ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കുമില്ല,വാട്സാപ്പിൽ ഡിപി പോലും ഇല്ല, ആരാണ് ശ്രീഹരി; അഖിൽ മാരാർ പറയുന്നു!

Divya John
 ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കുമില്ല,വാട്സാപ്പിൽ ഡിപി പോലും ഇല്ല, ആരാണ് ശ്രീഹരി; അഖിൽ മാരാർ പറയുന്നു! ബിഗ്‌ബോസ് കപ്പ് അഖിൽ മാരാർക്കുള്ളതാണ് എന്ന് പ്രേക്ഷകരിൽ പലരും മുൻകൂട്ടി വിധിയെഴുതിയിരുന്നു. ബിഗ്‌ബോസ് ഹൗസിനുള്ളിൽ അഭിപ്രായപ്രകടനങ്ങൾ കൊണ്ടും വാഗ്വാദങ്ങൾ കൊണ്ടും വിവാദങ്ങൾ ഒരുപാട് സൃഷ്ടിച്ചെങ്കിലും അഖിൽ മാരാർക്ക് ജനപിന്തുണ ഏറെയായിരുന്നു. അഖിൽ മാരാർ തന്റെ വ്യക്തി ജീവിതത്തേക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചും ബിഗ്‌ബോസ് വീടിനുള്ളിൽ സംസാരിക്കുമ്പോൾ അതിലേറെയും സംസാരിച്ചിരുന്നത് സുഹൃത്തുക്കളെ കുറിച്ചായിരുന്നു. താൻ ഇന്ന് കാണുന്ന ഒരുകൂട്ടം ആരാധകർ ആരാധിക്കുന്ന അഖിൽ മാരാർ ആവുന്നതിനു മുഖ്യപങ്കും വഹിച്ചത് തനിക്ക് ചുറ്റുമുള്ള തന്റെ സുഹൃത്തുക്കളാണ് എന്ന് പല വേദികളിലും അഖിൽ തുറന്നു പറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തിൽ അഖിൽ ഏറ്റവുമധികം സംസാരിച്ചിട്ടുള്ളത് ശ്രീഹരി എന്നൊരു പേരായിരുന്നു. തന്നെ ഇന്ന് കാണുന്ന മാരാർ ആക്കിമാറ്റിയത് ശ്രീഹരി ആണെന്ന് അഖിൽ പറഞ്ഞിട്ടുണ്ട്.



 ബിഗ്‌ബോസ് വിജയകിരീടം ചൂടിയതിനുശേഷം അഖിൽ നൽകുന്ന അഭിമുഖങ്ങളിൽ അഖിൽ ശ്രീഹരി ഉൾപ്പെടുന്ന തന്റെ സുഹൃത്തുക്കളെ കുറിച്ച് സംസാരിക്കുന്നത് പതിവ് കാഴ്ചയാണ്. ആരാധകരും സമൂഹ മാധ്യമങ്ങളും ഏറ്റവുമധികം അന്വേഷിക്കുന്ന ഒരു പേരും ശ്രീഹരിയുടേതാണ്. ബിഗ്‌ബോസ് മലയാളം സീസൺ ഫൈവ് അവസാനിക്കും മുൻപ് തന്നെ ആരാധകരും ആവേശത്തിലായിരുന്നു. ബിഗ്‌ബോസ് വീടിനുള്ളിൽ ശക്തമായ സൗഹൃദം സൃഷ്ടിച്ചയാളാണ് അഖിൽ മാരാർ. ഷിജുവും വിഷ്ണുവുമടങ്ങുന്ന അഖിൽ മാരാർ ഗാങ് അല്ലെങ്കിൽ അഖിലിന്റെ സഹോദരങ്ങൾ എന്ന് അഖിൽ വിശേഷിപ്പിക്കുന്ന കോമ്പോ ആരാധകർക്കേറെ ഇഷ്ടമുള്ളതായിരുന്നു. ചെറിയ പിണക്കങ്ങൾ  പോലും ഇല്ലാതെ കൃഷ്ണനും അർജുനനും പോലെയാണ് ഷിജുവും മാരാരും ബിഗ്‌ബോസിൽ ജീവിച്ചത്. വിഷ്ണുവുമായി ഇടയ്ക്കെപ്പോഴോ ചെറിയ പിണക്കങ്ങളുണ്ടായെങ്കിലും സൗഹൃദങ്ങൾക്ക് ഒരുപാട് വില കല്പിക്കുന്ന ആളായതിനാൽ മാരാർ അതൊക്കെ വിട്ടുകളഞ്ഞുകൊണ്ട് വിഷ്ണുവിനെയും ചേർത്ത് പിടിക്കുകയായിരുന്നു.




