2019 ലെ പ്രളയവുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്ര സഹായമില്ല.

VG Amal
2019 ലെ പ്രളയവുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്ര സഹായമില്ല. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് 5908.56 കോടി അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

അസം, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ത്രിപുര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര സഹായം അനുവദിച്ചത്.

പ്രളയം, മണ്ണിടിച്ചില്‍, മേഘവിസ്‌ഫോടനം എന്നിവമൂലം ഉണ്ടായ ദുരിതങ്ങള്‍ നേരിടാനാണ് ഏഴ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം.2019 ലെ പ്രളയത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി 2101 കോടി ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് കേരളം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രസംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ കത്ത് കണക്കിലെടുത്തിട്ട് പോലുമില്ലെന്നാണ് മറ്റുസംസ്ഥാനങ്ങള്‍ക്ക് സഹായം അനുവദിച്ച നടപടിയില്‍നിന്ന് വ്യക്തമാകുന്നത്. കേരളത്തിന് സഹായം അനുവദിക്കാത്തതിന്റെ കാരണം ഒന്നും തന്നെ വക്തമല്ല. 

2018 ലെ മഹാപ്രളയത്തിനു ശേഷവും കേരളത്തിന് മതിയായ കേന്ദ്ര സഹായം ലഭിച്ചിരുന്നില്ല. രാഷ്ട്രീയ പകപോക്കലാണ് ഇതിനു പിന്നിലെന്ന ആരോപണം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വീണ്ടും കേന്ദ്ര അവഗണന.പ്രളയ ദുരിതം നേരിടാന്‍ അസമിന് 616.63 കോടി, ഹിമാചല്‍ പ്രദേശിന് 284.93 കോടി, കര്‍ണാടകത്തിന് 1869.85 കോടി, മധ്യപ്രദേശിന് 1749.73 കോടി, മഹാരാഷ്ട്രയ്ക്ക് 956.93 കോടി, ത്രിപുരയ്ക്ക് 63.32 കോടി, ഉത്തര്‍പ്രദേശിന് 367.17 എന്നിങ്ങനെയാണ് കേന്ദ്ര സഹായം അനുവദിക്കാന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന ഉന്നതതല യോഗം തീരുമാനമെടുത്തിട്ടുള്ളത്.

2019 - 20 കാലഘട്ടത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 27 സംസ്ഥാനങ്ങള്‍ക്ക് 8,068.33 കോടി അനുവദിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Find Out More:

Related Articles: