വേദനിച്ച് മരിച്ചെന്നൊക്കെ കേട്ടപ്പോൾ സങ്കടമായി! ഇന്നസെന്റിനെക്കുറിച്ച് ഷീല! മുൻനിര താരങ്ങൾക്കും സംവിധായകർക്കുമൊപ്പമെല്ലാം പ്രവർത്തിച്ച താരമാണ് നടി ഷീല. സത്യൻ അന്തിക്കാടാണ് സ്നേഹത്തോടെ നിർബന്ധിച്ച് മനസിനക്കരെയിലൂടെ സിനിമയിൽ തിരിച്ചെത്തിയത്. ഇപ്പോൾ കിട്ടുന്നതെല്ലാം അമ്മ, അമ്മൂമ്മ വേഷങ്ങളാണ്. വർഷത്തിൽ ഒരു സിനിമ മതി എന്നാണ് തീരുമാനിച്ചതെങ്കിലും രണ്ടും മൂന്നും സിനിമകളിലൊക്കെ ഇപ്പോൾ അഭിനയിക്കുന്നുണ്ടെന്നുമായിരുന്നു ഷീല പറഞ്ഞത്. ഇന്നസെന്റിനെക്കുറിച്ചും സുകുമാരിയെക്കുറിച്ചും അവർ സംസാരിച്ചിരുന്നു. ബിഹൈൻഡ് വുഡ്സ് അഭിമുഖത്തിലായിരുന്നു അവർ മനസ് തുറന്നത്. സുകുമാരിയെപ്പോലൊരു നടി ഇന്ത്യയിൽ ഇനിയുണ്ടാവില്ല. ഏത് ക്യാരക്ടർ കൊടുത്താലും അതിനോട് ഇണങ്ങിയിരിക്കും. ബോയിംഗ് ബോയിംഗിൽ മോഡേണായിട്ടുള്ളൊരു ലേഡിയായിരുന്നു.
പാവപ്പെട്ട അമ്മയായും അവർ അഭിനയിച്ചു. കഥാപാത്രത്തിനോട് അങ്ങേയറ്റം ആത്മാർത്ഥതയാണ്. ക്യാരക്ടറിനുള്ള ഡ്രസുകളൊക്കെ അവര് തന്നെ സെറ്റാക്കും. സുകുമാരിയെക്കുറിച്ച് ഓർക്കുമ്പോഴാണ് എനിക്ക് ഭയങ്കര സങ്കടം വരുന്നത്. ഇന്നസെന്റിനൊപ്പം നാലഞ്ച് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആ ചിരിച്ച മുഖം കാണുമ്പോൾ അങ്ങേര് വേദനിച്ച് മരിച്ചെന്ന് ഓർക്കാനാവുന്നില്ല. ഭയങ്കര സങ്കടമാണ്. ഞാൻ തിരിച്ച് വന്നപ്പോഴാണല്ലോ മനസിനക്കരെയിൽ അഭിനയിച്ചത്. എനിക്ക് എല്ലാം പുതുമയുള്ള കാര്യമായിരുന്നു. എനിക്ക് വേണ്ട സത്യാ, ഞാൻ അഭിനയിക്കുന്നില്ലെന്നൊക്കെ പറഞ്ഞിരുന്നു. അവിടെ വന്നാൽ എല്ലാവരും ഫ്രണ്ട്ലിയായിരിക്കും, വാ എന്ന് പറഞ്ഞ് സത്യൻ നിർബന്ധിച്ചിരുന്നു.
ഇന്നസെന്റിനോടും സിദ്ദിഖിനോടും ജയറാമിനോടുമൊക്കെ ഷീലാമ്മയോട് കഥകളൊക്കെ പറഞ്ഞ് ഹാപ്പിയാക്കി കൂട്ടണമെന്ന് സത്യൻ പറഞ്ഞിരുന്നു. ഇവരെപ്പോഴും എന്റെ അടുത്ത് വന്ന് കഥകളൊക്കെ പറയും. ഷൂട്ട് കഴിഞ്ഞ് പോയാലും ചിരിച്ച് പെട്ടെന്ന് തന്നെ സെറ്റിലേക്ക് പോവാൻ തോന്നും. ഇന്നസെന്റായിരുന്നു കൂടുതലും തമാശകൾ പറഞ്ഞത്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമൊക്കെയായിരുന്നു സംസാരിച്ചിരുന്നത്. ഭാര്യയെക്കുറിച്ച് പറഞ്ഞ് ഒരുപാട് വാചാലനാവാറുണ്ട്.
ഭാര്യയെ പറ്റി ഇത്രത്തോളം പറയുന്ന ഒരു നടനെ ഞാൻ കണ്ടിട്ടില്ല. 13ാം വയസിൽ ഞാൻ അഭിനയിക്കാൻ വന്നതാണ്. ഫുൾ ടൈം ക്യാമറയ്ക്ക് മുന്നിലാണ്. രാവിലെ മുതൽ ഉച്ചവരെ ഒരു സിനിമ. വൈകിട്ട് വേറൊരു സിനിമ. ഏതൊക്കെ സിനിമയാണെന്ന് പോലും ചില സമയത്ത് അറിയില്ല. അത്രയും ഓട്ടമായിരിക്കും. ഇപ്പോൾ നമ്മൾ 20 ദിവസം ഒരു ക്യാരക്ടറാണ്. പോവുക, അഭിനയിക്കുക എന്നായിരുന്നു അന്നത്തെ രീതി. എന്തോ ഭാഗ്യം കൊണ്ട് നല്ല പേര് കിട്ടി.സിനിമയിൽ നിന്നും മാറി നിന്ന സമയത്ത് ഞാൻ ജീവിതം ആസ്വദിക്കുകയായിരുന്നു.