ബിഗ്‌ബോസിലെ ജീവിതകഥ പറയുന്ന ടാസ്കുകളിൽ മാത്രമായിരുന്നില്ല അഖിൽ മാരാർ തന്റെ പ്രീയപ്പെട്ട സുഹൃത്തായ ശ്രീഹരിയെക്കുറിച്ച് സംസാരിച്ചിരുന്നത്. "സിനിമയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയ നാളുകളിൽ തിരുവനന്തപുരത്തുവച്ച് പരിചയപ്പെട്ട ഹരി എന്നൊരാൾ,സിനിമ സ്വപ്നമായി തുടങ്ങിയ സമയത്ത് ജീവിതത്തിലേക്ക് വന്നയാൾ.അയാളാണ് എന്റെ ജീവിതത്തിൽ എന്നെ ഇന്ന് കാണുന്ന എല്ലാമാക്കി മാറ്റിയത്തിലെ ഒരു പ്രധാനപ്പെട്ട വ്യക്തി. ഹരി മാത്രമല്ല, ഹരീഷ്, അനീഷ്, പ്രവീൺ അങ്ങിനെ കുറേപ്പേരുണ്ടെങ്കിലും ഹരിയുടെ പരിചയപ്പെടലാണ് എന്റെ ജീവിതത്തിൽ ഒരു ചേഞ്ചുണ്ടാക്കിയതും എന്നെ മോട്ടിവേറ്റ് ചെയ്ത് ഞാൻ എന്താണെന്ന് മനസ്സിലാക്കിയതും. ഞാൻ ആദ്യമായി ഒരു സ്ക്രിപ്റ്റ് എഴുതിയപ്പോൾ ഒരാളുപോലും വായിച്ചു കേൾക്കാൻ താല്പര്യം കാണിക്കാത്ത ആ സമയത്ത് അവൻ അത് വായിച്ചുകേട്ട് എന്നെ സപ്പോർട്ട് ചെയ്തതിൽ നിന്നാണ് എന്റെ ലൈഫ് പിന്നീടങ്ങോട്ട് മാറിയത്" - അഖിൽ ബിഗ്‌ബോസിൽ പറഞ്ഞതിങ്ങിനെ.അമ്മായി അച്ഛൻ ഉണ്ടാക്കിയ മത്സ്യക്കുളത്തിലെ മീനുകൾ ചത്തുപോയി. അത് അവസാനം ഞാൻ കൊന്നതാണ് എന്ന രീതിയിലായപ്പോൾ അവിടെ നല്ല വഴക്കായി. വഴക്കിനിടയിൽ കൈ ഓങ്ങിയപ്പോൾ ലക്ഷ്മി വന്നു ഇടയിൽ കയറി. അടി കൊണ്ടത് അവളുടെ ഷോൾഡറിലായിരുന്നു. അവൾ എന്നോട് ഇറങ്ങെടാ ഇവിടുന്നു എന്ന് പറഞ്ഞു, പിന്നെ അവിടെ നിന്നിട്ട് കാര്യമില്ലല്ലോ. ഇതുകേട്ടിട്ട് ഞാൻ കാറിൽ കയറിയിരുന്നു കുറെ കരഞ്ഞു. എങ്ങോട്ട് പോണമെന്നു അറിയില്ലായിരുന്നു.ഞാൻ ഹരിയെ വിളിച്ചിട്ട് ഇങ്ങിനെയൊരു പ്രശ്‍നമുണ്ട് നാട്ടിൽ നില്ക്കാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു. അവൻ എന്നെ എറണാകുളത്തേക്ക് വിളിച്ച് വരുത്തി ഒരു റൂം എടുത്തു തരുന്നു.




 അവിടെ നിന്നാണ് ഞാൻ വീണ്ടും സിനിമയിലേക്ക് എത്തുന്നത്. അഖിൽ മാരാർ വാക്കുകൾ കൊണ്ടും ചില പ്രവർത്തികൾ കൊണ്ടും ബിഗ്‌ബോസ് വീടിനുള്ളിൽ വിവാദങ്ങൾ സൃഷ്ടിച്ചപ്പോൾ പുറത്ത് വിവാദങ്ങൾക്കിരയായത് ശ്രീഹരി ആയിരുന്നു. മാരാർ ബിഗ്‌ബോസ് വീടിനുള്ളിലായിരിക്കുന്ന സമയത്ത് ശ്രീഹരിയ്‌ക്കെതിരെ വന്ന വ്യാജവാർത്തകളിലും വ്യാജപ്രചാരണങ്ങളിലും സുഹൃത്തുക്കൾ പ്രതികരിച്ചു രംഗത്ത് വന്നിരുന്നു. കോർ കമ്പനി ഗ്രൂപ്പ് ആണ് അഖിൽ മാരാരുടെ പിആർ എടുത്തിരിക്കുന്നത് എന്നായിരുന്നു പ്രചരണങ്ങൾ. ഇത് വിശ്വസിക്കരുത് എന്നും ഇതിന്റെ എംഡി ആയ ശ്രീഹരി എന്ന് വിളിപ്പേരുള്ള ഹരികൃഷ്ണൻ മാരാരുടെ ഏറ്റവും അടുത്ത സുഹൃത്ത് മാത്രമാണ് എന്നും വെളിപ്പെടുത്തി സുഹൃത്തുക്കൾ രംഗത്ത് വന്നിരുന്നു. അഖിലിന്റെ നിഴലുപോലെ വലംകൈ എന്നൊക്കെ ആളുകൾ വിശേഷിപ്പിക്കുന്ന ആളാണ് ശ്രീഹരി. ബിഗ്‌ബോസ് വീടിനുള്ളിലെ തർക്കങ്ങളുടെ പേരിൽ പുറത്ത് ശോഭയുടെ സ്ഥാപനത്തിന് നേരെ ഉണ്ടായ സൈബർ ബുള്ളിയിങ്ങിലും ഉയർന്നു വന്നത് ശ്രീഹരിയുടെ പേര് തന്നെയായിരുന്നു.



ഇതിനു മറുപടിയുമായി ശ്രീഹരി തന്നെ രംഗത്തു വരികയും ചെയ്തിരുന്നു. "അവരൊക്കെ മത്സരാർത്ഥികളല്ലേ അങ്ങിനെയൊക്കെ പറയും. പുറത്തിറങ്ങി മത്സരത്തിന്റെ ഭാഗമായിരുന്നു എന്ന് പറയുന്നതോടെ ആ അലിഗേഷൻ തീരും. മാരാരിന്റെ ഗ്രൂപ്പ് അങ്ങിനെയൊന്നും ചെയ്യില്ല.അത്തരം ഒരു ആക്ടിവിറ്റിസും ചെയ്യില്ല എന്ന് തുടക്കം മുതലേ തീരുമാനിച്ചതാണ്. നമ്മുടെ മദർ ഗ്രൂപ്പ് പോലും ഇഷ്ടം എന്ന പേരിലാണ്. അഖിൽ മാരാർ ഇഷ്ടം എന്നാണ് ഗ്രൂപ്പിന്റെ പേര്. അഖിലിന്റെ പിറകിൽ ഒരു കൂട്ടം അഖിൽ പറഞ്ഞപോലെ വന്നു ചേർന്നതാണ്. അഖിലിന്റെ ഒരു സുഹൃത്ത് മാത്രമാണ് ഞാൻ. അല്ലാതെ സോഷ്യൽ മീഡിയ ഹാൻഡ്‌ലിങ്ങോ അല്ലാതെ പിആറോ ഒന്നും ചെയ്യുന്നില്ല" - എന്നായിരുന്നു ശ്രീഹരി പറഞ്ഞത്.



ബിഗ്‌ബോസിൽ ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ വിഷ്ണുവുമായി ഉണ്ടായ ഒരു പിണക്കത്തിന് ശേഷം വിഷ്ണുവിനോട് സംസാരിക്കുമ്പോൾ അഖിൽ ശ്രീഹരിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങൾ കോർത്തിണക്കി ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നുണ്ട്. "പുറത്തൊരുത്തൻ നിൽക്കുന്നുണ്ട്, എന്റെ മനസും ശരീരവുമായി ഒരുത്തൻ. എന്നേക്കാൾ ചിന്തിക്കാൻ ബോധമുള്ളവനാണ് അവൻ. അവൻ വിചാരിച്ചാൽ അടുത്ത കിരീടം അല്ല എന്തെങ്കിലുമുണ്ടെങ്കിൽ എന്റെ തലയിലിരിക്കും എന്നെനിക്ക് ഉറപ്പാണ്" എന്നായിരുന്നു അഖിൽ പറഞ്ഞത്. അഖിൽ ഇത് പറയുന്ന വീഡിയോയുടെ കൂടെ ശ്രീഹരിയുടെ ഫോട്ടോകൾ കൂടി ചേർത്ത് വീണ ജോർജ് നിയമസഭയിൽ പറഞ്ഞ " ഈ കപ്പൽ ആടിയുലയുകയില്ല സാർ, ഇതിനൊരു കപ്പിത്താനുണ്ട്" എന്ന വാചകവും ചേർത്തുള്ള വീഡിയോ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.

Find Out More:

Related Articles: