ജാതി രാഷ്ട്രീയവുമായി പാലക്കാടൻ വേല!

Divya John
ജാതി രാഷ്ട്രീയവുമായി പാലക്കാടൻ വേല! കേരള പൊലീസിന്റെ മികവുകൾ എണ്ണിപ്പറയുകയും പൊലീസ് തൊപ്പിയിൽ പൊൻതൂവലുകൾ ചേർക്കുകയും ചെയ്യുന്നതായിരുന്നു ആദ്യ രണ്ട് ചിത്രങ്ങളെങ്കിൽ മൂന്നാമത്തേതിന് ഒരൽപം വ്യത്യാസമുണ്ട്. പൊലീസിലെ നല്ലവരെ പോലെ പുഴുക്കുത്തുകളേയും കുറിച്ചാണ് ആ ചിത്രം സംസാരിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടയിൽ മലയാളത്തിൽ മൂന്ന് പൊലീസ് ചിത്രങ്ങളാണ് റിലീസ് ചെയ്തത്.സിനിമ പറയുന്നത് പൊലീസിലെ പുഴുക്കുത്തുകളെ കുറിച്ചാണെങ്കിലും ജാതിയും മതവും ഉൾപ്പെടെ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നുവെന്ന് അരികിലൂടെ കൃത്യമായും വ്യക്തമായും അവതരിപ്പിക്കുന്നുമുണ്ട്. പൊലീസ് കഥ എന്നതിനേക്കാളേറെ ജാതി രാഷ്ട്രീയം തന്നെയാണ് ഈ സിനിമ പറഞ്ഞുവെക്കുന്നത്.





മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും അതിനോടനുബന്ധിച്ചുണ്ടായ കോലഹലങ്ങളും മാത്രമല്ല ജാതിയും വെറിയും തലക്കു പിടിച്ചവർ എന്തൊക്കെ ചെയ്യുമെന്ന് ആദ്യ രംഗം മുതൽ തന്നെ വ്യക്തമായ സൂചനകൾ മല്ലികാർജ്ജുനനിലൂടെയും കൊല്ലപ്പെടുന്ന കുട്ടിയിലൂടെയും അവതരിപ്പിക്കുന്നു. വീട്ടിനു മുമ്പിലെ അയ്യങ്കാളിയുടേയും ശ്രീനാരായണ ഗുരുവിന്റേയും ചിത്രങ്ങൾ മാത്രം മതി വേല പറയുന്ന രാഷ്ട്രീയം വ്യക്തമാകാൻ. അതോടൊപ്പം ജാതിക്കോളനിയിൽ ജീവിച്ചവർക്കൊന്നും വിലാസമില്ലെന്നും തല്ലിയാലും കൊന്നാലും ആരുമറിയില്ലെന്നുമുള്ള ജാതിക്കോമരത്തിന്റെ സംഭാഷണവും കൂടിച്ചേരുമ്പോൾ വേല പറയുന്ന രാഷ്ട്രീയത്തിന് അർഥം പൂർണമാകുന്നു. പൊലീസ് ഡ്രൈവറുടെ മതം പോലും മല്ലികാർജ്ജുനനെന്ന ജാതി വെറിയൻ പൊലീസുകാരന് കണ്ണിൽപ്പിടിക്കുന്നില്ല.






ടൈറ്റിൽ അവതരിപ്പിച്ച രീതിയും അതിനോടു ചേർത്തുവെച്ച പാട്ടും ആദ്യാവസാനങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതുമെല്ലാം ചേരുമ്പോൾ വേല പൂർത്തിയാകുന്നു. പൊലീസ് കൺട്രോൾ റൂമിലേക്ക് വരുന്ന ഫോൺ കോളുകളും അതിനവർ നൽകുന്ന മറുപടികളും കേസുകളും വാഹനങ്ങളും ഫോൺകോളുകളും പിന്തുടരുന്ന രീതികളുമെല്ലാം പ്രേക്ഷകർക്ക് പുതിയ അനുഭവമായിരിക്കാം. ഒരുപക്ഷേ, ഈ ചിത്രം കണ്ടുകഴിയുന്നതോടെ പല സഹായങ്ങൾക്കും വിവരങ്ങൾ പങ്കുവെക്കലുകൾക്കുമായി കൺട്രോൾ റൂമിലേക്ക് കൂടുതൽ ഫോൺ വിളികൾ എത്താനും സാധ്യതയുണ്ട്. സിനിമയുടെ തുടക്കം മുതൽ ഉദ്വേഗം നിലനിർത്താൻ സാധിക്കുന്നുണ്ട് വേലയ്ക്ക്. മാത്രമല്ല ആരെയാണ് പ്രതിസ്ഥാനത്തു നിർത്തുന്നതെന്ന് ആദ്യം തന്നെ പറഞ്ഞുവെക്കുമ്പോൾ പോലും അതിലെ പ്രേക്ഷകന്റെ ത്രില്ല് ഒരിക്കലും നഷ്ടപ്പെട്ടു പോകാത്ത തരത്തിൽ ചിത്രീകരിക്കാനും സാധിച്ചിട്ടുണ്ട്.





പൊലീസ് സേനയുടെ ഉള്ളിൽ കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുക കൂടി ചെയ്യുന്നു സിനിമ. കൂടുതൽ നേരങ്ങളിലും കൺട്രോൾ റോമിനകത്ത് ക്യാമറ നിൽക്കുമ്പോഴും ഒരു നിമിഷം പോലും ഇഴച്ചിലില്ലാതെ കഥ കൊണ്ടുപോകാൻ സാമർഥ്യം കാണിച്ചിരിക്കുന്നു അണിയറ പ്രവർത്തകർ. പാലക്കാട്ടെ ആഘോഷമായ വേല കളിയുടെ പശ്ചാതലം സമർഥമായി ഉപയോഗിച്ച് മികച്ച രീതിയിൽ ചിത്രീകരിച്ചെടുത്ത ചിത്രമെന്നാണ് വേലയെ കുറിച്ച് ആദ്യം പറയേണ്ടുന്നത്. മാത്രമല്ല, യുവതാരങ്ങളുടേയും സംവിധായകനും രചയിതാവും ഉൾപ്പെടെയുള്ള പുതുതലമുറ യുവാക്കളിൽ മലയാള സിനിമയുടെ ഭാവി ഭദ്രമായിരിക്കുമെന്നും വേല എടുത്തു പറയുന്നു. 





പഴുതില്ലാതെ എഴുതിയ കഥയും തിരക്കഥയും ഒരിടത്തു പോലും കൂട്ടലും കുറക്കലുമില്ലാതെ തങ്ങളുടെ ഭാവങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കുന്ന പൊലീസുകാരായ ഷെയ്ൻ നിഗമിന്റെ ഉല്ലാസ് അഗസ്റ്റിനും സണ്ണി വെയ്‌നിന്റെ മല്ലികാർജുനനും സിദ്ധാർഥ് ഭരതിന്റെ അശോക് കുമാറും മത്സരിച്ചഭിനയിച്ചിട്ടുണ്ട്. ഷെയ്ൻ നിഗമിന്റേയും സണ്ണി വെയ്‌നിന്റേയും അഭിനയ മികവു തന്നെയാണ് വേലയുടെ ഹൈലൈറ്റ്. അതോടൊപ്പം രചയിതാണ് എം സജാസ് അസ്‌ക്കറെന്ന പൊലീസ് ഡ്രൈവറായും രംഗത്തുണ്ട്. മമ്മൂട്ടി സ്‌ക്വാഡിന്റെ കോ പ്രൊഡ്യൂസർ കൂടിയായ എസ് ജോർജ്ജാണ് നിർമാതാവെന്ന പ്രത്യേകത കൂടിയുണ്ട് വേലയ്ക്ക്. ഷെയ്ൻ നിഗവും സണ്ണി വെയ്‌നും മുഖ്യവേഷത്തിലഭിനയിച്ച വേലയിൽ വളരെ വ്യത്യസ്തമായ കഥാപാത്രമായി സിദ്ധാർഥ് ഭരതനുമുണ്ട്.

Find Out More:

Related Articles: