കപിൽദേവും രജനികാന്തും ഒന്നിച്ചൊരു 'ലാൽ സലാം'!

Divya John
 കപിൽദേവും രജനികാന്തും ഒന്നിച്ചൊരു 'ലാൽ സലാം'! ഇന്ത്യയ്ക്ക് ആദ്യമായി ക്രിക്കറ്റ് വേൾഡ് കപ്പ് സമ്മാനിച്ച ഇതിഹാസ ക്രിക്കറ്റ് പ്ലെയ‍ർ കപിൽ ദേവും ഇന്ത്യൻ സിനിമ ലോകത്തെ തലൈവർ രജനീകാന്തും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. രണ്ട് മേഖലയിലുള്ള പ്രതിഭകൾ ഒന്നിക്കുന്നത് എന്തിനെന്നുള്ള അന്വേഷണത്തിലായിരുന്നു ആരാധകരും. രണ്ടു മേഖലയിലെ ജീവിച്ചിരിക്കുന്ന രണ്ട് ഇതിഹാസങ്ങൾ. അവ‍ ഇരുവരും ആദ്യമായി ഒന്നിക്കുമ്പോൾ സംഭവിക്കുന്നത് മറ്റൊരു മാജിക്കായിരിക്കും. ഐശ്വര്യ രജനികാന്ത് ഒരു ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലെ യുവതാരങ്ങളെ കേന്ദ്രകഥാപാത്രമാക്കിയാണ് ഒരുക്കുന്നത്. ഇതിൽ നി‍ർണായക കഥപാത്രമായി രജനികാന്ത് എത്തുന്നുണ്ട്. ചിത്രത്തിൽ ഒരു അതിഥി വേഷത്തിൽ കപിൽ ദേവും എത്തുന്നതായാണ് പുതിയ റിപ്പോർട്. രജനീകാന്തിൻ്റെ മകൾ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ലാൽസലാം.



 മുംബൈയിൽ ചിത്രീകരണം നടക്കുന്ന ലാൽ സലാമിൻ്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ എടുത്ത ചിത്രമാണ് സൂപ്പർതാരം രജനികാന്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.  കപിൽ ദേവിനൊപ്പമുള്ള ചിത്രം തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചുകൊണ്ട് രജനികാന്ത് ഇപ്രകാരം കുറിച്ചത്, "ഇന്ത്യക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസവും ഏറ്റവും ആദരണീയനുമായ കപിൽദേവ്ജിക്കൊപ്പം പ്രവർത്തിക്കുന്നത് തീർച്ചയായും എനിക്ക് ലഭിക്കുന്ന ഒരു ബഹുമതിയാണ്". ആദ്യമായി കപിൽ ദേവും രജനികാന്തും ഒന്നിച്ച് വെള്ളിത്തിരയിലേക്കെത്തുകയാണ്. ക്രിക്കറ്റിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് ലാൽസലാം. ക്രിക്കറ്റിനോടുള്ള രജനികാന്തിൻ്റെ സ്നേഹം സിനിമാ ലോകത്തിനും ഏറെ പരിചിതമാണ്. അതിനു പിന്നാലെയാണ് ഇപ്പോൾ ക്രിക്കറ്റ് കഥ പറയുന്ന ചിത്രത്തിൽ ക്രിക്കറ്റ് ഇതിഹാസത്തിനൊപ്പം അഭിനയിക്കുന്നത്.



ദിവസങ്ങൾക്കു മുമ്പ് മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ വരുൺ ചക്രവർത്തിയും വെങ്കിടേഷ് അയ്യരും രജനിയെ സന്ദർശിച്ചിരുന്നു. ദിവസങ്ങൾക്കു മുമ്പ് ലാൽ സലാമിലെ രജനികാന്തിൻ്റെ കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്തുവിട്ടിരുന്നു. മെയ്തീൻ ഭായ് എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. ആദ്യമായാണ് ഐശ്വര്യ രജനികാന്തിൻ്റെ ചിത്രത്തിൽ രജനികാന്ത് അഭിനയിക്കുന്നത്. നേരത്തെ സഹോദരി സൌന്ദര്യ രജനികാന്തിൻ്റെ കൊച്ചടൈയാനിൽ രജനികാന്ത് നായകനായിരുന്നു. ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽ സലാമിൽ യുവതാരങ്ങളായ വിഷ്ണു വിശാലും വിക്രാന്തുമാണ് നായകന്മാർ. ക്രിക്കറ്റിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുഭാസ്കരനാണ് ചിത്രം നിർമിക്കുന്നത്. 



എ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിനു വിഷ്ണു രംഗസാമിയാണ് ഛായാഗ്രഹണം. രജനികാന്തിൻ്റെ ജയിലാറാണ് ഇനി തിയറ്ററിലെത്തുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലറിൽ മലയാളത്തിൽ നിന്നും മോഹൻലാലും നിർണായക കഥാപാത്രമായി എത്തുന്നുണ്ട്. രജനികാന്തിൻ്റെ വേറിട്ട ലുക്കും കഥാപാത്രവുമായിരിക്കും ചിത്രത്തിലെന്നാണ് വിലയിരുത്തപ്പെടുന്നത്. വലിയ താരനിര അണിനിരക്കുന്ന ചിത്രം ഈ വർഷം തിയറ്ററിലെത്തും. ഇതിനു ശേഷം ഹിറ്റ് മേക്കർ ലോകേഷ് കനകരാജ്, ജയ് ഭീം ഫെയിം ടി.ജെ. ജ്ഞാനവേൽ എന്നിവരോടൊപ്പമുള്ള സിനിമയും വൈകാതെയുണ്ടാകുമെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ.

Find Out More:

Related Articles: