കൊറോണ വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കും

VG Amal
കൊറോണ വൈറസ് വ്യാപനത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കും. 

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉന്നത സമിതി യോഗത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. 

വൈറസ് ബാധയെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചതായി ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി.

2239 പേരാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 84 പേര്‍ ആശുപത്രികളിലും 2155 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.

സംശയാസ്പദമായ 140 സാമ്പികളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവയില്‍ 46 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. വുഹാനില്‍നിന്നും തിരിച്ചെത്തിയ കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് സ്ഥിരീകകരിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.

നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. ആരോഗ്യ വകുപ്പ് സംസ്ഥാന തലത്തിലും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊറോണ വൈറസ് ബാധ സംശയിക്കുന്നവരുടെ തുടര്‍ ചികിത്സയ്ക്കായി സജ്ജമാക്കിയിട്ടുള്ള ആശുപത്രികളുടെ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

അതിനിടെ, ചൈനയില്‍നിന്ന് എത്തിയ ചിലര്‍ ആരോഗ്യ വകുപ്പുമായി സഹകരിക്കാതെ ജനങ്ങളുമായി ഇടപഴകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അവര്‍ക്കും നാടിനും അത് ആപത്കരമാണ്.

ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുന്ന സ്ഥലത്ത് അത്തരം ആളുകള്‍ പോയാല്‍ ജനസംഖ്യ അധികമുള്ള സംസ്ഥാനത്ത് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എല്ലാവരും ഓര്‍ക്കണം. ചൈനയില്‍നിന്ന് എത്തിയവര്‍ നാടിനെയോര്‍ത്ത് ആരോഗ്യ വകുപ്പിന്റെ മുന്നിലെത്തണം. അല്ലാത്തപക്ഷം അതൊരു കുറ്റകൃത്യമായി കണക്കാക്കേണ്ടിവരും.

ചൈനയില്‍നിന്ന് ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും വൈറസ് ബാധ പ്രതീക്ഷിക്കണം. കൊറോണ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ആരെങ്കിലും മരിക്കാന്‍ ഇടയാവുന്ന സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടി കഠിനാധ്വാനം നടത്തുകയാണ്. അതിന് ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല സംസ്ഥാനങ്ങളും കേരളത്തിന്റെ ഉപദേശം തേടുന്നുണ്ട്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

Find Out More:

Related Articles: