'തനിയെ പോയി ചിലപ്പോ കരയുന്നുണ്ടാവും, കുട്ടികളെ ചിന്തിക്കാൻ വിടണം'; മാനസിക സമ്മർദ്ദത്തെക്കുറിച്ച് വിജയ് ആന്റണി പറഞ്ഞ വാക്കുകൾ വൈറലാവുന്നു! പ്ലസ്ടുവിനു പഠിക്കുന്ന മീര ചർച്ച് പാർക്ക് സ്കൂൾ വിദ്യാർത്ഥിനിയാണ്. ഇന്നലെ രാത്രി പതിവുപോലെ ഉറങ്ങാൻ പോയ മീരയെ പുലർച്ചെ മൂന്നുമണിയോടെ മീരയുടെ മുറിയിലെത്തിയ വിജയ് ആന്റണി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അടുത്തുള്ള കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ. മീരയുടെ മരണത്തെക്കുറിച്ച് തേനാംപെട്ട് പൊലിസ് അന്വേഷണം ആരംഭിച്ചു. മീരയുടെ മരണം സോഷ്യൽ മീഡിയയിൽ ചർച്ചയാവുമ്പോൾ മുൻപ് പങ്കെടുത്ത അഭിമുഖങ്ങളിൽ വിജയ് ആന്റണി കുട്ടികളെ കുറിച്ചും കുട്ടികളിലെ മാനസിക സമ്മർദ്ദത്തെ കുറിച്ചും പറഞ്ഞ ചില വാക്കുകളും വൈറൽ ആവുകയാണ്. സിനിമ ലോകത്തെ ഞെട്ടിക്കുന്ന ഒരു വാർത്തയായിരുന്നു ഇന്ന് രാവിലെ പുറത്തുവന്ന തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകളുടെ മരണ വാർത്ത.
ഇന്ന് പുലർച്ചെയാണ് വിജയ് ആന്റണിയുടെ മൂത്തമകളായ, പതിനാറുകാരിയായ മീരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. "പൈസയുടെ ബുദ്ധിമുട്ടു കൊണ്ടാണ് കൂടുതൽ ആളുകൾക്കും മാനസിക സമ്മർദ്ദമുണ്ടാകുന്നതും ആത്മഹത്യ പോലെ ഉള്ള ചിന്ത വരുന്നതും. ജീവിതത്തിൽ ഏറ്റവുമധികം വിശ്വസിച്ച ഒരാൾ ചതിച്ചാൽ ചിലർക്ക് ജീവിതം അവസാനിപ്പിക്കാൻ തോന്നാം. കുട്ടികളുടെ കാര്യത്തിൽ പഠനം മൂലമുണ്ടാകുന്ന അധിക സമ്മർദമാണ് ഇതുപോലെ ഒക്കെ ചെയ്യാൻ കാരണം. നമ്മൾ എല്ലാവരും ചെയ്യുന്നത് കുട്ടികൾ സ്കൂളിൽനിന്നു വന്നു കഴിഞ്ഞാൽ ഉടനെ അവരെ ട്യൂഷന് പറഞ്ഞ് അയയ്ക്കുകയാണ്. അവർക്കു ചിന്തിക്കാൻ പോലും നമ്മൾ സമയം കൊടുക്കുന്നില്ല. കുറച്ചുനേരം അവരെ ചിന്തിക്കാൻ വിടണം. പിന്നെ, മുതിർന്നവരോട് പറയാനുള്ളത്, മറ്റുള്ളവരുടെ വിജയത്തെയും പണത്തെയും കുറിച്ച് ചിന്തിക്കാതെ സ്വയം സ്നേഹിക്കാൻ സാധിക്കുകയാണെങ്കിൽ അതാകും ജീവിതത്തിൽ ഏറ്റവും സന്തോഷം തരുന്ന കാര്യം." - വിജയ് ആന്റണി പറയുന്നു. വിജയ് ആന്റണിയ്ക്കും ഭാര്യ ഫാത്തിമയ്ക്കും രണ്ടു പെണ്മക്കൾ ആണ്, അതിൽ മൂത്തയാളായിരുന്നു മീര.
മീരയെ കടുത്ത മാനസിക സമ്മർദ്ദം അലട്ടിയിരുന്നതായും മാനസിക സമ്മർദം മൂലമാണ് മീര ആത്മഹത്യ ചെയ്തെന്നുമാണ് റിപ്പോർട്ടുകൾ. മാനസിക സമ്മർദ്ദവും വിഷാദരോഗവും കാരണം കഴിഞ്ഞ ഒരുവർഷമായി മീര ചികിത്സയിൽ ആയിരുന്നു എന്നും മരുന്നുകൾ കഴിക്കുന്നുണ്ടായിരുന്നു എന്നും ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തിൽ യുവാക്കളുടെയും കുട്ടികളുടെയും ഇടയിലെ ആത്മഹത്യാ പ്രവണതയുടെ കാരണങ്ങളെക്കുറിച്ച് ഒരഭിമുഖത്തിൽ ഈ അടുത്തിയിടെയും വിജയ് ആന്റണി സംസാരിച്ചിരുന്നു.ജീവിതത്തിൽ നിങ്ങൾക്ക് എത്ര വേദന വന്നാലും കഷ്ടപ്പാട് വന്നാലും ആരും ആത്മഹത്യ ചെയ്യരുത്. ഇങ്ങിനെ ആത്മഹത്യ ചെയ്തവരുടെ കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ കഷ്ടം തോന്നും. എന്റെ അച്ഛൻ ആത്മഹത്യ ചെയ്തതാണ്.
എനിക്ക് ഏഴു വയസ്സും എന്റെ സഹോദരിക്ക് അഞ്ചു വയസ്സും ഉള്ളപ്പോൾ ആണ് അച്ഛൻ മരിച്ചത്. അതിന്റെ കാരണമൊന്നും ഞാൻ നിങ്ങളോട് പറയുന്നില്ല, അതെന്റെ പേർസണൽ മാറ്റർ ആണ് എന്നാലും അതിനുശേഷം എന്റെ അമ്മ ജീവിതത്തിൽ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ വേദന എന്തെന്നും എനിക്ക് നേരിട്ട് അറിയാം. അതുകൊണ്ട് തന്നെ ആരും ആത്മഹത്യ ചെയ്യരുത്’’– നടൻ വിജയ് ആന്റണി പറയുന്നു."90 ശതമാനം ആൺകുട്ടികളും കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവരാണ്. അച്ഛനും അമ്മയ്ക്കും ചിലപ്പോൾ വീട്ടിൽ സംസാരിക്കാൻ ആളില്ലാന്നു വരും, എന്നുകരുതി അവരുടെ മക്കൾ അവരെ മറന്നെന്നു വിചാരിക്കരുത്. അവർ ശരിക്കും ഓടുകയാണ്, ആ ഓട്ടം കഴിഞ്ഞ് വൈകുന്നേരം ആ കാൽ വേദനയോടെ കിടക്കുമ്പോൾ നിങ്ങളോട് മിണ്ടാൻ പറ്റിയെന്നു വരില്ല. കാലത്ത് എണീക്കുമ്പോൾ മക്കൾ അച്ഛാ കേക്ക് വാങ്ങി കൊണ്ട് വന്നില്ലേ എന്ന് ചോദിക്കും, ഭാര്യ മക്കളുടെ സ്‌കൂൾ ഫീസ് അടക്കണ്ടേ എന്ന് ചോദിക്കും അച്ഛനും അമ്മയും അവർക്ക് മരുന്നിനു കാശു റെഡി ആയോ എന്ന് ചോദിക്കും ഇങ്ങിനെ നിരവധി ചോദ്യങ്ങൾ നേരിടണം.