സിപിഎമ്മിന് ഇനി വരാനിരിക്കുന്നത് സമ്മേളന നാളുകൾ! പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്‌തംബറിൽ ആരംഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റിക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിജയരാഘവൻ ഇക്കാര്യം വ്യക്തമാക്കിയത്. സമ്മേളനങ്ങളുമായി ബന്ധപ്പെട്ടും സർക്കാർ നയങ്ങളെക്കുറിച്ചും വിജയരാഘവൻ പറഞ്ഞതെന്തെന്ന് നമുക്കു8 നോക്കാം. 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് കടക്കാനൊരുങ്ങി സിപിഐഎം രംഗത്ത് എത്തിയിരിക്കുകയാണ്.
സംസ്ഥാനത്ത് മികച്ച ഭരണത്തിലൂടെ എൽഡിഎഫ് സർക്കാർ തുടർ ഭരണം നേടിയിരിക്കയാണെന്നും വലിയ പ്രതീക്ഷയും വിശ്വാസവുമാണ് ജനങ്ങൾക്ക് ഭരണത്തിലുള്ളതെന്നും വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധി എന്ന നിലയിൽ സർക്കാരിന് പ്രവർത്തിക്കാനാകണം. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് സമസ്‌ത മേഖലകളിലും വികസനത്തിലൂന്നിയ നവീകരണം കൊണ്ടുവരണമെന്നാണ് പാർട്ടിയുടെ നിലപാടെന്നും വിജയരാഘവൻ വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ രംഗം ആധുനിക സാങ്കേതിക പരിജ്ഞാനം പകർന്ന് നൽകുന്ന തരത്തിൽ, എല്ലാ നവീന ശാസ്‌ത്രസാങ്കേതിക വിദ്യയെ ഉൾക്കൊള്ളാൻ പ്രാപ്തിയുള്ളതാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച വിദ്യാഭ്യാസം നേടിയവർക്ക് തൊഴിലവസരങ്ങളും സൃഷ്ടിക്കാനാകണം.
അവർക്ക് ആവശ്യമായ അടിസ്ഥാന വികസനവും ഒരുക്കാനാകണം എന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ രംഗത്തും ശാസ്‌ത്രസാങ്കേതിക മേഖലകളിലും മികച്ച സംവിധാനമൊരുക്കാനാകണമെന്നും വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എല്ലാ സാധ്യതകളെയും ഉപയോഗിക്കുക എന്നതാകണം സർക്കാർ ഏറ്റെടുക്കേണ്ട ചുമതല. അതിന് എല്ലാവിധ പിന്തുണയും നൽകുക എന്നതാണ് പാർട്ടി ഉദ്ദേശിക്കുന്നതെന്നും ആക്ടിങ് സെക്രട്ടറി വ്യക്തമാക്കി. ദളിതർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, സ്‌ത്രീകൾ, പാർശ്വവത്‌കരിക്കപ്പെട്ടവർ എന്നിവരെയെല്ലാം ഉൾക്കൊള്ളുന്നതാകണം വികസന പ്രർവത്തനങ്ങളെന്നും വിജയരാഘവൻ പറയുന്നു.
പൊതുമേഖലയെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും വേണമെന്നും സിപിഎം ആക്ടിങ് സെക്രട്ടറി പറഞ്ഞു. ടൂറിസം പേലുള്ള മേഖലയിലെ സാധ്യതകളെ ഫലപ്രദമായി ഉപയോഗിക്കാനാകാണം. സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ എറണാകുളത്താണ് നടക്കുക. ഇതിന് മുന്നോടിയായി ഡിസംബർ, ജനുവരി മാസങ്ങളിലായി ജില്ലാ സമ്മേളനം പൂർത്തിയാക്കും. കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ടാകും എല്ലാ സമ്മേളനങ്ങളും നടത്തുകയെന്നും വിജയരാഘവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സെപ്തംബർ രണ്ടാം വാരത്തോടെ സംസ്ഥാനത്തെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കുമെന്നും വിജയരാഘവൻ വ്യക്തമാക്കി.