ഏകീകൃത കുർബാനയ്ക്ക് പകരം സ്വതന്ത്രസഭയോ? മാർപാപ്പയുടെ കത്തിൽ സംശയം മാറിയില്ല! വത്തിക്കാനിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ കുർബാനക്രമത്തിലെ മാറ്റം സംബന്ധിച്ച് നൽകിയ നിർദേശത്തിൽ തീരുമാനമായില്ലെന്നാണ് വൈദികരുടെ വിശദീകരണം.എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നിർദേശം നടപ്പാക്കില്ലെന്ന് ഉറച്ച് വൈദികർ. കുർബാന ഏകീകരണം സംബന്ധിച്ച് ഇതാദ്യമായാണ് മാർപാപ്പ നേരിട്ട് ഇടപെടുന്നത് എന്നത് ശ്രദ്ധേയമാണ്. ഏകീകൃത കുർബാന നടപ്പാക്കാൻ വൈദിർക്ക് ബാധ്യതയുണ്ടെന്നായിരുന്നു കത്തിലെ സാരാംശം. മാർപാപ്പയുടെ കത്ത് പുറത്തു വന്നതിനു പിന്നാലെ ഇന്ന് കൊച്ചിയിൽ ഒരു വിഭാഗം വൈദികർ യോഗം ചേർന്നിരുന്നു.
'
മാർപാപ്പയുടെ കത്തിനെ മാനിക്കുന്നുവെന്നും എന്നാൽ ഇവിടുത്തെ സാഹചര്യം മാർപാപ്പ പൂർണമായി മനസ്സിലാക്കിയിട്ടുണ്ടോ എന്നു സംശയമുണ്ടെന്നുമാണ് വൈദികരുടെ നിലപാട്. ഈ സാഹചര്യത്തിൽ ജനാഭിമുഖ കുർബാന തന്നെ തുടരാനാണ് വൈദികരുടെ തീരുമാനം. ഈസ്റ്ററിനു മുന്നോടിയായി ഏകീകൃത കുർബാന നടപ്പാക്കണമെന്ന മാർപാപ്പയുടെ അന്ത്യശാസനത്തിൽ വിഷമം അറിയിക്കാനും വൈദികർ തീരുമാനിച്ചിട്ടുണ്ട്. സഭയുടെ ആരാധനാക്രമം നിശ്ചയിക്കാനുള്ള പരമാധികാരം സിനഡിനാണെന്നും ഈ സാഹചര്യത്തിൽ ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള തീരുമാനം അതിരൂപത നടപ്പിലാക്കണമെന്നുമാണ് മാർപാപ്പയുടെ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനായി ചില വിട്ടുവീഴ്ചകൾക്ക് കയ്യാറാകണമെന്നും കത്തിൽ നിർദേശിച്ചിട്ടുണ്ട്.
മെത്രാപ്പോലീത്തൻ വികാരിയെയും വൈദികരെയും വിശ്വാസികളെയും അഭിസംബോധന ചെയ്ത് എഴുതിയ കത്തിൽ ഏകീകൃത കുർബാന നടപ്പാക്കാത്തതിലെ വേദനയും വത്തിക്കാൻ പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, അതിരൂപത വർഷങ്ങളായി തുടരുന്ന ജനാഭിമുഖ കുർബാന തുടരണമെന്നാണ് അൽമായ മുന്നേറ്റത്തിൻ്റെ നിലപാട്. വലിയൊരു വിഭാഗം വൈദികരുടെ പിന്തുണയും ഇവർക്കുണ്ട്. ഈസ്റ്ററിനു മുൻപായി ഏകീകൃത കുർബാന നടപ്പാക്കണമെന്ന ആവശ്യവും ആൽമായ മുന്നേറ്റം തള്ളി. കത്തിൻ്റെ വിശ്വാസ്യതയിൽ തന്നെ സംശയമുണ്ടെന്നും ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള നിർദേശങ്ങൾ മാത്രമാണ് കത്തിലുള്ളതെന്നുമാണ് അൽമായ മുന്നേറ്റം വക്താവ് ഷൈജു ആൻ്റണി പറയുന്നത്.
പരമ്പരാഗത രീതി നിലനിർത്താനായി എറണാകുളം - അങ്കമാലി അതിരൂപതയെ സ്വതന്ത്രസഭയായി പ്രഖ്യാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.ചങ്ങനാശേരി അതിരൂപതടേത് അടക്കമുള്ള പള്ളികളിൽ നിലവിലുള്ള ഏകീകൃത കുർബാന എറണാകുളം അങ്കമാലി അതിരൂപതയിലും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധം തുടരുന്നതിനിടെയാണ് പുതിയ നീക്കങ്ങൾ. സിനഡ് തീരുമാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു നടത്തുന്ന സമരം 40 ദിവസം പിന്നിടുകയും ചെയ്തു. എന്നാൽ വിഷയത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും വിശദമായ ചർച്ചകൾ വേണ്ടിവരുമെന്നുമാണ് വൈദികർ അറിയിക്കുന്നത്.