പ്രതിപക്ഷത്തിന് മറുപടിയുമായി പി രാജീവ്! മുഖ്യമന്ത്രി പറഞ്ഞത് എന്താണെന്ന് മലയാളം അറിയാവുന്ന എല്ലാവർക്കും മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിനൊപ്പം നിൽക്കാനുള്ള സൗഭാഗ്യം എന്നാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നും രാജീവ് പറഞ്ഞു. തൃക്കാക്കര മണ്ഡലം കൺവൻഷനിടെ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനെതിരായ പ്രതിപക്ഷ വിമർശനങ്ങൾ തള്ളി മന്ത്രി പി രാജീവ്. ഇടതുമുന്നണി മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നതിനിടെ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ തുടങ്ങിയവരെയെല്ലാം മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പി രാജീവ് വിശദീകരണവുമായി വന്നത്.
തൃക്കാക്കര സൗഭാഗ്യം തന്നെയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും നേരത്തെ പ്രതികരിച്ചിരുന്നു. യുഡിഎഫിനെ തോൽപ്പിക്കാനുള്ള സൗഭാഗ്യമാണ് തൃക്കാക്കരയിൽ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇടതുപക്ഷത്തിന് ഒപ്പം നിൽക്കാൻ തൃക്കാക്കരയിലെ ജനങ്ങൾക്ക് ഇതിനു മുമ്പ് കഴിഞ്ഞിട്ടില്ല. ആ അർഥത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. മറ്റു വിഷയങ്ങളൊന്നും കിട്ടാത്തത് കൊണ്ടാണ് കോൺഗ്രസ് ഈ വിഷയം ഉയർത്തുന്നതെന്നും പി രാജീവ് പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഉൾപ്പടെ എല്ലാവരും തൃക്കാക്കര കേന്ദ്രീകരിച്ചു പ്രവർത്തിക്കും 'ഒത്തുപിടിച്ചാൽ മലയും പോരും' എന്നാണല്ലോ എന്നും രാജീവ് പറഞ്ഞു. "പി ടി യെ പോലൊരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോ.
പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി ടി യെ തൃക്കാക്കരക്കാർക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഭൂരിപക്ഷം വർധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങൾ വിജയിപ്പിച്ചത്." ഉമ തോമസ് പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ രംഗത്ത് വന്ന യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് പ്രതികരണം പ്രതിഷേധാർഹവും ദുഖകരവും ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണെന്നും പറഞ്ഞിരുന്നു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൽഡിഎഫ് കൺവെൻഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം വിവാദത്തിൽ. തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പിനായി ലഭിച്ച അവസരം സൗഭാഗ്യമെന്ന രീതിയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശം പിടി തോമസിനോടുള്ള അവഹേളനമാണെന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം. യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് അടക്കമുള്ളവർ മുഖ്യമന്ത്രിയ്ക്കെതിരെ രംഗത്തെത്തിയതോടെ സംഭവം വിവാദമായിട്ടുണ്ട്.