ഇന്ധന വിലവർധന കൊടിയ വഞ്ചനയെന്ന് ജോസ് കെ മാണി! അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു ദിവസങ്ങൾക്കുള്ളിൽ ഇന്ധന - പാചക വാതക വില കുതിച്ചുയരുകയാണ്. പത്തുദിവസത്തിനുള്ളിൽ ഒമ്പതു തവണയാണ് വില വർധനയുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. തീപിടിക്കുന്ന ഇന്ധന വില വർധന ജനങ്ങളുടെ നിത്യജീവിതത്തിലാണ് കനൽകോരിയിടുകയാണെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാനും എംപിയുമായ ജോസ് കെ മാണി.കഴിഞ്ഞവർഷം നവംബർ നാലു മുതൽ 137 ദിവസക്കാലത്തേക്ക് മരവിപ്പിച്ചിരുന്ന വിലകളാണ് ഇപ്പോൾ വീണ്ടും അനുദിനമെന്ന പോലെ ഉയർത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വിലകുറയുമ്പോഴും രാജ്യത്ത് ഇന്ധനവില കൂടുന്നതെന്നതാണ് നടുക്കുന്ന യാഥാർഥ്യമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ആരോപിച്ചു.
പെട്രോളിന് 88 പൈസവരെയും ഡീസലിന് 85 പൈസവരെയും വ്യാഴാഴ്ച കൂട്ടിയതോടെ തിരുവനന്തപുരത്ത് ഡീസൽ വില ലിറ്ററിന് 100 രൂപ കടന്നു. പെട്രോൾ വില 113 രൂപയും. കോവിഡ് മഹാമാരിയുടെ കെടുതികളിൽ നിന്നും കരകയറിട്ടില്ലാത്ത സാധാരണക്കാരുടെ ജീവിതം അതീവ ദുസഹവും ദുരിതപൂർണ്ണവുമാവുകയാണെന്ന് ജോസ് കെ മാണി വ്യക്തമാക്കി. സ്വതന്ത്ര വിപണി വാദം ഉയർത്തിയുളള ഈ പകൽക്കൊള്ള അവസാനിപ്പിച്ചേ തീരൂ. കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഈ കൊടിയ വഞ്ചന വെച്ചു പൊറുപ്പിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മാർച്ച് 22 മുതൽ 31 വരെയുള്ള 10 ദിവസങ്ങളിൽ ഒമ്പത് തവണയും പെട്രോൾ, ഡീസൽ വില കൂടിയെന്ന് ജോസ് കെ മാണി പറഞ്ഞു. പാചക വാതക വിലയും വർധിച്ചു. അതേസമയം കെഎസ്ആർടിസി അടക്കമുള്ള വൻകിട ഉപഭോക്താക്കളോടുള്ള എണ്ണ കമ്പനികളുടെ വില നിർണയത്തിലെ ഇരട്ടത്താപ്പ് രാജ്യസഭയിൽ ഉന്നയിച്ച് കേരളാ കോൺഗ്രസ് (എം) ചെയർമാനും എംപിയുമായ ജോസ് കെ മാണി. സംസ്ഥാനത്തിൻ്റെ പൊതുഗതാഗത മേഖലയെ ഗുരുതരമായി ബാധിക്കുന്ന വിലവർധന ന്യായീകരിക്കാൻ കഴിയാത്തതാണ്. വിലവർധന പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്ആർടിസി ബസ് സർവീസുകൾക്ക് ഒരു ലീറ്റർ ഡീസലിന് 22 രൂപ അധികമായി ഈടാക്കിയ നടപടിക്കെതിരെയാണ് രാജ്യസഭയിൽ ജോസ് കെ മാണി ചോദ്യം ഉന്നയിച്ചത്. റഷ്യ യുക്രൈൻ യുദ്ധത്തിൻ്റെ പശ്ചാത്തലവും ആഭ്യന്തര വിപണിയിലുണ്ടായ ഏറ്റക്കുറച്ചിലുമാണ് പെട്രോളിയം ലഭ്യത കുറഞ്ഞ സാഹചര്യമുണ്ടാക്കിയതെന്ന് മറുപടിയായി പെട്രേളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. വില നിർണയം എണ്ണക്കമ്പനികളിൽ നിന്നും ഏറ്റെടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ പെട്രോളിയം മന്ത്രി നിലവിലെ സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുന്നതിന് അനുസരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞു. സിഎൻജിയുടെയും എൽഎൻജിയുടെയും ഇറക്കുമതി പൂർണമായും സ്വകാര്യ മേഖലയ്ക്കാണെന്ന് മന്ത്രി പറഞ്ഞു.