പൗരത്വ ബില്ലിനെതിരെ രാഹുൽഗാന്ധിയുടെ പ്രതികരണം

VG Amal
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാന്‍ ശ്രമം നടത്തിയ ശത്രുക്കള്‍ക്ക് സാധിക്കാത്തതാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി രാജ്ഘട്ടില്‍ കോണ്‍ഗ്രസ് നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"വസ്ത്രത്തിന്റെ കാര്യം  വരുമ്പോള്‍, രാഷ്ട്രം നിങ്ങളെ ഓര്‍ക്കും. രണ്ട് കോടി രൂപ വിലവരുന്ന സ്യൂട്ട് ധരിച്ചത് നിങ്ങളാണ്, അല്ലാതെ രാജ്യത്തെ ജനങ്ങളല്ല."- നരേന്ദ്ര മോദിയുടെ വസ്ത്ര പരാമര്‍ശത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്  രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. 

"മോദിജി, നിങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ബുള്ളറ്റുകള്‍ ഉപയോഗിക്കുമ്പോള്‍, അവരെ ലാത്തിച്ചാര്‍ജ് ചെയ്യുമ്പോള്‍, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുമ്പോള്‍, നിങ്ങള്‍ രാജ്യത്തിന്റെ ശബ്ദമാണ് അടിച്ചമര്‍ത്തുന്നത്"- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.  

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് സത്യാഗ്രഹത്തിന് തുടക്കംകുറിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും തുടര്‍ന്ന് രാഹുല്‍ ഗാന്ധിയും ഭരണഘടനയുടെ ആമുഖം വായിച്ചു. എ.കെ. ആന്റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും മുഖ്യമന്ത്രിമാരായ കമല്‍നാഥ്, അശോക് ഗലോട്ട് എന്നിവരും സത്യാഗ്രഹത്തില്‍ പങ്കെടുത്തു. 

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ ലംഘനമാണെന്നാരോപിച്ചാണ് സമരം. നിയമ ഭേദഗതിക്കെതിരെ രാജ്യമെമ്പാടും സമരങ്ങള്‍ നടന്നപ്പോഴും പ്രത്യക്ഷസമരത്തിലേയ്ക്ക് കോണ്‍ഗ്രസ് കടന്നിരുന്നില്ല. ഇതിനെതിരെ പ്രിയങ്ക ഗാന്ധിയുടെ ഭാഗത്ത് നിന്ന് വിമര്‍ശനമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ പക്ഷംചേര്‍ന്നുകൊണ്ട് കോണ്‍ഗ്രസും ഇത്തരത്തിൽ  സത്യാഗ്രഹം സംഘടിപ്പിച്ചിരിക്കുന്നത്.

Find Out More:

Related Articles: