-ഫോൺ നടപ്പിലായാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യം സൗജന്യമായി ലഭിക്കും. മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ഉപയോഗപ്പെടുത്താൻ സാധിക്കും.



  
ഡാറ്റാ ഹൈവേ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് എത്തിക്കാനും അതിനായി ഒപ്റ്റിക്കൽ ഫൈബർ കേബിൾ ശൃംഖല കേരളത്തിലുടനീളം സ്ഥാപിക്കാനുമാണ് ലക്ഷ്യമിടുന്നത്. കേരളാ വിഷനെയാണ് കണക്ഷൻ നൽകാൻ തിരഞ്ഞെടുത്തിരുന്നത്. 1516 കോടിയോളം രൂപ പദ്ധതി ചെലവിൽ ഒരുങ്ങിയ കെ-ഫോൺ പക്ഷേ പദ്ധതി പ്രഖ്യാപിച്ച് ആറുവർഷം കഴിഞ്ഞിട്ടും എവിടെയുമെത്താതെ ആയതോടെ സർക്കാറിന് നേരെ ആരോപണങ്ങൾ ഉയർന്നു. കെ-ഫോണിന് ലഭിച്ച ഐ.എസ്.പി. ലൈസൻസ് ഉപയോഗിച്ച് സർക്കാർ വാഗ്ദാനം ചെയ്തത് പോലെ ഡാറ്റ നൽകാൻ കഴിയില്ലെന്ന വാദവും ഇതിനിടയിൽ പൊന്തിവന്നു. ബി. എസ്. എൻ. എല്ലിനെ ഡാറ്റാ വാങ്ങാൻ തിരഞ്ഞെടുത്തെങ്കിലും ചെലവെന്താണ്, എത്ര വാങ്ങണം തുടങ്ങിയ കാര്യങ്ങളിൽ അവ്യക്തത തുടർന്നു. സംശയങ്ങളും അവ്യക്തതകളും പരിഹരിച്ചാണ് കെ-ഫോൺ കേരളത്തിലെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്താൻ പോകുന്നത്.



  വികസ്വര രാജ്യങ്ങളിൽ കഴിയുന്ന ഏകദേശം നാല് ബില്യൺ കോടി ജനങ്ങളെങ്കിലും ഇപ്പോഴും ഇന്റർനെറ്റ് സേവനങ്ങൾക്ക് വെളിയിലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇന്റർനെറ്റ് സാധാരണക്കാരെ സാമ്പത്തികമായി വളരാൻ സഹായിക്കുമോ? പറ്റുമെന്നാണ് പഠനങ്ങൾ പറയുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനും അവരെ ശാക്തീകരിക്കാനും എങ്ങനെയാണ് ഇന്റർനെറ്റിന് സാധിക്കുക എന്നല്ലേ? സാധാരണക്കാർക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വേദിയാകുന്നതിന് പുറമേ മികച്ച പാർപ്പിടം, പോഷകാഹാരം എന്നിവ ലഭിക്കാനും ഇന്റർനെറ്റ് വഴി മറ്റുള്ളവരുമായുള്ള സമ്പർക്കത്തിലൂടെ സാധിക്കും. സുരക്ഷിതരായി കഴിയാനും വിദ്യാഭ്യാസം നേടാനും ആശയവിനിമയത്തിനും ഇന്റർനെറ്റ് സഹായിക്കും. മേഖലയിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകൾ ലക്ഷകണക്കിന് ആളുകളെയാണ് സഹായിക്കുക.

Find Out More:

Related Articles: