ആര്യൻ ഖാന് എങ്ങനെ കുറുക്കു വീണു?

Divya John
 ആര്യൻ ഖാന് എങ്ങനെ കുറുക്കു വീണു? ബോളിവുഡ് ബാദ്ഷയായ ഷാരുഖ് ഖാന്റെ മൂത്തപുത്രൻ ആണ് ആര്യൻ ഖാൻ. പിറന്നു വിഴുമ്പോൾ തന്നെ സെലിബ്രിറ്റി പട്ടം കിട്ടുന്നവരാണ് ബോളിവുഡ് താരങ്ങളുടെ മക്കൾ.  എന്നാൽ പിതാവിന്റെ താരപദവി ഉപയോഗിച്ചുള്ള ആഡംബര ജീവിതമോ കാറുകളുടെ ശേഖരമോ ഈ പുത്രന്റെ പേരിൽ കേട്ടിരുന്നില്ല. പൊതുവേ ഉൾവലിഞ്ഞ്, വെള്ളിവെളിച്ചത്തിൽ നിന്ന് അകന്നായിരുന്നു ജീവിതവും. താരപുത്രൻമാരുടെ ഗോസിപ്പ്, ലൈഫ് സ്റ്റൈൽ കൗതുകങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ചില വാർത്താതലങ്ങളുണ്ട്. അതിലൊന്നാണ് പേരിന്റെയോ മതത്തിന്റെയോ ഇന്നയാളുടെ കുട്ടിയായതിന്റെയോ പേരിൽ മാത്രം വേട്ടയാടപ്പെടുക എന്നത്. ബോളിവുഡിലെ പ്രശസ്ത ഖാൻ ത്രയങ്ങളിലൊരാളായ ഷാരുഖ് ഖാന്റെ മകനെന്ന ഖ്യാതി ആര്യൻഖാൻ എന്ന മകന് സമ്മാനിച്ചത് അത്തരത്തിലൊരു ഇരയാക്കപ്പെടലാണ്.



ഇടയ്ക്ക് സ്വന്തം കഴിവുകളിൽ ഉത്തമബോധ്യമുള്ളവനും പിതാവിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹമില്ലാത്തവനുമാണെന്നും അദ്ദേഹം തെളിയിച്ചു. 2010ൽ തായ്ക്വോണ്ടോ ഇനത്തിൽ മഹാരാഷ്ട്രയുടെ സ്വർണ ജേതാവായിട്ടായിരുന്നു അത്. ഇടയ്ക്ക് സിനിമയിലെ അണിയറക്കാരനാവാനുള്ള താൽപര്യവും വാർത്തയായി വന്നു. ഇരയാക്കപ്പെട്ടു എന്നു തന്നെയാണ് പറയേണ്ടതെന്നതിനുള്ള സൂചനകളാണ് സിനിമാലോകത്തെ ഞെട്ടിച്ച ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിന്റെ പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേസിൽ ആര്യനെ അറസ്റ്റ് ചെയ്ത സമീർ വാങ്കഡെയാണ് ഇപ്പോൾ പ്രതിസ്ഥാനത്ത് എത്തിയിരിക്കുന്നത്. മികച്ച സേവനത്തിനുള്ള മെഡൽ നേടിയ ഐആർഎസ് ഉദ്യോഗസ്ഥനായ സമീർ വാങ്കഡെയാണ് 2021 ഒക്ടോബറിൽ ആര്യൻഖാനെ അറസ്റ്റ് ചെയ്യുന്നത്. 1985 ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം ആര്യനടക്കം ആറുപേരാണ് അഴിക്കുള്ളിലായത്. പിന്നീട് 2022 മെയ് 28ന് തെളിവില്ലാത്തത് ചൂണ്ടികാട്ടി ആര്യനെ വെറുതെ വിട്ടു.




2021ലെ സംഭവവുമായി ബന്ധപ്പെട്ട് അവസാന നിമിഷങ്ങളിലാണ് ആര്യൻഖാന്റെ പേര് എഴുതിച്ചേർത്തതെന്നും വാങ്കഡെയുടെ വിദേശയാത്രകൾ സംശായാസ്പദമാണെന്നും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കേസിൽ ആര്യന്റെ പേര് പരാമർശിക്കപ്പെട്ട നാൾ മുതൽ ബ്രേക്കിങ്ങ് ന്യൂസായും ട്രോളുകളായും പിതാവിന്റെ പ്രശസ്തിയുടെ പേരിൽ ആ മകനെ പിച്ചിചീന്തുന്ന കാഴ്ചയാണ് കണ്ടത്. അതിന് കാരണമെന്താണ്? ഷാരുഖാന്റെ മകനായതാണോ അതിനു പിന്നിലുള്ള കാരണം? ഇസ്ലാമോഫോബിയക്കൊപ്പം ബോളിവുഡിലെ ഖാൻമാർക്കെതിരേയും നിരവധി ആക്ഷേപങ്ങളും ബഹിഷ്‌കരണങ്ങളും പ്രതിഷേധങ്ങളും രാജ്യത്തുണ്ടായ സമയത്ത് തന്നെയാണ് ആര്യനും കുടുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്. കരീന കപൂറിന്റെ നാല് വയസ്സിൽ താഴെ പ്രായമുള്ള മകൻ തൈമൂറിന്റെ പേരുവരെ ഇസ്ലാമോഫോബിയക്കാരുടെ ഇരയാക്കപ്പെട്ടതും ഇക്കാലയളവിൽ തന്നെയാണെന്ന് വിസ്മരിച്ചുകൂടാ.



ആര്യൻ ഖാന്റെ കേസുണ്ടായതിന് പിന്നാലെ എൻസിപി മന്ത്രി നവാബ് മാലിക് ഒരു പരസ്യപ്രസ്താവന നടത്തിയിരുന്നു. അത് ഇങ്ങനെയാണ്: "ബിജെപിയുടെ കളിപാവയാണ് വാങ്കഡെ, മഹാരാഷ്ട്രയിൽ ചെറിയ മയക്കുമരുന്ന് കേസ് പോലും വലിയ സംഭവമാക്കുന്ന വാങ്കഡെയുടെ എൻസിബി, ഗുജറാത്തിലെ അദാനി തുറമുഖത്ത് നടന്ന 21000 കോടിയുടെ മയക്കുമരുന്ന് കേസിൽ തുടരന്വേഷണം പോലുള്ളവയിൽ മന്ദത കാണിക്കുകയാണ്." 'ആര്യൻ 23 വയസ്സുള്ള വ്യക്തിയാണ്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയല്ല. നിങ്ങൾക്ക് ആര്യനുമായി പ്രശ്‌നമുണ്ടെങ്കിൽ അവനുമായാണ് ആ പ്രശ്‌നം. നിങ്ങൾക്ക് അവന്റെ പിതാവുമായി പ്രശ്‌നമുണ്ടെങ്കിൽ, അത് പിതാവുമായി തീർക്കണം. ഈ കേസുണ്ടായപ്പോൾ മുതൽ എന്തുകൊണ്ടാണ് ആളുകൾ ആര്യന്റെ പിതാവിനെക്കുറിച്ച് മാത്രം സംസാരിക്കുന്നത്? 



കേസിൽ ഡസൻ കണക്കിന് അറസ്റ്റുകൾ ഉണ്ടായിട്ടുണ്ട്, എന്നാൽ ആര്യന്റെ അച്ഛൻ മാത്രം വാർത്തകളിൽ ഇടം നേടുന്നത് എന്തുകൊണ്ട്?" പരസ്യ മേഖലയിലെ അതികായകരിലൊരാളായ പ്രഹ്ലാദ് കാക്കർ ഉന്നയിച്ച ചോദ്യങ്ങളാണിവ. ബോളിവുഡിൽ ആയിരക്കണക്കിന് ആളുകളുടെ അന്നദാതാവായിരുന്നിട്ടും രാഷ്ട്രീയത്തിന്റെയും ഇസ്ലാമാഫോബിയയുടെയും പേരിൽ ഷാരുഖിന്റെ മകൻ ഒറ്റപ്പെട്ടുവെന്ന് പ്രഹ്ലാദ് കാക്കർ ചൂണ്ടിക്കാട്ടി. നിയമത്തിന്റെ മുന്നിലുള്ള വിഷയമെന്ന കാരണം നിരത്തി താരരാജാക്കൻമാർ മൗനവ്രതം പൂണ്ടതും ഓർമിക്കേണ്ടതാണ്. സിനിമാ മേഖല ആ കുട്ടിയ്ക്കായി ഒരിക്കലും സംസാരിക്കില്ല. അവർ വളരെ സ്വാർത്ഥരാണ്. അവർ സ്വയം സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്. കോൺഗ്രസുമായുള്ള ഷാരൂഖിന്റെ ബന്ധമാണ് പ്രശ്‌നങ്ങൾക്കിടയാക്കിയത് എന്നോ, ഇത് കേന്ദ്രസർക്കാരിന്റെ അജണ്ടയാണോയെന്ന് അവർക്കറിയാഞ്ഞിട്ടില്ല. എന്നാൽ അവർ എല്ലാവരും ഇന്ന് ആ സർക്കാരിനെ പിന്തുടരാൻ ആഗ്രഹിക്കുന്നു, മാധ്യമങ്ങൾ പോലും സർക്കാരിനെതിരെ ഒന്നും എഴുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആര്യന് പകരം കങ്കണയായിരുന്നെങ്കിൽ മാധ്യമങ്ങൾ പ്രതികരിച്ചേനെ എന്നും അദ്ദേഹം പറയുന്നു.

Find Out More:

Related Articles: