ബലപ്രയോഗം വേണ്ടിവന്നാൽ നിയമാനുസൃതം മാത്രമേ നടത്താവൂ; പോലീസുകാർക്ക് നിർദേശങ്ങളുമായി ഡിജിപി! വിവിധ പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം കൃത്യവും സമഗ്രവുമായ വിവരങ്ങൾ ജില്ലാ പോലീസ് മേധാവിമാർക്ക് ലഭ്യമാകുന്ന തരത്തിൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം ശക്തിപ്പെടുത്തണം. പൊലീസ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവർത്തനങ്ങൾ സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർ കൃത്യമായി വിലയിരുത്തണമെന്നും ഡിജിപി വ്യക്തമാക്കി. ആഭ്യന്തര വകുപ്പിനെതിരെയും പോലീസിനെതിരെയും ആരോപണം ശക്തമായിരിക്കെ നിർദേശവുമായി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. കേസുകളും കുറ്റകൃത്യങ്ങളും മറ്റുമായി ബന്ധപ്പെട്ട് വ്യക്തികളെ പോലീസ് സ്റ്റേഷനുകളിൽ കൊണ്ടുവരുമ്പോൾ നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കണം.
വൈദ്യപരിശോധന ഉൾപ്പെടെയുള്ളവ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ചുമതല സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കുമായിരിക്കും. ഇത്തരം കേസുകളിൽ കേരള പോലീസ് ആക്ടിൽ വ്യക്തമാക്കിയ എല്ലാ നടപടിക്രമങ്ങളും പാലിക്കണം. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനുള്ള നിർദേശമാണ് ഡിജിപിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ജില്ലാ പോലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് അദ്ദേഹം നിർദ്ദേശങ്ങൾ നൽകിയത്. പോലീസിൻ്റെ ഇടപെടലുകൾ വിവാദമായി തുടരുന്നതിനിടെയാണ് ഡിജിപിയുടെ നിർദേശം.
കൊല്ലം കളികൊല്ലൂരിൽ സൈനികനേയും സഹോദരനേയും സ്റ്റേഷനിൽ വെച്ച് തല്ലി ചതച്ച സംഭവവും പാലക്കാട് വാളയാറിൽ ഹൃദ്രോഗിയായ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകും വഴി ബന്ധുക്കളെ മർദിച്ചതും വിവാദമായി തുടരുകയാണ്. സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ചതും മാങ്ങാ മോഷണവും പോലീസിന് നാണക്കേടായി. മലപ്പുറം കിഴിശ്ശേരിയിൽ പതിനേഴുകാരനായ പ്ലസ് വൺ വിദ്യാർഥിയെ മർദിച്ചു പോലീസിനെതിരെ പ്രതിഷേധം ശക്തമാണ്. നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളിൽ അല്ലാതെ ഒരു കാരണവശാലും ബലപ്രയോഗം പാടില്ല.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ബലപ്രയോഗം വേണ്ടിവന്നാൽ അത് നിയമാനുസൃതം മാത്രമേ ആകാവൂ എന്നും സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. ജില്ലാ പോലീസ് മേധാവിമാർ എല്ലാ പോലീസ് സ്റ്റേഷനുകളിലും കൃത്യമായ ഇടവേളകളിൽ സന്ദർശനം നടത്തണമെന്നും ഡിജിപി നിർദ്ദേശിച്ചു. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനുള്ള നിർദേശമാണ് ഡിജിപിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ജില്ലാ പോലീസ് മേധാവിമാരുടെയും റേഞ്ച് ഡിഐജിമാരുടെയും സോൺ ഐജിമാരുടെയും ഓൺലൈൻ യോഗത്തിലാണ് അദ്ദേഹം നിർദ്ദേശങ്ങൾ നൽകിയത്.