ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരെ ഡൽഹി പോലീസ് കേസെടുത്തു!

Divya John
ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരെ ഡൽഹി പോലീസ് കേസെടുത്തു! സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് രണ്ട് കേസുകളാണ് ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബ്രിജ് ഭൂഷനെതിരെ താരങ്ങൾ ഉന്നയിച്ച പരാതി ഗൗരവമുള്ളതെന്നും വിഷയത്തിൽ മറുപടി നൽകണമെന്നും ഡൽഹി പോലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചത്. ഗുസ്തി താരങ്ങൾ ഉന്നയിച്ച ലൈംഗികാരോപണങ്ങളെത്തുടർന്ന് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൻ ശരൺ സിങ്ങിനെതിരെ കേസെടുത്തു.പ്രായപൂർത്തിയാകാത്തയാളെ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയിൽ പോക്സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം ബ്രിജ് ഭൂഷണ് ജാമ്യം ലഭിക്കില്ല. ജന്തർ മന്തറിൽ ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗാട്ട് തുടങ്ങിയ താരങ്ങളുടെ നേതൃത്വത്തിൽ സമരം തുടരുന്നതിനിടെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.



   "ജുഡീഷ്യറിയുടെ തീരുമാനത്തിൽ ഞാൻ സന്തുഷ്ടനാണ്. ഡൽഹി പോലീസ് ആരോപണങ്ങൾ അന്വേഷിക്കും, സാധ്യമായ എല്ലാ വിധത്തിലും അവരുമായി സഹകരിക്കാൻ ഞാൻ തയ്യാറാണ്. ഈ രാജ്യത്ത് ജുഡീഷ്യറിയെക്കാൾ വലുത് ആരുമില്ല. എഫ്‌ഐആർ ഫയൽ ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഉത്തരവിനെ സ്വാഗതം ചെയ്യുന്നു,” ബ്രിജ് ഭൂഷൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരാതി നൽകിയ പ്രായപൂർത്തിയാകാത്ത താരത്തിനു സുരക്ഷ നൽകണമെന്നും കോടതി പോലീസിനോടു നിർദേശിച്ചിട്ടുണ്ട്. ഏതുവിധത്തിലാണ് താരത്തിനു ഭീഷണിയെന്ന് വിലയിരുത്തണമെന്നും കോടതി നിർദേശത്തിലുണ്ട്. അതേസമയം തനിക്കെതിരായ ലൈംഗികാരോപണങ്ങളിൽ പോലീസ് കേസ് ഫയൽ ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവിനെ ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷൻ സിങ് സ്വാഗതം ചെയ്തു. ഏപ്രിൽ 21നാണ് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 7 പെൺകുട്ടികൾ ബ്രിജ് ഭൂഷൻ ശര‍ൺ സിങ്ങിനെതിരെ ഡൽഹി പോലീസിൽ പരാതി നൽകിയത്.



  കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ഒളിംപിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെയുള്ള താരങ്ങളുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിച്ചത്. നേരത്തെ ജനുവരിയിലായിരുന്നു ബ്രിജ് ഭൂഷനെതിരെ ആദ്യം പരാതി ഉയർന്നത്. ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടി ഇല്ലാത്തതിനെ തുടർന്ന് ഏഴു വനിതാ ഗുസ്തി താരങ്ങൾ സുപ്രീംകോടതിയിൽ ഹർജി നൽകിയതിനെ തുടർന്നാണ് ഡൽഹി പോലീസ് നിലപാടറിയിച്ചത്. 



ഗുസ്തി താരങ്ങളുടെ ഹർജിയിൽ സുപ്രീംകോടതി ഡൽഹി പോലീസിന് നോട്ടീസ് അയച്ചിരുന്നു. 2012 മുതൽ 2022 വരെയുള്ള കാലയളവിൽ ബ്രിജ് ഭൂഷണിൽനിന്നു ലൈംഗികാതിക്രമവും ഭീഷണിയും നേരിട്ടുവെന്നു ചൂണ്ടിക്കാട്ടി ഏഴു വനിതാ താരങ്ങളാണ് വെവ്വേറ പരാതികളുമായി പോലീസിനെ സമീപിച്ചിരുന്നത്. എന്നാൽ നടപടി ഇല്ലാത്തതിനെ തുടർന്നു താരങ്ങൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വനിതാ താരങ്ങളുടെ ആരോപണങ്ങൾ ഗുരുതരമാണെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഡൽഹി പോലീസിന് നോട്ടീസ് നൽകിയിരുന്നത്.

Find Out More:

Related Articles: