യുപിയുടെ ചുമതല ഇനി പ്രിയങ്കയ്ക്ക്.
ന്യൂഡൽഹി ∙ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട് സംസ്ഥാനത്തിന്റെ പൂർണ സംഘടനാചുമതല പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ഏൽപിക്കാൻ കോൺഗ്രസ് നീക്കം. നിലവിൽ, കിഴക്കൻ യുപിയുടെ ചുമതല വഹിക്കുന്ന പ്രിയങ്കയ്ക്കു പടിഞ്ഞാറൻ മേഖലയുടെ അധികാരം കൂടി നൽകി, സംസ്ഥാനത്തു പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണു നടപടി.
2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കയെ കോൺഗ്രസിന്റെ മുഖമായി അവതരിപ്പിക്കുന്നതിന്റെ ഭാഗമാണിത്. രാജ് ബബ്ബറിനെ നീക്കി സംസ്ഥാന ഘടകത്തിൽ (യുപി പിസിസി) പുതിയ പ്രസിഡന്റിനെ നിയമിക്കും. സംസ്ഥാനത്ത് ഒരു വർഷത്തിനകം ഒരു കോടി ആളുകളെ പാർട്ടി അംഗങ്ങളാക്കാനുള്ള ദൗത്യത്തിനും വൈകാതെ തുടക്കമിടും.
പടിഞ്ഞാറൻ യുപിയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ പദവിയൊഴിയാൻ നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു. യുപിയിൽ പ്രവർത്തിക്കാൻ താൽപര്യമില്ലെന്നു വ്യക്തമാക്കിയ സിന്ധ്യയെ മധ്യപ്രദേശ് പിസിസി പ്രസിഡന്റ് ആക്കുന്നതു പരിഗണനയിലുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് യുപിയിൽ ഒരു സീറ്റിൽ (റായ്ബറേലി – സോണിയ ഗാന്ധി) മാത്രമാണു ജയിച്ചത്. തോൽവിക്കു പിന്നാലെ, സംസ്ഥാനത്തെ ജില്ലാ ഘടകങ്ങൾ ദേശീയ നേതൃത്വം പിരിച്ചുവിട്ടിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് 3 വർഷം അകലെ നിൽക്കെ, സംഘടനാതലത്തിൽ അടിമുടി മാറ്റം അനിവാര്യമാണെന്നും യുവാക്കൾക്കു കൂടുതൽ പ്രാതിനിധ്യം നൽകണമെന്നുമുള്ള വാദം പാർട്ടിയിൽ ശക്തമാണ്. പ്രവർത്തിക്കാത്ത നേതാക്കളെയല്ല, താഴേത്തട്ടിൽ വിയർപ്പൊഴുക്കുന്ന പ്രവർത്തകരെയാണ് ആവശ്യമെന്നാണു പ്രിയങ്കയുടെ നിലപാട്.
സംഘടനയിൽ സമ്പൂർണ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ നേതാക്കളുമായി കഴിഞ്ഞ ദിവസങ്ങളിൽ പ്രിയങ്ക ചർച്ച നടത്തി. മുൻകാലങ്ങളിലേതു പോലുള്ള ജംബോ കമ്മിറ്റികൾ സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ വേണ്ടെന്നാണു പ്രിയങ്കയുടെ അഭിപ്രായം. ജില്ലാ വൈസ് പ്രസിഡന്റുമാരായി വനിതകളെ നിയോഗിക്കും. ദലിത്, പിന്നാക്ക വിഭാഗക്കാർക്കും പ്രാതിനിധ്യം നൽകും. അഴിച്ചുപണിക്കു ശേഷം യുപിയിലുടനീളം പ്രചാരണത്തിനു പ്രിയങ്കയിറങ്ങും.