വാലിബനും റാമും എമ്പുരാനും ചിത്രീകരണത്തിനായി അതിർത്തികൾക്ക് അപ്പുറത്തേക്ക്!

Divya John
 വാലിബനും റാമും എമ്പുരാനും ചിത്രീകരണത്തിനായി അതിർത്തികൾക്ക് അപ്പുറത്തേക്ക്! ബോക്സോഫീസ് പരാജയങ്ങളുടെയും സിനിമകളുടെ തെരഞ്ഞെടുപ്പിൻ്റെയും പേരിൽ വലിയ വിമർശനമാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി മോഹൻലാൽ നേരിട്ടുകൊണ്ടിരിക്കുന്നത്. ഏറെ പ്രശംസ നേടിയ ദൃശ്യം രണ്ടാം ഭാഗവും ത്രില്ലർ കഥ പറഞ്ഞ് കയ്യടി നേടിയ ട്വൽത്ത് മാനും ഒടിടി പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്തിരുന്നത്. 2019 ലാണ് മോഹൻലാലിൻ്റേതായി തിയറ്ററിൽ ബോക്സോഫീസ് വിജയം നേടിയ ചിത്രങ്ങൾ അവസാനം എത്തിയത്. ലൂസിഫറിൻ്റെ വലിയ വിജയത്തിനു ശേഷം ഇട്ടിമാണിയും ബോക്സോഫീസിൽ സാമ്പത്തിക നേട്ടം കൈവരിച്ചിരുന്നു. പിന്നീട് ബിഗ് ബ്രദർ, മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം, ആറാട്ട്, മോൺസ്റ്റർ, എലോൺ എന്നിവ തിയറ്ററിൽ അമ്പേ പരാജയമേറ്റു വാങ്ങിയ ചിത്രങ്ങളായിരുന്നു. അതുകൊണ്ടു തന്നെ ട്രാക്ക് മാറ്റി തിരിച്ചുവരവിനുള്ള പാതയിലാണ് മോഹൻലാൽ ഇപ്പോൾ.



 മോഹൻലാലിൻ്റെ സിനിമകൾ വലിയ തിരിച്ചുവരവിനൊരുങ്ങുന്ന കാലമാണ് ഇപ്പോൾ.വെള്ളിത്തിരയിൽ ലാൽ മാജിക് സൃഷ്ടിക്കുന്നതിന് സിനിമകളുടെ തെരഞ്ഞെടുപ്പിൽ അതീവ ജാഗ്രതയാണ് മോഹൻലാൽ പുലർത്തുന്നത്. അതുകൊണ്ടു തന്നെ ഇനി മോഹൻലാലിൻ്റെതായി എത്തുന്ന സിനിമകൾ വലിയ കാൻവാസിലാണ് ഒരുക്കുന്നത്. ഇപ്പോൾ കരാറായിരിക്കുന്നതും ഷൂട്ടിംഗിന് ഭാഗമായിരിക്കുന്ന സിനിമകളൊക്കെ തന്നെ കേരളത്തിനു പുറത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്. കേരളത്തിൽ ഒരു ചിത്രീകരണത്തിൽ ഇനി മോഹൻലാലിനെ കാണാൻ പ്രേക്ഷകർ ഏറെ കാത്തിരിക്കണമെന്നു സാരം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായാണ് ചിത്രീകരണം നടക്കുന്നത്. മൂന്നു ചിത്രങ്ങളും മലയാള സിനിമയുടെ ചരിത്രത്തിൽ വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രങ്ങളാണ്. മലയാള സിനിമ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മലൈക്കോട്ടൈ വാലിബനും ചിത്രീകരണം പുനരാരംഭിക്കുന്ന റാമും വമ്പൻ ഹൈപ്പിൽ ഒരുങ്ങുന്ന എമ്പുരാനുമെല്ലാം ചിത്രീകരണം നടക്കുന്നത് കേരളത്തിന് വെളിയിലാണ്.




മോഹൻലാലിൻ്റെ ഇതുവരെ കാണാത്ത ലുക്കിലുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ ലിജോ അവതരിപ്പിക്കുന്നത്. വമ്പൻ സെറ്റുകളൊരുക്കി പഴയ കാലഘട്ടത്തിലെ കഥയാണ് ചിത്രം പറയുന്നത്. കഥാപാത്രത്തിനായി ബോഡി ഫിറ്റ്നസിലും മോഹൻലാൽ വളരെ പ്രധാന്യം കൊടുക്കുന്നുണ്ട്. ഗുസ്തി പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ ചെമ്പോത്ത് സൈമൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നതെന്നും ഗുസ്തി ചാമ്പ്യനായ ദി ഗ്രേറ്റ് ഗാമയായി മോഹൻലാൽ എത്തുന്നുവെന്നും അഭ്യൂഹം പരന്നിരുന്നു. ബ്രിട്ടീഷ് ഇന്ത്യ കാലഘട്ടത്തെ കഥയാണ് പറയുന്നതെന്നും പ്രചരിക്കുന്നുണ്ട്. ലിജോ ജോസ് പെല്ലിശേരി ആദ്യമായി മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന മലൈക്കോട്ടൈ വാലിബൻ്റെ ചിത്രീകരണം ഇപ്പോൾ രാജസ്ഥാൻ്റെ വിവിധ ഭാഗങ്ങളിലായാണ് നടക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ വലിയ താരനിര അണിനിരക്കുന്ന ചിത്രം പൊഖ്റാൻ, ജയ്‌സാൽമീർ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലർ ചിത്രം റാമിൻ്റെ അവസാന ഘട്ട‌ ചിത്രീകരണം ട്യുണീഷ്യയിലാണ്. 



ഒരു മാസത്തെ ചിത്രീകരണത്തോടെ റാം പൂർത്തിയാകും. ചിത്രീകരണത്തിൻ്റെ ഭാഗമായി റാമിൻ്റെ പ്രൊഡക്ഷൻ സംഘം ടുണിഷ്യയിൽ എത്തിയിട്ടുണ്ട്. മോഹൻലാലിൻ്റെ ഓണം റിലീസായി എത്തുന്ന ചിത്രമാണ് റാം. നേരത്തെ ആഫ്രിക്കയിലെ തന്നെ മൊറോക്കയിൽ റാമിൻ്റെ മൂന്നാം ഷെഡ്യൂൾ പൂർത്തിയാക്കിയിരുന്നു. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന റാമിൽ തെന്നിന്ത്യൻ താരം തൃഷയാണ് നായികയാകുന്നത്. ഇന്ദ്രജിത്ത്, പ്രിയങ്ക നായർ, സംയുക്ത മേനോൻ, ചന്ദുനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ആൻ്റണി പെരുമ്പാവൂർ നിർ‌മിക്കുന്ന ചിത്രം ഹോളിവുഡ് സ്റ്റൈലിലാണ് ജീത്തു ജോസഫ് ഒരുക്കുന്നത്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ ചിത്രങ്ങൾക്കുശേഷം മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം വലിയ പ്രതീക്ഷയാണ് നൽകുന്നത്. പൂർണമായും വിദേശത്ത് ചിത്രീകരിച്ച ചിത്രം രണ്ടു ഭാഗമായി തിയറ്ററിലെത്തുമെന്നും സൂചനയുണ്ട്. മലൈക്കോട്ടൈ വാലിബനു ശേഷം മോഹൻലാൽ ഏപ്രിൽ ആദ്യം ആഫ്രിക്കയിലെ ട്യുണീഷ്യയിലേക്ക് പോകും.

Find Out More:

Related Articles: