പ്രമുഖ ചരിത്രകാരനും അധ്യാപകനും ഗ്രന്ഥകാരനുമായ ഹരി ശങ്കർ വാസുദേവൻ അന്തരിച്ചു

VG Amal
പ്രമുഖ ചരിത്രകാരനും അധ്യാപകനും ഗ്രന്ഥകാരനുമായ ഹരി ശങ്കർ വാസുദേവൻ (68) കൊൽക്കത്തയിൽ കോവിഡ് ബാധിച്ച് മരിച്ചു.

പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്. നാലുദിവസം മുമ്പാണ് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. 

ഞായറാഴ്ച രാവിലെ 8.20നായിരുന്നു മരണം. ഭാര്യ ബംഗാളിയായ തപതി ഗുഹ താക്കൂർത (കൊൽക്കത്ത സർവകലാശാല റിട്ട: അധ്യാപിക). ഏക മകൾ മൃണാളിനി വാസുദേവൻ.

1978 മുതൽ കൊൽക്കത്ത സർവകലാശാലയിൽ ചരിത്ര വിഭാഗം പ്രൊഫസറും വെസ്റ്റ് ബംഗാൾ കോളേജ് ആൻഡ് യുണിവേഴ്സിറ്റി ടീച്ചേസ് അസോസിയേഷന്റെ സജീവ പ്രവർത്തകനുമായിരുന്നു ഹരിശങ്കർ.

ഇടതുപക്ഷ ചിന്തകനുമായിരുന്നു. ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെ ഉപദേഷ്ടാവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്പ്മെന്റ് സ്റ്റഡീസ് കൊൽക്കത്തയുടെ പ്രസിഡന്റുമാണ്.

യുറോപ്യൻ, റഷ്യൻ ചരിത്രത്തിലും രാഷ്ട്രീയത്തിലും ഇന്തോ–- റഷ്യൻ ബന്ധത്തിലും വിദഗ്ധനായിരുന്നു. ഇന്ത്യ, കെനിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

കേംബ്രിഡ്ജ് സർവകലാശാലയിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. ജാമിയ മിലിയ സർവകലാശാല, ലണ്ടൻ കിങ്സ് കോളേജ് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങളിലും അധ്യാപകനായി.

വിവിധ കേന്ദ്ര വകുപ്പുതല കമ്മിറ്റികളിൽ ഉപദേഷ്ടാവായി. 2005 മുതൽ 2015 വരെ എൻസിഇആർടി സോഷ്യൽ സയൻസ് സിലബസ് ടെക്സ്റ്റ് ബുക്ക് ഡവലപ്പ്മെന്റ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു.

നിരവധി ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

കോവിഡ് മൂലം ലോക സാമൂഹ്യ സാമ്പത്തിക രംഗത്തുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അടുത്തിടെ നിരവധി ലേഖനം എഴുതി.

Find Out More:

Related Articles: